അരുമയായ പൂച്ചകളെന്താണിങ്ങനെ? രാഷ്ട്രീയ മാന്തിക്കീറല്‍ ഒരജണ്ടയായി ഏറ്റെടുത്തിരിക്കുകയാണോ? സംശയം സജീവമാണ്. വെറും സംശയമല്ലതാനും. അതിനാല്‍ തന്നെ ഒരു മന്ത്രി പരവേശപ്പെടുകയാണ്. ഉപ്പു തിന്നവന്‍ വെള്ളം കുടിച്ചു കൊണ്ടേയിരിക്കുമെന്നല്ലേ ആചാര്യമതം.സ്വതേ മനുഷ്യന്റെ ഇഷ്ടതോഴരാണ് പൂച്ചകള്‍. ആയതിനാല്‍ തന്നെ പ്രിയപ്പെട്ടവരെ പ്രേമപൂര്‍വം ‘എന്റെ പൂച്ചക്കുട്ടീ ‘ എന്നു വിളിക്കാറുമുണ്ട്. (ക്ഷമിക്കണം, ചില ഫഌഷ്ബാക്കുകള്‍ മിന്നുന്നുണ്ട് ) എന്നാല്‍ അതൊക്കെ കനത്ത പാരകളാവുകയാണ്.
‘പൂച്ചയാണിന്നെന്റെ ദുഃഖം’ എന്നൊരു കവി എഴുതിയിട്ടുണ്ട്. കവിയെ പൂച്ച എങ്ങനെ കണ്ണീരണിയിച്ചു എന്നത് അജ്ഞാതമായി കിടക്കുന്നു. എന്തുകൊണ്ട് പൂച്ച എന്നൊന്നും ചോദിക്കാന്‍ ആരും തുനിഞ്ഞിട്ടില്ല. കടന്നു കാണുന്നവരോട് കാര്യം തിരക്കാത്തതാണ് നന്ന്. അതെന്താ അങ്ങനെ എന്നു ചോദിച്ചാല്‍ അങ്ങനെത്തന്നെ എന്ന മറുപടി മാത്രം.
എന്നാല്‍ ഈ പൂച്ച രാഷ്ട്രീയത്തിലും സംസ്കാരത്തിലും ഇടയ്ക്കിടെ ‘ ങ്യാവൂ’ കരഞ്ഞ് ഒരുപാട് കൊയമാന്തരം ഉണ്ടാക്കുന്നുണ്ട്. ആ കരച്ചില് ചിലര്‍ക്ക് ആഹ്ലാദമാണ്; മറ്റു ചിലര്‍ക്ക് പ്രാണവേദനയും. ഒരു പൂച്ച ഇങ്ങനെ അലോസരപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയാല്‍ എന്താ ചെയ്യുക? എന്നും മനുഷ്യരുമായി ഏറെ ഇഴയടുപ്പത്തോടെ കുണുങ്ങിക്കുറുകി നടക്കുന്ന പൂച്ചയ്ക്ക് ഇങ്ങനെ തോന്നാന്‍ എന്താണു കാരണമെന്ന് പിടികിട്ടാതായിരിക്കുന്നു. ഏറ്റവും നല്ല അടുപ്പക്കാരാണല്ലോ ഏറ്റവും കൂടുതല്‍ തലവേദനയുണ്ടാക്കുക. അതുകൊണ്ടു തന്നെ അകന്നവന്‍ അടുക്കുമ്പോഴും അടുത്തവന് അകലുമ്പോഴും നിതാന്ത ജാഗ്രത വേണമെന്ന് ഗുരുക്കന്മാര് ഉപദേശിക്കാറുണ്ട്.
മന്ത്രിയായതു മുതല്‍ ഒരാളെ പൂച്ച വിടാതെ പിന്തുടരുകയാണ്. നേരത്തെ ആ പൂച്ചയുടെ ഇടപെടല്‍ ഗുരുതര സ്ഥിതിഗതിയില്‍ എത്തിയപ്പോള്‍ രാജിവെച്ച് സ്ഥലം കാലിയാക്കി. അന്ന് കോഴിക്കോട്ടെ പത്രക്കാരുടെ മുമ്പില്‍ വെച്ചായിരുന്ന രാജി പ്രഖ്യാപനം. സ്നേഹസമ്പന്നനും മണ്ഡലത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്നയാളുമായ മന്ത്രി പദവിവിട്ട് ഇറങ്ങിപ്പോവുമ്പോള്‍ ഏറെ വേദനിച്ചത് മാധ്യമ മഹിതാശയന്മാരാണ്. കാര്യങ്ങള്‍ നേരെചൊവ്വേ പറയുന്ന ഒരാള്‍ക്ക് ഇങ്ങനെയൊരു ഗതി വന്നതിലുള്ള ദുഃഖമായിരുന്നോ എന്നു ചോദിച്ചാല്‍ ഉത്തരം പറയാനാവില്ല. ഒരു പാട് സ്റ്റോറിക്കുള്ള വഹ ഒറ്റയടിക്കവസാനിക്കുമ്പോള് എങ്ങനെ വ്യസനിക്കാതിരിക്കും?
പെഗാസസ് ചാരപ്പണി മൂലമായിരുന്നോ അന്ന് സ്ഥാനം നഷ്ടപ്പെടാന്‍ കാരണമായതെന്നതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. കാരണം മാധ്യമ മഹിതാശയന്മാര് തന്നെ ഒരുക്കിയ ‘ഹണിട്രാപ് ‘ ആയിരുന്നു അന്നത്തെ പൂച്ചക്കഥയ്ക്കു പിന്നിലെന്ന് പിന്നീടറിഞ്ഞതാണല്ലോ. അതിന്റെ ഉള്ളറകളിലേയ്ക്ക് പോയതിനെ തുടര്‍ന്ന് കേസും കൂട്ടവുമായി മാധ്യമക്കാര് പെരുവഴിയിലാവുകയും ചെയ്തു. നിഷ്കളങ്കമായ ഒരു മന്ത്രിത്വത്തിന്റെ യഥാര്‍ഥരൂപം തിരിച്ചറിഞ്ഞപ്പോള്‍ പഴയ മന്ത്രിസ്ഥാനം കിട്ടുകയും ചെയ്തു. എല്ലാം ഡബ്ള്ഓകെ ആയ അവസരത്തിങ്കലാണ് പുതിയൊരു പൂച്ചക്കുട്ടി തട്ടുമ്പുറത്തു നിന്ന് ചാടിവീണത്.
അന്ന് നേരിട്ട് പൂച്ച സംവാദമായിരുന്നെങ്കില്‍ ഇത് ഒരു മധ്യസ്ഥറോള്‍ മാത്രമാണ്. അതും പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്താനുള്ള തീവ്രശ്രമം. ആവശ്യക്കാരന് എന്ത് ഔചിത്യം എന്നല്ലേ പ്രമാണം. സത്യത്തില്‍ നിഷ്കളങ്ക മാനസികാവസ്ഥയായതു കൊണ്ട് കാര്യങ്ങള്‍ നേരെചൊവ്വെ പോകണമെന്നേ മന്ത്രിക്കുണ്ടായിരുന്നുള്ളൂ. വളഞ്ഞ വഴിയെക്കുറിച്ച് ശീലമില്ല എന്നു മാത്രമല്ല ആരാനും ആ വഴിക്ക് പോകുന്നതു കണ്ടാല്‍ പിടിച്ചു മാറ്റുകയും ചെയ്യും. പാര്‍ട്ടിക്കാരന്റെ മകളുടെ പീഡന പരാതി ഇരുചെവിയറിയാതെ തീര്‍ക്കണമെന്ന് സ്നേഹബുദ്ധ്യാ ഉപദേശിക്കുകയായിരുന്നു. സ്ത്രീയുടെ കണ്ണീരിന്റെ കരുത്ത് തന്നെപ്പോലെ മറ്റാരറിയാന്‍ !
എന്നാല്‍ പെഗാസസ് പോലെ ഒരു ഭൂതം കുടംതുറന്ന് പുറത്തു വരുമെന്ന് ആരാനും കരുതിയതാണോ? എല്ലാം തട്ടിത്തകര്‍ക്കാന്‍ വിജ്രംഭരിതരായി പലരും നില്‍ക്കുകയാണ്. ഒരു വനിതയുടെ ഭാവി മാത്രമേ മന്ത്രിയുടെ മനസ്സിലുണ്ടായിരുന്നുള്ളൂ. വനിതകള്‍ക്ക് ഏറ്റവും സുരക്ഷയൊരുക്കിക്കൊടുക്കാന്‍ ദത്തശ്രദ്ധനായ മുഖ്യമന്ത്രിക്ക് താങ്ങും തണലുമായി നില്ക്കുക മാത്രമേ ചെയ്തുള്ളൂ. അതിനാണിപ്പോള്‍ നാലുപാടുംനിന്ന് കൊത്തിയരിയുന്നത്.
മധുവിധു നാളില്‍ തന്നെ ചാവടിയന്തരത്തിനു കൂടണമെന്നു വരുന്നത് എത്ര ഹൃദയ ഭേദകമാണ്. മധുചഷകം നിറഞ്ഞത് ഉറുഞ്ചിക്കുടിച്ചു തീരും മുമ്പെ എന്തിനാണ് തട്ടിത്തെറിപ്പിക്കുന്നതെന്ന ദയനീയ ചോദ്യവും നോട്ടവും നിങ്ങളാരും കാണുന്നില്ലേ ? നിങ്ങള്‍ക്കൊന്നും പറയാനില്ലേ മാളോരേ? ഇങ്ങനെ ഒരു മന്ത്രിയെ പരീക്ഷിക്കാമോ? പൂച്ചകളേ ഇനിയെങ്കിലും മനുഷ്യന്മാരുടെ, പ്രത്യേകിച്ച് മന്ത്രി കുലോത്തമന്മാരുടെ സൈ്വരവിഹാരത്തിന് ഭംഗം വരുത്തരുത്, പ്ലീസ്. എങ്ങനെയെങ്കിലും കഴിഞ്ഞു പൊയ്ക്കോട്ടെ. ഇവിടെയെത്താനുള്ള പങ്കപ്പാട് എത്ര പറഞ്ഞാലും നിങ്ങള്‍ക്ക് മനസ്സിലാവൂല്ല.
മനസ്സിലായ ഒരേയൊരാള്‍ മുഖ്യമന്ത്രിയാണ്. കാര്യങ്ങളുടെ കിടപ്പുവശം ചുരണ്ടിയെടുക്കുന്നതില് അഗ്രേസരനായ അദ്ദേഹം കൂടെയുള്ളപ്പോള്‍ കിം ഭയം ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: