ന്യൂദല്‍ഹി: മുത്തലാഖ് എന്ന അനീതിയില്‍ നിന്നും മുസ്ലിം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിക്കൊണ്ട് മോദി സര്‍ക്കാര്‍ നിയമം കൊണ്ടുവന്ന ആഗസ്ത് ഒന്നിന് മുസ്ലിം വനിതാ അവകാശദിനമായി ഭാരതമെങ്ങും ആചരിച്ചു. ഇതിന്റെ ഭാഗമായി മുസ്ലീം സ്ത്രീകള്‍ പ്രധാനമന്ത്രി മോദിയ്‌ക്ക് നിയമം കൊണ്ടുവന്നതിന് നന്ദി അറയിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി ദല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച യോഗത്തില്‍ വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി, ന്യൂനപക്ഷ കാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി, പരിസ്ഥിതി വനം കാലാവസ്ഥാവ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവ് എന്നിവര്‍ പങ്കെടുത്തു. മുത്തലാഖിന് ഇരയായ നിരവധി മുസ്ലിം സ്ത്രീകളുമായി മന്ത്രി അബ്ബാസ് നഖ് വി ആശയവിനിമയം നടത്തി.
2019 ആഗസ്ത് ഒന്നിന് മുത്തലാഖ് അനാചാരത്തിനെതിരെ നിയമം കൊണ്ടുവന്ന പ്രധാനമന്ത്രി മോദിക്ക് ചടങ്ങില്‍ സംബന്ധിച്ച മുസ്ലിം സ്ത്രീകള്‍ നന്ദി അറിയിച്ചു. ഈ നിയമത്തോടെ മുത്തലാഖ് എന്ന ആചാരം ക്രിമിനല്‍ കുറ്റമായി മാറി. കേന്ദ്രസര്‍ക്കാര്‍ മുസ്ലിം സ്ത്രീകളുടെ സ്വാഭിമാനം, ആത്മവിശ്വാസം, സ്വാശ്രയത്വം എന്നിവ വര്‍ധിപ്പിച്ചുവെന്നും മുസ്ലിം സ്ത്രീകള്‍ പറഞ്ഞു.
തുല്യാവകാശം സംരക്ഷിക്കുകയെന്ന പ്രതിബദ്ധതയോടെ, ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവ് ആഘോഷിക്കപ്പെടുകയാണ് മുസ്ലിം വനിതാ അവകാശ ദിനത്തിലൂടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: