തൊടുപുഴ: ഇടുക്കി സംഭരണിയിലെ ജലനിരപ്പ് ബ്ലൂ അലര്‍ട്ടിലേക്ക് അടുക്കുന്നു. ഇന്നലെ രാവിലെ ലഭിച്ച വിവരം പ്രകാരം ജലനിരപ്പ് 2371.22 അടി പിന്നിട്ടു, 65.19%. മുന്‍ വര്‍ഷത്തെ ജലശേഖരത്തിന്റെ ഇരട്ടിയോളം വെള്ളമാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2333.62 അടിയായിരുന്നു, 32.77%.
മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജലനിരപ്പ് സാവധാനം ഉയരുകയാണ്. 2372.58 അടിയെത്തിയാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കേണ്ടി വരും. അതേ സമയം നാളെയോടെ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് ഡാം സേഫ്ടി അധികൃതരുടെ നിഗമനം. പിന്നാലെ ചെറുതോണി അണക്കെട്ടില്‍ കണ്ട്രോള് റൂം തുറക്കാനുമുള്ള നീക്കത്തിലാണ് അധികൃതര്‍.
ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 2.08 സെ.മീ. മഴ പദ്ധതി പ്രദേശത്ത് ലഭിച്ചപ്പോള്‍ 26.368 മില്യണ്‍ യൂണിറ്റിന് ആവശ്യമായ വെള്ളം ഒഴുകിയെത്തി. കെഎസ്ഇബിക്ക് കീഴിലുള്ള പ്രധാനപ്പെട്ട സംഭരണികളിലെ മൊത്തം ജലശേഖരം 65% പിന്നിട്ടു. 2018ല്‍ ഇതേ സമയത്തേക്കാള്‍ 15% വെള്ളം കുറവുണ്ട്. കേന്ദ്ര ജലകമ്മീഷന്റെ റൂള്‍ കര്‍വ് പ്രകാരം 2380.58 അടിയാണ് ജൂലൈ 31 വരെ ഇടുക്കി സംഭരണിയില്‍ പരമാവധി ശേഖരിക്കാനാകുക.
അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.5 അടി പിന്നിട്ടു. പദ്ധതി പ്രദേശത്തും മഴ കുറവാണ്. സെക്കന്റില്‍ 2158 ഘനയടി വെള്ളം ഡാമിലേക്ക് എത്തുമ്പോള്‍ തമിഴ്നാട് 1867 ഘനയടി വീതമാണ് വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: