ടോക്കിയോ: ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് നാലാം മെഡല്‍ ഉറപ്പിച്ച് ഗുസ്തി താരം രവി ദാഹിയ. ഇന്നലെ പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടറും സെമിയും പന്നിട്ട് രവി ദാഹിയ ഫൈനലിന് യോഗ്യത നേടി. ഇതോടെ വെള്ളിയുറപ്പായി. 57 കിലോയില്‍ രവി ദാഹിയ ഫൈനലില്‍ ഇടം നേടിയപ്പോള്‍ ദീപക് പൂനിയ സെമിയില്‍ വീണു.
ആധികാരികമായാണ് രവി ദാഹിയ സെമി വരെ മുന്നേറിയത്. സെമിയില്‍ കടുത്ത മത്സരം നേരിട്ടു. കസാകിസ്ഥാന്‍ താരം നൂറിസ്ലാം സനയേവിനെ അവസാന സെക്കന്‍ഡുകളില്‍ കീഴടക്കുകയായിരുന്നു. തുടക്കത്തില്‍ 2-9ന് പിന്നില്‍ നിന്ന രവി കുമാര്‍ പിന്നീട് ചെറിയ പോയിന്റുകളോടെ സനയേവിന്റെ അടുത്തെത്തി. അവസാന സെക്കന്‍ഡുകളില്‍ പിന്‍ഫോളിലൂടെ കീഴ്‌പ്പെടുത്തി. ഒളിമ്പിക്‌സ് ചരിത്രത്തല്‍ ഗുസ്തിയില്‍ നിന്ന് ഇന്ത്യക്ക് ലഭിക്കുന്ന അഞ്ചാം മെഡലാണിത്. ഗുസ്തിയില്‍ ഫൈനലിലെത്തുന്ന രണ്ടാമത്തെ താരമായി രവി ദാഹിയ.
നേരത്തെ 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ സുശീല്‍ കുമാര്‍ ഫൈനലിലെത്തിയിരുന്നു. ഇന്ന് നടക്കുന്ന ഫൈനലില്‍ റഷ്യയുടെ സോര്‍ ഉഗ്യേവാണ് എതിരാളി. രണ്ട് തവണ ലോക ചാമ്പ്യനാണ് ഉഗ്യേവ്. സെമിയിലെത്തിയ ദീപക് പൂനിയ യുഎസ്എയുടെ ഡേവിഡ് മോറിസിനോട് തോറ്റു. 10-0നാണ് തോല്‍വി. ഇന്ന് വെങ്കലത്തിനായി ഇറങ്ങും.
അന്‍ഷു മാലിക് അദ്യ റൗണ്ടില്‍ തോറ്റിരുന്നെങ്കിലും വീണ്ടും അവസരം ലഭിച്ചു. അന്‍ഷുവിനെ തോല്‍പ്പിച്ച ഐറിന കറച്ച്കിന ഫൈനലിന് യോഗ്യത നേടിയതോടെയാണ് വീണ്ടും അവസരം ഉണ്ടായത്. റീപേജ് റൗണ്ടില്‍ റഷ്യയുടെ പാബ്ലോ കൊബ്ലോവയെ നേരിടും. ഇവിടെ ജയിച്ചാല്‍ വെങ്കല പോരാട്ടത്തിനിറങ്ങാം.
















