ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ വിദേശകോര്‍പറേറ്റുകളുടെ നികുതി എഴുതിത്തള്ളുന്ന ബില്‍ പാസാക്കിയ മോദി സര്‍ക്കാര്‍ ഐതിഹാസിക തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. പ്രണബ്കുമാര്‍ മുഖര്‍ജി കോണ്‍ഗ്രസിന്റെ ധനമന്ത്രിയായിരിക്കുമ്പോള്‍ 2012-13 ലാണ് വിദേശ കോര്‍പറേറ്റുകളുടെ നിക്ഷേപത്തിന് മുന്‍കാലപ്രാബല്യത്തോടെ നികുതി ചുമത്തുന്ന തീരുമാനം കൊണ്ടുവന്നത്. വിദേശ കോര്‍പറേറ്റുകള്‍ക്ക് ചങ്കിലെ മുള്ളായി മാറിയ ഈ നികുതിയാണ് ഇപ്പോള്‍ നിര്‍മ്മല സീതാരാമന് കൊണ്ടുവന്ന പുതിയ ബില്ലിലൂടെ മോദി സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്.
ഈ നീക്കത്തിന് രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും വന്‍ പിന്തുണയാണ് കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നത്. പുതിയ നികുതി നിയമ ഭേദഗതിബില്‍ രാജ്യസഭയിലും പാസാവുന്നതോടെ 2012ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍കാലപ്രാബല്യത്തോടെ നികുതി ചുമത്തപ്പെട്ട കെയ്ന്‍ എനര്‍ജിയും വൊഡാഫോണും ഉള്‍പ്പെടെയുള്ള 15 ബഹുരാഷ്ട്രകമ്പനികള്‍ക്ക് ആശ്വാസവാവും. ഇത് ഭാവിയില്‍ ഇന്ത്യയിലേക്ക് വിദേശനിക്ഷേപം ഒഴുകുന്നതിനും കാരണമാവും.
2007-ലാണ് വോഡഫോണ്‍ കമ്പനി ഇന്ത്യയിലേക്ക് കടന്നുവരുന്നത്. ഹച്ചിസണ്‍ കമ്പനിയുടെ 67 ശതമാനം ഓഹരി 1100 കോടി ഡോളറിന് വാങ്ങിയാണ് വോഡഫോണിന്റെ ഇന്ത്യയിലേക്കുള്ള രംഗപ്രവേശം. എന്നാല്‍ ഈ നിക്ഷേപത്തിന്റെ പേരില്‍ മുന്‍കാലപ്രാബല്യത്തോടെ ആദായകനികുതി ഈടാക്കാന്‍ 2012ല്‍ അന്നത്തെ കോണ്‍ഗ്രസ് ധനമന്ത്രിയായിരുന്നു പ്രണബ് മുഖര്‍ജി തീരുമാനിച്ചു. ഏകദേശം 7990 കോടിയാണ് വോഡഫോണിന് നികുതി ചുമത്തിയത്. വോഡഫോണ്‍ ഇതിനെ ശക്തമായി എതിര്‍ത്തു. അതുപോലെ ഫ്രാന്‍സിലെ കെയ്ന്‍ എനര്‍ജി അവരുടെ ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതിന്റെ പേരില്‍ 10247 കോടി രൂപ ആദായനികുതി ഇനത്തില്‍ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പുതിയ ബില്‍ പാസാകുന്നതോടെ വോഡഫോണും കെയ്ന്‍ എനര്‍ജിയും കേന്ദ്രസര്‍ക്കാരിന് ഈ തുക നല്‍കേണ്ടിവരില്ല. 2012ലെ നിയമം കാര്യക്ഷമതിയില്ലാത്തതും നിക്ഷേപകരുടെ വികാരം മാനിക്കാത്തതുമാണെന്ന് ബില്ലവതരിപ്പിച്ച ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞു. വിദേശ കോര്‍പറേറ്റുകളുടെ നിക്ഷേപങ്ങള്‍ക്ക് മുന്‍കാലപ്രാബല്യത്തോടെ നികുതി ചുമത്താനുള്ള തീരുമാനം മൂലം വൊഡഫോണ്‍ ഐഡിയ തകര്‍ച്ചയുടെ വക്കിലെത്തിയ സാഹചര്യത്തിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന് തിരക്കിട്ട് ബില്‍ അവതരിപ്പിച്ചത്. ഇതോടെ ഇന്ത്യന്‍ കമ്പനികളോ ഇന്ത്യയിലെ ബിസിനസ് സ്ഥാപനങ്ങളോ ഏറ്റെടുക്കുന്നത് വഴി വിദേശ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഉണ്ടായ മൂലധന ആദായത്തിന് നല്‍കേണ്ട നികുതി ഒഴിവാക്കാനാണ് പുതിയ ബില്‍.
ഇതുകൂടാതെ മറ്റ് വിദേശ കോര്‍പറേറ്റ് കമ്പനികളുമായി 15 കേസുകള്‍ കൂടിയുണ്ട്. ഇതും എഴുതിത്തള്ളും. ‘എട്ടുവര്‍ഷമായി നമ്മെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്ന നികുതിപ്രശ്നത്തില്‍ നിന്നാണ് ആശ്വാസമാകുന്നത്,’ ചിദംബരം പറഞ്ഞു. അതേ സമയം മോദി സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ കോണ്‍ഗ്രസിലെ ഭിന്നാഭിപ്രായങ്ങള്‍ പുറത്തുവരികയും ചെയ്തു. തീരുമാനത്തെ ചിദംബരം അനുകൂലിച്ചപ്പോള്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളായ ആദിര്‍ രഞ്ജന്‍ കുമാര്‍ ചൗധരിയും മനീഷ് തിവാരിയും വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: