ടോക്യോ: ടോക്യോ ഒളിമ്പിക്സില്‍ പുരുഷ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടാനുള്ള പോരാട്ടത്തില്‍ ജര്‍മ്മനിയെ 5-4ന് തോല്പിച്ച ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും ഗോളിയുമായ ശ്രീജേഷ് ഗോള്‍പോസ്റ്റിന് മീതെ കയറിയിരുന്ന് നടത്തിയ ആഹ്ലാദപ്രകടനം വൈറലായി.
വിജയാഘോഷത്തിനിടയില്‍ ഗോള്‍പോസ്റ്റിന്റെ ഒരു മൂലയിലാണ് ശ്രീജേഷ് കയറി ഇടം പിടിച്ചത്. ‘ഗോള്‍ പോസ്റ്റും ബഹുമാനം അര്‍ഹിക്കുന്നു,’ – ഇതായിരുന്നു ശ്രീജേഷിന്റെ കമന്റ്. ‘ഞാന്‍ എന്റെ ജീവിതം മുഴുവന്‍ ചെലവഴിച്ചത് ഗോള്‍പോസ്റ്റിലാണ്,’ വികാരാധീനനായ ഇന്ത്യന്‍ ഹോക്കി ടീമിന്റെ കാവല്‍ഭടനായ ഗോളി ശ്രീജേഷ് പറഞ്ഞു.
ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ് ജര്‍മ്മനിക്കെതിരെ ഇന്ത്യയുടെ വിജയം ഉറപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. കളി തീരാറായ നിമിഷങ്ങളില്‍ ജര്‍മ്മനിക്ക് ഒരു പെനാല്‍റ്റി കോര്‍ണര്‍. ഇന്ത്യ 5-4ന് മുന്നിട്ട് നില്ക്കുന്നു. മിക്കവാറും ജര്‍മ്മനി സമനില പിടിക്കുമെന്ന ഘട്ടം. ഉദ്വേഗനിമിഷങ്ങളില്‍ ശ്രീജേഷ് പതറിയില്ല. കൃത്യമായ സേവോടെ ഇന്ത്യയുടെ മാനം കാക്കുകയായിരുന്നു ഈ എറണാകുളം കിഴക്കമ്പലത്തുകാരന്‍.
‘ഗോള്‍പോസ്റ്റ്. അതാണ് എന്റെ ഇടം. അവിടെയാണ് ഞാന്‍ ജീവിതം മുഴുവന്‍ ചെലവഴിച്ചത്. ഞാനാണ് ഈ ഗോള്‍പോസ്റ്റിന്റെ ഉടമസ്ഥന് എന്ന് കാണിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞാനും എന്റെ ഗോള്‍പോസ്റ്റും പങ്കുവെച്ച നിരാശയും ദുഖങ്ങളും എല്ലാം ആഘോഷിക്കണമെന്ന് തോന്നി. ഗോള്‍പോസ്റ്റും ബഹുമാനം അര്‍ഹിക്കുന്നു,’ വികാരഭരിതമായ വാക്കുകളോടെ ശ്രീജേഷ് വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: