കുമളി: പെരിയാര്‍ കടുവാ സങ്കേതത്തിലെ പെണ്‍ കടുവാക്കുട്ടി മംഗളയെ വനാന്തരീക്ഷത്തില്‍ ഇരതേടല്‍ പരിശീലനം നല്‍കുന്നതിനായി പ്രത്യേക കൂട്ടിലേക്ക് മാറ്റി. ലോക കടുവദിനമായ ഇന്നലെ തേക്കടി റെയ്ഞ്ചിലെ ഒന്നാം ഗേറ്റിന് സമീപമുള്ള കൂട്ടിലേക്കാണ് ഉദ്യോസ്ഥരുടെ നേതൃത്വത്തില്‍ കടുവയെ മാറ്റിയത്. 10,000 അടി വിസ്തീര്‍ണവും 22 അടി ഉയരവുമുള്ള കൂടാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.
വിളക്ക് കത്തിച്ചുള്ള പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ക്ക് ശേഷമാണ് നാട മുറിച്ച് മംഗളയെ പുതിയ കൂട്ടിലേക്ക് മാറ്റിയത്. ആദ്യം കുറച്ച് നേരം ഇവിടെയുള്ള ചെറിയ കൂട്ടില്‍ സൂക്ഷിച്ച ശേഷം പിന്നീടാണ് ഉള്ളിലേക്ക് തുറന്നുവിട്ടത്. കാടിന് സമാനമായുള്ള കൂട്ടില്‍ കടുവാക്കുട്ടി കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.
മംഗളാദേവി ക്ഷേത്ര പരിസരത്ത് നിന്ന് കഴിഞ്ഞ നവംബര്‍ 22നാണ് മംഗളയെ കണ്ടെത്തുന്നത്. തള്ളക്കടുവയോടൊപ്പം വീണ്ടും കൂട്ടി ചേര്‍ക്കുന്നതിന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആരോഗ്യ സ്ഥിതി മോശമായിരുന്നതിനാല്‍ പ്രത്യേക സജ്ജീകരണമൊരുക്കി സംരക്ഷിച്ചു വരികയായിരുന്നു. പിന്നീടാണ് മംഗളയെന്ന പേര് നല്‍കിയത്. അന്ന് രണ്ട് മാസം പ്രായവും ഏകദേശം 2.8 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നു. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ സ്വയം ഇരപിടിച്ച് ജീവിക്കാനുളള പ്രാപ്തി ഉണ്ടാക്കിക്കൊടുക്കുന്നതിനായാണ് കൂട്ടിലേക്ക് മാറ്റിയത്. നിലവില്‍ ഏകദേശം 40 കിലോഗ്രാം ഭാരമുള്ള മംഗള പാലും ഏകദേശം 1.5 കിലോ മാംസവും ഭക്ഷണമായി കഴിക്കുന്നുണ്ട്. തനിയെ ഇര പിടിക്കാനുള്ള പരിശീലനം ഉടനെ തന്നെ തുടങ്ങുമെന്ന് പെരിയാര്‍ ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രൊജക്റ്റ് ടൈഗര്‍) എ.പി. സുനില്‍ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: