മൂന്നാര്‍: മുതിര്‍ന്ന സിപിഎം നേതാവും ദേവികുളം മുന്‍ എംഎല്‍എയുമായ എസ്. രാജേന്ദ്രനെതിരേ പാര്‍ട്ടിതല അന്വേഷണം പ്രഖ്യാപിച്ചതോടെ ഇടുക്കിയിലും സിപിഎമ്മിലെ പടലപ്പിണക്കം മറനീക്കി. കഴിഞ്ഞ നിമയസഭാ തെരഞ്ഞെടുപ്പില്‍ സജീവമായില്ലെന്ന് പറഞ്ഞ് മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി. സുധാകരനെതിരേ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ അടവ് നയം മൂന്നാറിലും പരീക്ഷിക്കുന്നത്.
രാജേന്ദ്രനെതിരെ പാര്‍ട്ടിതല അന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. ദേവികുളത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ എ. രാജക്ക് വേണ്ടി പ്രചാരണ രംഗത്ത് സജീവമായിരുന്നില്ലെന്നാണ് ആരോപണം.
മൂന്ന് തവണ എംഎല്‍എ ആയ രാജേന്ദ്രന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാന്‍ രാജക്കെതിരേ കുപ്രചരണം നടത്തിയെന്നും തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ വിഭാഗീയതയ്ക്ക് ശ്രമിച്ചെന്നുമാണ് ആരോപണം. രാജേന്ദ്രന് വിട്ടുനിന്നതോടെ പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന് അടിമാലിയില്‍ നേരിട്ടെത്തി നേതൃത്വം നല്‍കിയിരുന്നു. ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്താനാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.വി. വര്‍ഗീസ്, വി.എം. മോഹനന് എന്നിവരെ കമ്മീഷനായി നിയോഗിച്ചത്.
അതേസമയം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒതുക്കാനുള്ള ഒരുവിഭാഗത്തിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ അന്വേഷണമെന്നാണ് രാജേന്ദ്രന്റെ വാദം. തന്റെ കൂടി ശ്രമഫലമായാണ് മണ്ഡലത്തില്‍ വികസനം നടത്തിയത്. എന്നാല്‍ പേരു പോലും പറയാതെ തന്നെ മാറ്റി നിര്‍ത്തിയാണ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയതെന്നും രാജേന്ദ്രന് പറയുന്നു.
2006 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ എംഎല്‍എ ആയ രാജേന്ദ്രന് ഇത്തവണയും സ്ഥാനാര്‍ത്ഥിത്വം പ്രതിക്ഷിച്ചിരുന്നു. പള്ളര്‍ സമുദായത്തില്‍പ്പെട്ട എസ്. രാജേന്ദ്രന് മാറിയതോടെ ഇവരുടെ വോട്ട് കുറഞ്ഞെന്നാണ് ആക്ഷേപം. എന്നാല്‍ പാര്‍ട്ടിയിലെ വെട്ടിനിരത്തലിന്റെ ഭാഗമായുള്ള ഗ്രൂപ്പുകളിയാണ് ഇതിനു പിന്നിലെന്നും മുതിര്‍ന്ന നേതാവായ തന്നെ സ്ഥാനം നല്‍കാതെ ഒതുക്കാനാണ് നീക്കമെന്നും രാജേന്ദ്രന്റെ അടുപ്പക്കാര്‍ വ്യക്തമാക്കുന്നു.
അതേസമയം അടുത്തിടെ നെടുങ്കണ്ടത്ത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.എന്‍. വിജയന് പാര്‍ട്ടി വനിതാ പ്രവര്‍ത്തകയോട് നടത്തിയ അശ്ലീല പ്രണയ സല്ലാപം പുറത്ത് വന്നത് പാര്‍ട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു.
പ്രചരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തി: എസ്. രാജേന്ദ്രന്
വിളിച്ച പരിപാടികള്‍ക്ക് പ്രസംഗിക്കാന്‍ പോയിരുന്നു, മറ്റിടങ്ങളില്‍ വിളിക്കാതെ മാറ്റി നിര്‍ത്തിയെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്. 38 വര്‍ഷമായി വിശ്വസിക്കുന്ന പാര്‍ട്ടിക്ക് താന്‍ എതിരല്ല, ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. തന്റെ ഭാഗത്ത് തെറ്റുണ്ടായിരുന്നെങ്കില്‍ അത് നേരത്തെ ചൂണ്ടിക്കാട്ടണമായിരുന്നു. ഫലം വന്ന് ഏറെ കഴിഞ്ഞപ്പോള്‍ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: