മണിരത്നത്തിന്റെ പുതിയ ചിത്രം പ്രൊജക്ട് പൊന്നിയിന്‍ സെല്വന് ഒന്നാം ഭാഗത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടതോടെ ഞെട്ടിയത് മലയാളികളാണ്. മലയാളികളുടെ പ്രിയനടന് ജയറാമാണ് പൊന്നിയിന്‍ സെല്‍വനില്‍ പ്രധാനവേഷത്തിലെത്തുന്നത്. ആരെയും അമ്പരപ്പിക്കുന്ന വ്യത്യസ്ത ലുക്കിലാണ് ജയറാം എത്തുന്നത്. തലയില്‍ കുടുമ കെട്ടി…കുറിയും പൂണൂലും ധരിച്ചുള്ള ആഴ്വാര്‍കടിയന്‍ നമ്പിയെന്ന കഥാപാത്രമായാണ് ജയറാം എത്തുന്നത്.
വിക്രം, ഐശ്വര്യ റായ്, ജയം രവി, പ്രകാശ് രാജ് തുടങ്ങിയവരുടെയൊക്കെ കഥാപാത്രങ്ങളുടെ ലുക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. ‘നന്ദിനി/ മന്ദാകിനി’ എന്ന പ്രതിനായികാ കഥാപാത്രത്തെയാണ് ഐശ്വര്യ റായ് അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചന് അവതരിപ്പിക്കേണ്ടിയിരുന്ന ‘സുന്ദര ചോഴരെ’ അവതരിപ്പിക്കുന്നത് പ്രകാശ് രാജ് ആണ്. ‘ആദിത്യ കരികാലന്’ ആയാണ് വിക്രം എത്തുന്നത്. ‘അരുള്‍മൊഴി വര്മ്മന്’ ആണ് ജയംരവിയുടെ കഥാപാത്രം. ‘വന്ദിയതേവന്‍’ ആണ് കാര്‍ത്തിയുടെ കഥാപാത്രം. വന്ദിയതേവന്റെ നായികയും ചോഴ രാജകുമാരിയുമായ ‘കുന്ദവി’ ആണ് തൃഷയുടെ കഥാപാത്രം.
‘പെരിയ പലുവേട്ടരായര്‍’ ആയാണ് ശരത്കുമാര് എത്തുന്നത്. ചിന്ന പലുവേട്ടരായര്‍ എന്നാണ് പാര്ഥിപന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആഴ്വാര്‍കടിയന്‍ നമ്പി വിദൂഷ സമാനമായ റോളാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. ബാബു ആന്റണി, ലാല്‍, റിയാസ് ഖാന്, റഹ്മാന്, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് സിനിമയിലെ മറ്റ് മലയാളി താരങ്ങള്‍.
പ്രശസ്ത എഴുത്തുകാരന് കല്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അമ്പലങ്ങളിലൊന്നായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിര്‍മ്മിച്ച രാജ രാജ ചോളന് ഒന്നാമന് അരുള്‍മൊഴി വര്‍മന്റെ കഥയാണ് പൊന്നിയിന്‍ ശെല്‍വനില്‍ പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ബജറ്റില്‍ ഒരുങ്ങുന്ന ‘പൊന്നിയിന്‍ സെല്‍വ’ന്റെ ബജറ്റ് 500 കോടിയാണ്. മണിരത്നവും എഴുത്തുകാരന് ബി ജയമോഹനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ തോട്ടാ ധരണിയാണ് സിനിമയുടെ കലാസംവിധായകന്‍. രവി വര്‍മനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. എ ആര് റഹ്മാനാണ് സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: