പത്തനാപുരം: പട്ടാഴി ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്ക് തടസ്സമായി ക്ഷേത്രത്തിന് സമീപം സ്ഥാപിക്കുന്ന പെട്രോള്‍ പമ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പമ്പ് ഉടമയ്ക്ക് ഒത്താശ ചെയ്യുന്ന പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ്കുമാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പന്തപ്ലാവ് ജംഗ്ഷനില്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എംഎല്‍എയുടെ വാഹനം വഴിയില്‍ തടഞ്ഞു.
കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുഭാഷ് പട്ടാഴി, യുവമോര്‍ച്ച പട്ടാഴി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജേഷ്കുമാര്, യുവമോര്‍ച്ച മണ്ഡലം ട്രഷര്‍ അഭിലാഷ് ശ്രീശൈലം, തുളസീധരന്‍ പിള്ള എന്നിവരെ കുന്നിക്കോട് പോലീസ് അറസ്റ്റു ചെയ്തു.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമ്പൂര്‍ണ ലോക്ഡൗണ്‍ ദിനത്തില്‍ അങ്കണവാടി ഉദ്ഘാടനം നടത്തിയ എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മണ്ഡലം പ്രസിഡന്റ് മഞ്ചള്ളൂര്‍ സതീഷ് പോലീസില്‍ പരാതി നല്കി. പെട്രോള്‍പമ്പ് നാടിന് ആവശ്യമാണെന്നും പക്ഷെ പട്ടാഴി ക്ഷേത്രത്തിന്റെ ആചാരങ്ങളെ ലംഘിച്ചുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സുഭാഷ് പട്ടാഴി പറഞ്ഞു.
തൃശൂര്‍ പൂരത്തിനായി അവിടുത്തെ ജനപ്രതിനിധികള്‍ കാട്ടിയ മാതൃക കണ്ടു പഠിക്കാന്‍ എംഎല്‍എ തയ്യാറാകണം. പട്ടാഴിയുടെ ജാതി മത ഭേദമന്യേയുള്ള സാംസ്ക്കാരിക കേന്ദ്രമായ ക്ഷേത്രത്തിന്റെ ആചാരനുഷ്ഠാനങ്ങള്‍ക്കു തടസം സൃഷ്ടിക്കുന്ന കേരള കോണ്‍ഗ്രസിന്റെ വഞ്ചനയില്‍ സിപിഎമ്മും, കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണമെന്നും സുഭാഷ് പട്ടാഴി ആവശ്യപ്പെട്ടു. ബിജെപി പട്ടാഴി ഗ്രാമപഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എ.ആര്. അരുണ്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഗിരീഷ് ഇളമ്പല്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബൈജു തോട്ടശ്ശേരി, രതീഷ് കോളൂര് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: