തിരുവനന്തപുരം: എങ്ങനെയാണ് കേരളത്തില്‍ നിന്നും വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ ജിഹാദിനായി ഐഎസില്‍ ചേരാന്‍ പോയതെന്ന് പ്രബുദ്ധ കേരളം ചര്‍ച്ച ചെയ്യണമെന്ന് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി. ഇതിനെതിരെ നമ്മള് പ്രതികരിച്ചില്ലെങ്കില്‍ കേരളം മറ്റൊരു സിറിയയാകും. ന്യൂനപക്ഷമോര്‍ച്ച സംഘടിപ്പിച്ച തീവ്രവാദ വിരുദ്ധ ക്യാമ്പയിന് ‘ഹോം ശാന്തി’ തിരുവനന്തപുരം ബിജെപി സംസ്ഥാന ഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള തീവ്രവാദത്തിന് കേരളത്തില്‍ നിന്ന് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തലും അഫ്ഗാനില്‍ താലിബാന് ഭരണം പിടിച്ചാല്‍ അതിന്റെ പ്രതിഫലനം കേരളത്തില്‍ ഉണ്ടാവുമെന്ന സ്റ്റേറ്റ്മാന്‍ റിപ്പോര്‍ട്ടും ഭീതിപ്പെടുത്തുന്നതാണ്.
കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തോട് യുദ്ധം ചെയ്ത് കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ഫയാസ് കൊല്ലപ്പെട്ടപ്പോള്‍ ഉമ്മ സഫിയ ‘നമ്മക്ക് മോനേക്കാള്‍ വലുതാണ് രാജ്യം’ എന്നാണ് പറഞ്ഞത്. ഇതാണ് നാം മാതൃകയാക്കേണ്ടത്. ആ ഉമ്മയ്ക്കുള്ള ദേശസ്നേഹം മതപ്രമാണിമാര്‍ക്കില്ല. കാശ്മീരില്‍ നിന്നും തീവ്രവാദത്തെ ഏതാണ്ട് തുടച്ചുനീക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് സാധിച്ചു. അബ്ദുള്‍ നാസര്‍ മദനിയേയും സക്കീര്‍ നായിക്കിനെയും പോലെയുള്ളവരാണ് രാജ്യത്ത് തീവ്രവാദം വളര്‍ത്തിയത്. തീവ്രവാദം ദേശവിരുദ്ധവും മതവിരുദ്ധവുമാണെന്ന് യുവാക്കളെ പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. ജിഹാദിന്റെ പേരില്‍ ആയുധമേന്തി മറ്റുള്ളവരുടെ ജീവന് അപഹരിക്കുന്നതും, അവരുടെ സൈ്വര്യജീവിതം കെടുത്തുന്നതും മനുഷ്യത്വരഹിതമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷമോര്‍ച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഡോക്ടര്‍ അബ്ദുല്‍ സലാം, ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോസഫ് പടമാടന്, അജി തോമസ് വൈസ് പ്രസിഡന്റ് ഡാനി ജെ പോള്‍, ജില്ലാ പ്രസിഡന്റ് ഡെന്നിസ് തുടങ്ങിയവര്‍ പങ്കെടുത്തു. എറണാകുളം, മലപ്പുറം കോഴിക്കോട് എന്നിവിടങ്ങളിലും പരിപാടി സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: