കോഴിക്കോട്: പോലീസുകാരന്റെ വീട്ടിലെ ഉഗ്രസ്ഫോടനത്തില്‍ ഇനിയും ദുരൂഹത മാറിയിട്ടില്ല. മാസം മൂന്നു കഴിഞ്ഞിട്ടും ഫൊറന്‍സിക് ഫലം പോലും വരാത്തത് പോലീസിന്റെ അറിവോടെ കേസ് തേച്ചുമായ്ച്ചു കളയാനാണെന്നാണ് ആരോപണം. ഭരണകക്ഷിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടു കൂടിയാണ് ഫൊറന്‍സിക് ഫലം വൈകിപ്പിക്കുന്നത് എന്നാണ് വിവരം. എന്നാല്‍, പ്രദേശവാസികളുടെ വീടുകള്‍ക്ക് സംഭവം നടന്ന് ആഴ്ചകള്‍ക്കകം അറ്റകുറ്റപ്പണികള്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെ ചെയ്തു കൊടുത്തതിലൂടെ സംഭവത്തിലെ സിപിഎം സ്വാധീനം മറനീക്കി പുറത്തു വന്നിരുന്നു.
സിപിഎം പാര്‍ട്ടി ഗ്രാമമായ പ്രദേശത്ത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് സിപിഎം പ്രവര്‍ത്തകര്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ നശിപ്പിക്കുകയും സ്ഥാനാര്‍ഥിക്ക് നേരെ കൊലവിളി ഉയര്‍ത്തുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്കു മുമ്പ് നടന്ന രണ്ട് തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും ഉഗ്രസ്ഫോടനം നടന്ന പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്നും ഈ മേഖല കേന്ദ്രീകരിച്ച് ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ സംഘത്തിന് വിവരമുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിന് ഒരു വിളിപ്പാടകലെ ഇത്ര ഗൗരവമേറിയ സ്ഫോടനം നടന്നിട്ടും ഫൊറന്‍സിക് പരിശോധന ഫലം പോലും ലഭ്യമാകാത്തത് ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥതയാണെന്നാണ് വിവിധ രാഷ്ട്രീയ കക്ഷികള്‍ ആരോപിക്കുന്നത്.
സഹപ്രവര്‍ത്തകനായ പോലീസുകാരന്റെ വീട്ടില്‍ ഉഗ്രസ്ഫോടനം നടന്നിട്ടും പോലീസ് സമീപനം മന്ദഗതിയിലാണെങ്കില്‍ സാധാരണക്കാരന്റെ കേസുകളുടെ അന്വേഷണം എന്താകുമെന്നാണ് ജനങ്ങളും ചോദിക്കുന്നത്. സ്ഫോടനത്തിനു തൊട്ടുപിന്നാലെ അവിടെയെത്തിയ പ്രദേശവാസികളും ഫയര്‍ഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥരും കരിമരുന്ന് ഗന്ധം ഉണ്ടെന്നു സമ്മതിച്ചിട്ടുണ്ട്. പോലീസ് അനൗദ്യോഗികമായി അന്വേഷിച്ച് പൊട്ടിയത് ഗ്യാസ് അല്ലെന്നും ഉന്നത മേധാവികളെ ധരിപ്പിച്ചിട്ടുണ്ട്. എന്നാലും നാട്ടുകാരുടെയും ഫയര്‍ ഫോഴ്സിന്റെയും നിഗമനങ്ങളെ പോലീസ് പാടെ തള്ളിക്കളയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: