കൊച്ചി : ജനങ്ങളില്‍ അവബോധം ഉണ്ടാക്കിയെടുക്കാന്‍ രാഷ്‌ട്രീയ കക്ഷികള്‍ക്ക് സാധിക്കണമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. രാജനൈതികതയുടെ ഏറ്റവും അവിഭാജ്യമായ ഘടകമാണ് കക്ഷിരാഷ്‌ട്രീയം. എന്താണ് ശരി, തെറ്റ് എന്താണെന്ന് ചിന്തിക്കാന്‍ പൗരന് സാധിക്കുമ്പോഴാണ് ജനാധിപത്യം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥ തലങ്ങളില്‍ വിജയിക്കുന്നത്.. ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍ പി നാരായണന്‍ രചിച്ച ‘ ദേശീയതയുടെ രാഷ്‌ട്രീയം കേരളത്തില്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം
രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ വിധികര്‍ത്താക്കളായ ജനങ്ങളെ ബോധ വത്കരിക്കണമെന്ന് രാജ്യം ജനാധിപത്യ സംവിധാനത്തിലേക്ക് എത്തുന്നവേളയില്‍ ജവഹര്‍ലാല്‍ നെഹ്‌റു പറയുകയുണ്ടായി. ഇന്ന് എത്ര രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ ജനങ്ങളില്‍ അവബോധം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.
ജനങ്ങളാണ് രാഷ്‌ട്രത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നത്. സമൂഹത്തില്‍ മാറ്റം ഉണ്ടാക്കുന്നത് സര്‍ഗ്ഗ ശക്തിയുള്ള വിഭാഗമാണ്. ദേശീയതയുടെ രാഷ്‌ട്രീയം കേരളത്തില്‍ എന്നതിന് ഇന്ന് കാലിക പ്രസക്തിയുള്ളതാണ്. ദേശീയത വിവാദമാക്കുമ്പോള്‍ രാജനൈതികയുടെ രംഗത്ത് ചരിത്ര വിദ്യാര്‍ത്ഥികള്‍ അതിന്റെ കാരണം കണ്ടെത്തി ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിക്കേണ്ടത്. ഇതിന് നാരായണ്‍ജിയുടെ പുസ്തകം ഏറെ പ്രയോജനപ്പെടുന്നതാണ്. ദേശീയ രാഷ്‌ട്രീയം എങ്ങനെഎന്നത് ഒരു ചരിത്രകാരന്റെ ദൃഷ്ടിയിലൂടെ അതിന്റെ വസ്തുതകള്‍ ചികഞ്ഞാണ് നാരായണ്‍ജി നല്‍കിയിരിക്കുന്നത്.
ദേശീയത ശക്തിപ്പെട്ടുവരുന്ന ഈ നാട് മാനവരാശിയുടെ മുമ്പില്‍ ധര്‍മ്മത്തിന്റേയും സത്യത്തിന്റേയും പ്രതീകമായി ലോകം ഗുരുസ്ഥാനിയമായി നില്‍ക്കേണ്ടതായി വരണം. ആശയപരമായ ചര്‍ച്ചകളാണ് വേണ്ടത്.
നാരായണ്‍ജി, രാമന്‍പിള്ള, പരമേശ്വര്‍ജി, മാധവ്ജി എന്നിവരുടെ എഴുത്തുകള്‍ വരുമ്പോള്‍ ചര്‍ച്ചാ വിഷയമായിരുന്നു. കേളപ്പജി ഒരു മനുഷ്യായുസ്സ്മുഴുവന്‍ വ്യത്യസ്തമായ ആശയങ്ങള്‍ പരീക്ഷിച്ച വ്യക്തിയാണ്. . എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അന്തിമ നിമിഷത്തില്‍ അദ്ദേഹം എത്തിപ്പെട്ടത് ഏത് ആശയത്തിലേക്കാണ്. അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതുന്നവര്‍ അതെല്ലാം തമസ്‌കരിച്ചു. അതുകൊണ്ട് നമ്മള്‍ ആശയ പോരാട്ടം ശക്തമാക്കാന്‍ ചെറുതായെങ്കിലും ശ്രമിക്കണം. ആ ആശയ പോരാട്ടത്തില്‍ സത്യവും ധര്‍മ്മവും വിജയിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
രാഷ്‌ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കറിന് നല്‍കി ശ്രീധരന്‍ പിള്ള പുസ്തക പ്രകാശനം നിര്‍വഹിച്ചു, ‘കേരള ഹിന്ദുത്വ രാഷ്‌ട്രീയത്തെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങളില്‍ അപൂര്‍വ്വമായിട്ടുള്ളതാണ് നാരായണ്‍ജിയുടെ ഈ പുസ്തകം. കേരളം ചരിത്രം പലരില്‍ കൂടിയാണ് വീണ്ടെടുക്കുന്നത്. അപ്പോള്‍ പരിപൂര്‍ണ്ണമായി അവഗണിക്കപ്പെട്ട ഒന്നാണ് ഹിന്ദുത്വ രാഷ്‌ട്രീയം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പുസ്തകങ്ങളാണ് ഉള്ളത് ഒന്ന് നാരായണ്‍ജിയുടേതും, രണ്ടാമത്തേത് രാമന്‍ പിള്ളയുടെ ആത്മകഥയും. രണ്ടും വളരെ അമൂല്യമാണ്.’ അഡ്വ. ജയശങ്കര്‍ പറഞ്ഞു
‘ചരിത്രത്തിന് സമൂഹത്തിന്റെ പുരോഗതിയില്‍ വളരെ നിര്‍ണ്ണായകമായ സ്ഥാനമാണ്. ഇതില്‍ ചിലപ്പോള്‍ വിമര്‍ശമുണ്ടാകാം അതില്‍ പക്ഷം പിടിക്കേണ്ട കാര്യമില്ലെന്നും അധ്യക്ഷത വഹിച്ച ബിജെപി മുന്‍ പ്രസിഡന്റ് കെ. രാമന്‍പിള്ള പറഞ്ഞു
20 വര്‍ഷം മുമ്പ് ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ഇപ്പോള്‍ ജന്മഭൂമി പുന പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹിന്ദുത്വ രാഷ്‌ട്രീയം കേരളത്തില്‍ എന്നാണ് ആദ്യം പേര് നല്‍കിയിരുന്നത്. ഹിന്ദുത്വ എന്ന വാക്കിന് അസ്പൃശ്യതയുള്ള കാലഘട്ടത്തിലാണ് ഈ പേര് നല്‍കിയത്. പിന്നീട് നിരവധി പേരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോള്‍ പുസ്തകത്തിന് ദേശീതയുടെ രാഷ്‌ട്രീയം എന്ന് പേര് നല്‍കിയത്. പി നാരായണന്‍ പറഞ്ഞു
ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ സ്വാഗത പ്രസംഗം നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ ചടങ്ങില്‍ പങ്കെടുത്തു. ജന്മഭൂമി പബ്ലിക്കേഷന്‍ മാനേജര്‍ കെ.പി. വിനോദന്‍ കൃതജ്ഞത രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: