തിരുവനന്തപുരം: മലബാറിലെ ക്ഷേത്രങ്ങളെ ലക്ഷ്യമിട്ട് പിണറായി സര്‍ക്കാരിന്റെ മലബാര്‍ ദേവസ്വം ബില്‍ ഒരുങ്ങുന്നു. സര്‍ക്കാരിന്റെ ലക്ഷ്യം 31,122 ഏക്കര്‍ ക്ഷേത്രഭൂമി. ക്ഷേത്രഭൂമി പാട്ടത്തിനും മറ്റും നല്കി പണം സമ്പാദിക്കാനാണ് നീക്കം. 2008ലെ നിയമം പ്രായോഗികമല്ലെന്നും അതിനാല്‍ മലബാര്‍ ദേവസ്വം ബില്‍ കൊണ്ടുവരുമെന്നും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് ഉണ്ടെങ്കിലും ഇവര്‍ക്ക് ക്ഷേത്രകാര്യങ്ങളില്‍ കൈകടത്താന്‍ അധികാരമില്ല.
മദ്രാസ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആക്ട് (മദ്രാസ് ആക്ട്) 2008ല്‍ ഭേദഗതി വരുത്തിയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചത്. മലബാറില്‍ മിക്ക ക്ഷേത്രവും ട്രസ്റ്റിയോ പരമ്പരാഗത ട്രസ്റ്റിയോ ട്രസ്റ്റുകളോ ആണ് ഭരിക്കുന്നത്. ക്ഷേത്രഫണ്ട് ഏകീകരിക്കാനോ അവയില്‍ നിന്ന് ഫണ്ട് എടുക്കാനോ ബോര്‍ഡിന് അധികാരമില്ല. അവ ചെലവഴിക്കുന്നത് നീതിപൂര്‍വ്വവും സുതാര്യവുമായി ആണോയെന്ന് പരിശോധിക്കാമെന്നത് മാത്രമാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരം. ഇതിന് മാറ്റം വരുത്തിയാണ് മലബാര്‍ ദേവസ്വം ബില്‍.
മലബാര്‍ ബോര്‍ഡിന് സ്വന്തമായി ഭൂമി ഇല്ലെങ്കിലും മലബാറിലെ ക്ഷേത്രങ്ങള്‍ക്കെല്ലാം കൂടി 31,122 ഏക്കര്‍ ഉണ്ട്. ഇതില്‍ 24,693 ഏക്കര്‍ പലരും കൈയേറി. ഇങ്ങനെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കുമെന്നും മന്ത്രി പറയുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 3300 ഏക്കറും ഗുരുവായൂരിന് 266 ഏക്കറും കൊച്ചിന് ദേവസ്വം ബോര്‍ഡിന് 200 ഏക്കറും മാത്രമാണ് ക്ഷേത്രഭൂമിയുള്ളത്. ഏറ്റവും കൂടുതല്‍ ക്ഷേത്രഭൂമിയുള്ള മലബാറില്‍ സര്‍ക്കാരിന് ഇതുവരെയും കൈകടത്താനായിട്ടില്ല. വഴിപാടിതര വരുമാനത്തിനായി ഭൂമി നല്കി കോടികള്‍ വരുമാനം ഉണ്ടാക്കണമെങ്കില്‍ മലബാറിലെ ക്ഷേത്ര ഭൂമികള്‍ കൂടി വേണം. അതിന് ഇവിടത്തെ ക്ഷേത്രങ്ങളില്‍ സര്‍ക്കാരിന് വ്യക്തമായ അധികാരം വേണം. ഇതിന് ക്ഷേത്രങ്ങളിലും ക്ഷേത്രഭൂമിയിലും അധികാരം സ്ഥാപിക്കാനാണ് പുതിയ നിയമ നിര്‍മ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: