കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചു കേസില്‍ ബെംഗളൂരുവില്‍ നിന്നെത്തിച്ച പ്രതി ഇബ്രാഹിമിനെ ചോദ്യം ചെയ്യലിന് വിട്ടുകിട്ടുന്നതിന് പോലീസ് കോടതിയില്‍ അപേക്ഷ നല്കി. ഇതുസംബന്ധിച്ച് ഇന്ന് തീരുമാനമറിയാമെന്നും അസി. കമ്മിഷണര്‍ ടി.പി. ശ്രീജിത്ത് പറഞ്ഞു. ബെംഗളൂരുവില്‍ സമാന്തര എക്സ്ചേഞ്ച് കേസിലെ പ്രതികള്‍ക്ക് കോഴിക്കോട് കണ്ടെത്തിയ എക്സ്ചേഞ്ചുകളുമായി ബന്ധമുണ്ടെന്ന് പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കിടന്ന പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിച്ചത്. ഇയാളെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
നഗരത്തിലെ സമാന്തര ടെലിഫോണ്‍ എക്സചേഞ്ചുകളില്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡുകള്‍ ഭൂരിപക്ഷവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മേല്‍വിലാസമുള്ളവയാണ്. കേരളത്തിലെത്തിയ അസം, ബംഗാള്‍ സ്വദേശികളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എടുത്തതാണ് ഇവയെന്നാണ് പോലീസ് നിഗമനം. ഏഴ് ടെലിഫോണ്‍ എക്സ്
ചേഞ്ചുകളില്‍ നിന്നായി 713 സിം കാര്‍ഡുകളാണ് പോലീസ് കണ്ടെത്തിയത്. ഇവയുടെ വിശദാംശങ്ങള്‍ തേടി മൊബൈല്‍ കമ്പനികള്‍ക്ക് കേസ് അന്വേഷിക്കുന്ന സിറ്റി ക്രൈംബ്രാഞ്ച് കത്തു നല്‍കും. എന്നാല്‍, സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിപ്പുകാര്‍ക്ക് അസം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്ഥിരമായി പാഴ്സലുകള്‍ എത്തിയിരുന്നത് കൂടുതല്‍ സംശയത്തിനിട നല്കുന്നു. ഇതോടെ നടത്തിപ്പുകാരുടെ ഉത്തരേന്ത്യന്‍ ബന്ധം കൂടി അന്വേഷണ പരിധിയില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: