കോഴിക്കോട്: ഗോത്ര സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള മ്യൂസിയത്തിന് കേന്ദ്ര സര്‍ക്കാര്‍ 7.19 കോടി രൂപ അനുവദിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത് 25.39 ലക്ഷം രൂപമാത്രം. കേന്ദ്ര എസ്സി-എസ്ടി വികസനത്തിന്റെ ഭാഗമായി കേന്ദ്ര ഗോത്രവര്‍ഗ മന്ത്രാലയം ഫണ്ട് അനുവദിച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു.
പതിനാറ് കോടി രൂപയുടെ പദ്ധതിയില്‍ പതിനഞ്ച് കോടിയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതാണ്. ഗോത്രവര്‍ഗത്തില്‍പെട്ടവരുടെ ചരിത്ര-രാജ്യസ്നേഹ പാരമ്പര്യങ്ങളുടെ സ്മാരകനിര്‍മാണത്തിനുള്ള ധനസഹായമാണ് വിനിയോഗിക്കാതെ കിടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തോട് കാണിക്കുന്ന അവഗണനയുടെ മറ്റൊരുദാഹരണമാണിത്. 2018ലാണ് പദ്ധതിക്കായി കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം 7.19 കോടി രൂപ നല്‍കിയത്. പക്ഷേ, മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിക്ക് കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം നല്കിയ മറുപടിയിലാണ് വിവരങ്ങള്‍.
കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആന്‍ഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ്സ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ്സ് (കിര്‍ത്താഡ്സ്) ആണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാന്‍ കിര്‍ത്താഡ്സിനു സാധിക്കുന്നില്ല. മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച കേന്ദ്ര ഫണ്ടില്‍ കിര്‍ത്താഡ്സ് 7.01 കോടി രൂപ ചെലവഴിച്ചിട്ടില്ലെന്നും ഗോവിന്ദന് നമ്പൂതിരി വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: