പുതുപ്പള്ളി: എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും എല്ലാ വിഷയത്തിനും എ പ്ലസ് നേടി മൂന്നു മക്കള്‍. ഈ അപൂര്‍വ്വനേട്ടം കൈവരിച്ചത് പൊങ്ങന്‍പാറ കൊടിഞ്ഞവയലില് കൊച്ചുമോന്റെയും അനിതയുടേയും മക്കളായ അജിത് കൊച്ചുമോന്, ആതിര കൊച്ചുമോന്, ആരതി കൊച്ചുമോന് എന്നിവരാണ്.
ആരതിയുടെ പ്ലസ് ടു പരീക്ഷാ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇംഗ്ലീഷിലൊഴികെ ബാക്കി എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍ നുറാണ് ലഭിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ സഹോദരനും സഹോദരിക്കും ലഭിച്ച ഫുള്‍ എ പ്ലസിനൊപ്പം എത്താനായതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം.
പൊതുവിദ്യാലയത്തിലാണ് മൂന്നു പേരും പഠിച്ചത്. ട്യൂഷന് പോലും പോകാതെയാണ് ഈ നേട്ടം എന്നറിയുമ്പോഴാണ് ഈ വിജയത്തിന്റെ പത്തര മാറ്റ് തിരിച്ചറിയുന്നത്. സഹോദരങ്ങളില്‍ മൂത്തയാളായ അജിത് ഇപ്പോള്‍ ഫിഷറീസ് വകുപ്പില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററാണ്. ആതിര എംഎസ്സി കെമിസ്ട്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി.
പുതുപ്പള്ളി – കാവാലച്ചിറ ബസ് സ്റ്റോപ്പിന് സമീപം ചെറിയ കട നടത്തുകയാണ് കൊച്ചുമോന്. നേരത്തെ പാറമട തൊഴിലാളിയായിരുന്നു. പാറമടയിലെ ജോലി നിന്നതോടെയാണ് കട തുടങ്ങിയത്. ഓട്ടോറിക്ഷയും ഓടിക്കുന്നുണ്ട്. ഇതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്. കുട്ടികള്‍ക്ക് പഠിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കികൊടുക്കുകയാണ് കൊച്ചുമോനും അനിതയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: