‘പാട്ടു പാടി ഉറക്കാം ഞാന്‍ താമര പൂം പൈതലേ… കേട്ടുകേട്ടു നീയുറങ്ങൂ കരളിന്റെ കാതലേ…’ കേരളത്തിന്റെ ശൈശവത്തെ താരാട്ടുപാടി ഉറക്കിയ ഈ മധുര ഗാനത്തിലൂടെ അനശ്വരത നേടിയ കവിയാണ് അഭയദേവ്. മലയാളി മനസ്സുകളിലേക്ക് മാതൃത്വത്തിന്റെ ആര്‍ദ്രതയെ ഈരടികളില്‍ ആവാഹിച്ച ഈ താരാട്ട് സീത (1960) എന്ന ചിത്രത്തിനുവേണ്ടി അഭയദേവ് എഴുതിയതാണ്.
മലയാള ചലച്ചിത്ര ഗാനങ്ങളുടെ ചരിത്രം തുടങ്ങുന്നത് കോട്ടയം സ്വദേശിയായ അഭയദേവിന്റെ പാട്ടുകളിലൂടെയാണ്. 1949 മുതല്‍ 20 വര്‍ഷത്തോളം മലയാളത്തിന്റെ ഒരേ ഒരു ചലച്ചിത്ര ഗാന രചയിതാവായിരുന്നു അദ്ദേഹം. ഉദയാ സ്റ്റുഡിയോ നിര്‍മിച്ച ‘വെള്ളിനക്ഷത്ര’മാണ് അഭയദേവിന്റെ ഗാനങ്ങളുമായി ആദ്യമിറങ്ങുന്ന ചലച്ചിത്രം. സംഗീത സംവിധായകനായ ദക്ഷിണാമൂര്‍ത്തിയെ സിനിമയില്‍ കൊണ്ടുവന്നതും അഭയദേവ് തന്നെ. നാടോടി ഗാനങ്ങളുടെ തനിമ ജീവിതനൗക എന്ന ചിത്രത്തിലൂടെ അഭയദേവ് സിനിമയില്‍ ആവിഷ്കരിച്ചപ്പോള്‍ അത് ഹിറ്റ് ഗാനങ്ങളുടെ പിറവിക്ക് കാരണമായി. മലയാളി പാടി തുടങ്ങിയത് അവിടം മുതലാണ്. താരാട്ടുപാട്ടുകളും ഭക്തിഗാനങ്ങളും യുഗ്മഗാനങ്ങളും അഭയദേവ് മാറി മാറി എഴുതി, അത് മലയാളികള്‍ മൂളിപ്പാട്ടായി പാടി നടന്നു. അതിന് കാരണമാകുന്നത് ആ ഗാനങ്ങളിലെ പദലാളിത്യവും പ്രാസഭംഗിയുമാണ്. മുന്നൂറോളം ഗാനങ്ങള്‍ രചിച്ചുകൊണ്ട് മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് മാതൃകയും മാര്‍ഗദര്‍ശിയുമായി അഭയദേവ് മുന്നേ നടന്നുപോയി.
കോട്ടയത്ത് പള്ളം ഗ്രാമത്തില്‍ 1913 ജൂണ്‍ 25 ന് ആണ് അഭയ ദേവിന്റെ ജനനം. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സ്ഥാപകരില്‍ പ്രമുഖനാണ്. ആര്യസമാജത്തിന്റെയും ഹിന്ദി പ്രചാര സഭയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു അഭയദേവ്. ശങ്കരാഭരണം ഉള്‍പ്പെടെ 25 ചിത്രങ്ങള്‍ക്ക് സംഭാഷണം രചിച്ചു. 1995 ല്‍ ജെ.സി. ഡാനിയേല്‍ പുരസ്്കാരം ലഭിച്ചു. എന്‍ബിഎസ് പ്രസിദ്ധീകരിച്ച ഹിന്ദി- മലയാളം നിഘണ്ടുവിന്റെ രചയിതാവും അഭയദേവ് തന്നെ. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി കണ്ടുകെട്ടി ഫിലിം പ്രിന്റ് നശിപ്പിച്ച പ്രശസ്തമായ ‘കിസാ കുര്‍സി കാ’ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ തിരക്കഥ മലയാളത്തിലേക്ക് അഭയദേവ് വിവര്‍ത്തനം ചെയ്ത് ഡിസി ബുക്സ് 1978 ല്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ബല്‍ജിയംകാരനായ ഫാദര്‍ കാമില്‍ ബുക്കയുടെ ‘രാമകഥ’ എന്ന ഹിന്ദിയിലുള്ള രാമായണ പഠനം മലയാളത്തിലേക്ക് പരിഭാഷ ചെയ്തതും അഭയദേവാണ്. 1982ല്‍ വിശ്വഹിന്ദു പരിഷത്ത് പുറത്തിറക്കിയ ‘ഗാന ഗംഗ’ അയ്യപ്പഭക്തിഗാന കാസറ്റിനു വേണ്ടി അഭയദേവ് എഴുതിയ തിരുമിഴിതുറക്കൂ… തിരുമിഴി തുറക്കൂ… ശബരിഗിരി വാഴും അയ്യപ്പ… എന്ന ഗാനം എല്‍.പി.ആര്. വര്‍മ്മയുടെ ഈണത്തില്‍ പാടിയത് അഭയദേവിന്റെ കൊച്ചുമകന് അമ്പിളി കുട്ടനാണ്.
കോട്ടയം സ്വാമിയാര് മഠത്തിനടുത്തുള്ള ‘ഗായത്രി’ യില്‍ ആയിരുന്നു അദ്ദേഹത്തിന്റെ താമസം. തപസ്യ, ഭാരതീയ വിചാര കേന്ദ്രം തുടങ്ങിയ സംഘടനകളുമായി സഹകരിച്ചുകൊണ്ട് 2000 ജൂലൈ 26 ന് അന്തരിക്കുന്നതു വരെ കോട്ടയത്തിന്റെ സാംസ്കാരിക രംഗത്ത് അദ്ദേഹം സജീവമായിരുന്നു. ഓര്‍മ്മകള്‍ക്ക് പൂക്കാനും തളിര്‍ക്കാനുമുള്ള ഗാനങ്ങള്‍ കൈരളിക്കു നല്കിയ അഭയദേവിന് ഈ ഓര്‍മദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: