ബെംഗളൂരു: രാജ്യത്തിന്റെ സോഫ്റ്റ്വെയര് ഹബ്ബായ ബെംഗളൂരു അടങ്ങുന്ന സംസ്ഥാനം ഇനി നയിക്കാന്‍ പോകുന്നത് മെക്കാനിക്കല്‍ എഞ്ചീനിയര്‍ കൂടിയായ ബസവരാജ് ബൊമ്മൈ. കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഷിഗ്ഗോണ്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ ബസവരാജ് സോമപ്പ ബൊമ്മൈ (61) കാര്‍ഷിക വിദഗ്ദനും കൂടിയാണ്. മന്ത്രിയായിരുന്ന സമയത്ത് സംസ്ഥാനത്തെ നിരവധി ജലസേചന പദ്ധതികള്‍ക്ക് ഒട്ടേറെ സംഭാവനകകളാണ് ഇദ്ദേഹം നല്‍കിയിട്ടുള്ളത്. രാജ്യത്തെ ആദ്യ 100 ശതമാനം പൈപ്പ് വഴിയുള്ള ജലസേചന പദ്ധതി കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഷിഗാവോണില്‍ നടപ്പിലാക്കിയതും ബൊമ്മൈയുടെ നേതൃത്വത്തിലാണ്.

ബി.എസ്.യെദിയൂരപ്പയെ പോലെ തന്നെ ശക്തനായ ലിംഗായത്ത് നേതാവാണ് ബസവരാജ് ബൊമ്മൈ. മുന്‍ മുഖ്യമന്ത്രി എസ്.ആര്.ബൊമ്മൈയുടെ മകനുമാണ് ബസവരാജ്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയായ അദ്ദേഹം ടാറ്റ ഗ്രൂപ്പിലാണ് കരിയര്‍ തുടങ്ങിയത്. ഇതിന് ശേഷമാണ് 1995ല്‍ രാഷ്ട്രീയ രംഗത്തേയ്ക്ക് ചുവടുവച്ചത്. ജനതാദളിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി ധാര്‍വാഡ് നിയോജകമണ്ഡലത്തില്‍ നിന്ന് രണ്ടുതവണ (1998ലും, 2004ലും) തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ജനതാദള്‍ (യുണൈറ്റഡ്) വിട്ട് 2008 ഫെബ്രുവരിയില്‍ ഇദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു.
2008ല്‍ യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിയിച്ച ചരിത്രപരമായ തെരഞ്ഞെടുപ്പില്‍ ഹാവേരി ജില്ലയിലെ ഷിഗാവ് മണ്ഡലത്തില്‍ മത്സരിച്ചു കരുത്തുകാട്ടി. 2013ലും 2018ലും ബൊമ്മെ തുടര്‍ച്ചയായി അവിടെനിന്നു വിജയിച്ചു. കന്നി മത്സരത്തില്‍ തന്നെ വിജയിച്ച ബസവരാജിന് യെദിയൂരപ്പ മന്ത്രിപദവും നല്കി. പിന്നീട് എല്ലാ ബിജെപി മന്ത്രിസഭകളിലും യെദിയൂരപ്പ അദ്ദേഹത്തെ കൂടെക്കൂട്ടി. രണ്ട് തവണ എംഎല്‍സിയും ആയിട്ടുണ്ട്. സഹകരണം, ജലവിഭവം, കായികം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ബസവരാജ് നിലവില്‍ ആഭ്യന്തര, നിയമ-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രിയായിരുന്നു.

കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധുവിന്റെ ഫേസ്ബുക് പോസ്റ്റിനെത്തുടര്‍ന്ന് ബെംഗളൂരു നഗരത്തില്‍ എസ്ഡിപിഐ അഴിഞ്ഞാടിയപ്പോള്‍ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്കിയതും ബസവരാജായിരുന്നു. മുഖ്യമന്ത്രി യെദിയൂരപ്പ കൊറോണ ചികിത്സയില്‍ ആയിരുന്നപ്പോഴായിരുന്നു കലാപം നടന്നത്. സംഘര്‍ഷത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് എസ്ഡിപിഐ നേതാവ് മുസാമില്‍ പാഷയാണ് അടക്കം 150 പേരെ ഒറ്റയടിക്ക് അറസ്റ്റ് ചെയ്തത് ആഭ്യന്തരമന്ത്രിയായിരുന്ന ഇദേഹത്തിന്റെ നിര്‍ദേശാനുസരണമാണ്.

തുടര്‍ന്ന്, കര്‍ണാടകയില്‍ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളിലും അക്രമ സംഭവങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്നിവയ്ക്ക് പങ്കുണ്ടെന്നും ഇവയെ നിരോധിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചതായും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കിയിരുന്നു.

പി.എഫ്.ഐ, എസ്.ഡി.പി.ഐ എന്നിവയ്ക്കൊപ്പം മറ്റ് ചില സംഘടനകളും നിരോധനം നേരിടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സംഘടനയെ നിരോധിക്കുന്നതിനു മുമ്പ് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെളിവുകള്‍ ശേഖരിക്കുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അത്തരം തെളിവുകളും സാമഗ്രികളും സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പ്രക്രിയ പൂര്‍ത്തിയായാല്‍ ഉചിതമായ നടപടികള്‍ക്കായി കേന്ദ്രത്തിനു കൈമാറുമെന്ന് അദേഹം വ്യക്തമാക്കി. ചന്നമ്മ പി ബൊമ്മൈയാണ് ഭാര്യ. ഭരത്്, അതിഥി എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: