ചാത്തന്നൂര്‍: എസ്എസ്എല്‍സി പരീക്ഷയിലെ എപ്ലസ് വിജയത്തിനൊപ്പം ഹോക്കിയിലും കഴിവു തെളിയിച്ച് മുന്നേറുകയാണ് അമൃത കൃഷ്ണന്‍. ചാത്തന്നൂര്‍ താഴംവിളയില്‍ വീട്ടില്‍ രാധാകൃഷ്ണന്റെയും ആശയുടെയും മകളായ അമൃതകൃഷ്ണനാണ് സ്പോര്‍ട്സിലും പഠിത്തത്തിലും ഒരു പോലെ മികവ് തെളിയിച്ചു കൊണ്ട് നാടിന്റെ അഭിമാനമായി മാറുന്നത്.
അഞ്ചാം ക്ലാസില്‍ ചാത്തന്നൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നും ഹോക്കിയില്‍ പരിശീലനം തുടങ്ങിയ ഈ മിടുക്കിക്ക് എട്ടാം ക്ലാസില്‍ കൊല്ലം സായിലേക്ക് സെലക്ഷന്‍ ലഭിക്കുകയും തുടര്‍ന്ന് കൊല്ലം ശ്രീനാരായണ ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് മാറുകയും ചെയ്തു. ഇപ്പോള്‍ സംസ്ഥാന ഹോക്കിടീം അംഗമാണ് അമൃത. ദേശീയ ടീമില്‍ ഇടം നേടാനുള്ള കഠിന പരിശ്രമത്തിലാണ്.
വാടക വീട്ടിലാണ് അമൃതയുടെ കുടുംബം താമസിക്കുന്നത്. അച്ഛന്‍ രാധാകൃഷ്ണന്റെ ചെറുവരുമാനം മാത്രമാണ് അമൃതയും അമ്മയും അനുജത്തിയും അടങ്ങുന്ന നാലംഗ കുടുംബത്തിന്റെ ഏക വരുമാന ആശ്രയം. അനുജത്തി അഞ്ജന കൃഷ്ണന്‍ ചാത്തന്നൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഒപ്പം സ്പോര്‍ട്സ് താരവുമാണ്.
സ്പോര്‍ട്സില്‍ ഉയരങ്ങള്‍ കീഴടക്കാനുള്ള തയ്യാറെടുപ്പില്‍ കൊല്ലം സായില്‍ കടുത്ത പരിശീലനത്തിലാണ് അമൃത. പഠിത്തത്തിലും സ്പോര്‍ട്സിലും ഒരു പോലെ മുന്നോട്ട് പോകണം എന്ന ആഗ്രഹത്തിനൊപ്പം സ്വന്തമായൊരു വീടെന്ന സ്വപ്നവും അവശേഷിക്കുന്നുണ്ട് ഈ താരത്തിന്. കൊവിഡ് കാലത്ത് ജോലിയില്ലാതെ വാടക കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ് ഈ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: