കൊല്ലം: കോര്പ്പറേഷന് പരിധിയിലെ ഡിവിഷനുകളില്‍ തെരുവ് വിളക്ക് പ്രകാശിപ്പിക്കാത്തതിനെതിരെ കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ബിജെപി പ്രതിഷേധം. യോഗ നടപടികള്‍ ആരംഭിച്ചപ്പോള്‍ തെരുവ് വിളക്ക് വിഷയത്തില്‍ അടിയന്തിര ചര്‍ച്ച വേണമെന്ന് അവശ്യപ്പെട്ട് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ജി. ഗിരീഷിന്റെ നേതൃത്വത്തില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് രംഗത്തെത്തിയത്.
മുന്‍യോഗത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് നല്കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ഗിരീഷ് പറഞ്ഞു. എല്ലാ ഡിവിഷനുകളിലും ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് ചാര്‍ട്ടുകള്‍ തയ്യാറാക്കുമെന്നും എല്ലാദിവസവും ഇതിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഇതിനായി രണ്ട് സോണുകളായി തിരിച്ച് കാരാര്‍ നല്‍കിയതായും മേയര്‍ പറഞ്ഞത് പാഴ്വാക്കായി. എന്നാല്‍ കരാര്‍ നല്‍കിയതില്‍ ഒരാള്‍പോലും വര്‍ക്ക് ഏറ്റെടുക്കാന്‍ ഇതുവരെയും തയ്യാറായിട്ടില്ല. പരിപാലത്തിന് ആവശ്യമായ ലൈറ്റുകള്‍ നല്‍കാത്തത് മൂലമാണ് ഏറ്റെടുക്കാതെ കരാറുകാരന് മടങ്ങിയത്. 24 ഡിവിഷന്റെ കരാറാണ് ഇയാള്‍ക്ക് നല്‍കിയത്. മറ്റ് ഡിവിഷനുകളിലും വിളക്കുകള്‍ കത്തുന്നില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് 15ന് മുമ്പ് പ്രശ്ന പരിഹാരം കാണുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റും പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ഉദയകുമാറും ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: