ആലപ്പുഴ: ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ ആലപ്പുഴ – ചങ്ങനാശേരി റോഡിലെത്തി ഗതാഗതക്കുരുക്കില്‍ ദുരിതം അനുഭവിക്കുന്നു. തദ്ദേശീയരുടെ അല്ലാത്ത ചെറുവാഹനങ്ങള്‍ക്ക് നിരോധനമുണ്ടെങ്കിലും ഇതറിയാതെ വന്ന് കുടുങ്ങുന്നവര്‍ ഏറെയാണ്.
ഗൂഗിള്‍ മാപ്പിനെ ആശ്രയിക്കുന്നവരാണ് ഇതില്‍ ഭൂരിഭാഗവും. തിരുവല്ല ഭാഗത്തുനിന്നുപോലും പെരുന്നവഴി ആലപ്പുഴയ്‌ക്ക് വരുന്നവരുണ്ട്. ഗതാഗത നിരോധനത്തിന്റെ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കാതെയാണ് പലരും വരുന്നത്. എസി റോഡ് താല്‍ക്കാലികമായി അടച്ചെന്നോ ഗതാഗത തടസ്സമുണ്ടെന്നോ ഗൂഗിള്‍ മാപ്പില്‍ കണിക്കുന്നില്ല.
അശ്രദ്ധമായി കടന്നു വരുന്നവരെ നിയന്ത്രിക്കാന്‍ പോലീസും കരാറുകാരുടെ ജീവനക്കാരും കളര്‍കോടും പെരുന്നയിലും നിലയുറപ്പിച്ച് യാത്രക്കാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ഗതാഗതതടസ്സം ഗൂഗിള്‍ മാപ്പില്‍ ചേര്‍ക്കുന്നതിനായി അടിയന്തരമായി ഇടപെടണമെന്നും ഐടി. വിഭാഗത്തിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിയോട് തോമസ് കെ. തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.
പാലത്തിന് സമീപം താല്‍ക്കാലികമായി നിര്‍മിച്ച റോഡിലൂടെയാണ് തദ്ദേശീയരുടെ ചെറുവാഹനങ്ങള്‍ കടത്തി വിടുന്നത്. തദ്ദേശിയരുടെ ചെറു വാഹനങ്ങള്‍ കടത്തിവിടുന്ന കാര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: