മലയാളി നിര്‍മിച്ച അടുക്കള അസിസ്റ്റന്റ് ആപ്ലിക്കേഷനെ വന്‍തുകയ്ക്ക് ഏറ്റെടുത്ത് കനേഡിയന്‍ കമ്പനി. കോഴിക്കോട് സ്വദേശി രാകേഷ് ഇടവലത്തും സംഘവും നിര്‍മിച്ചെടുത്ത പാചകറെസിപ്പികള് പങ്കുവയ്ക്കുന്ന സെലിഷ് എന്ന സ്മാര്‍ട് കിച്ചണ്‍ മൊബൈല്‍ ആപ്ലിക്കേഷനാണ് പ്രശസ്തമായ ടൈനി ഷെഫ് കമ്പനി ഏറ്റെടുത്തത്.
മലയാളിയായ രാകേഷ് ഇടവലത്തും അര്‍പ്പിത് ജോസഫും സാക്ഷി ജെയിനും ചേര്‍ന്നാണ് സെലിഷ് തുടങ്ങിയത്. പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം കൊണ്ടുതന്നെ ഒരുലക്ഷത്തിലേറെ ഉപയോക്താക്കളെ നേടിയ സെലിഷ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വന്‍ വിജയമായിരുന്നു. 2020 ലെ മികച്ച ആപ്പുകളിലൊന്നായി ഗൂഗിള്‍ പ്ലേ സെലിഷിനെ തെരഞ്ഞെടുത്തിരുന്നു.
2020 ലെ ബെസ്റ്റ് അപ് കമിങ് ആപ്പായി ഗൂഗിള്‍ പ്ലേ എഡിറ്റേഴ്സ് ചോയ്സ് പുരസ്കാരവും സെലിഷ് നേടി. ഇതിന് പിന്നാലെ 2021 ലെ ബൊഷ് സീമെന്‍സ് ഹോം സ്റ്റാര്‍ട് അപ് അവാര്‍ഡും സെലിഷ് സ്വന്തമാക്കിയിരുന്നു. അതിനുപിന്നാലെയാണ് ടൈനി ഷെഫ് സെലിഷിനെ സ്വന്തമാക്കുന്നത്. ഇതോടെ സ്റ്റാര്‍ട് അപ് രംഗത്തെ മലയാളി വിജയത്തിന്റെ മറ്റൊരു ചരിത്രം കൂടിയാണ് എഴുതപ്പെടുന്നത്.
രാകേഷ് ഇടവലത്തിന്റെ വിജയകഥയുടെ പിന്നില്‍
സ്റ്റാര്‍ട് അപ് കമ്പനികളിലൂടെ യുവസംരഭകരെ സൃഷ്ടിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് രാകേഷിന്റെ വിജയം. 2005 ല്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്ന് ഇലക്ട്രോണിക് എന്‍ജിനീയറിങില്‍ ബിരുദവുമായി പുറത്ത് വന്ന രാകേഷിന്റെ മനസില്‍ സ്വന്തം കമ്പനി എന്ന ആശയമുണ്ടായിരുന്നെങ്കിലും ആദ്യം കിട്ടിയ ജോലി നിരസിച്ചില്ല. കോഗ്നിസന്റില്‍ രണ്ടുവര്‍ഷം ജോലി ചെയ്ത ശേഷം ഭുവനേശ്വറിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്ന് ഐടിയില്‍ എംബിഎ നേടി. ഐടി ഡവലപ്പര്‍ എന്ന പ്രൊഫൈല്‍ ഐടി സംരഭകന് എന്ന നിലയിലേക്ക് മാറ്റാനുള്ള ആത്മവിശ്വാസം അവിടുന്നാണ് ലഭിച്ചത്.
പിന്നീട് ജെപി മോര്ഗനിലും ഗോള്‍ഡ്മാന്‍ സാഷിലും മാനേജ്മെന്റ് ജോലി ചെയ്തു. 2015 ല്‍ ഗോള്‍ഡ്മാന്‍ സാഷില്‍ വൈസ് പ്രസിഡന്റായിരിക്കെയാണ് വലിയ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സ്റ്റാര്‍ട് അപ്പിലേക്ക് വരുന്നത്. പരാജയം രുചിച്ച് തന്നെയായിരുന്നു തുടക്കം. ആദ്യം തുടങ്ങിയ സ്പോര്‍ട് മാനേജ്മെന്റ് ആപ്പ് എന്ന സ്റ്റാര്‍ട്അപ് വിജയം കണ്ടില്ല. ഇതോടെ അപാര്‍ട്മെന്റ് കോംപ്ലക്സുകളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുന്ന മൈ ഗേറ്റ് എന്ന സ്റ്റാര്‍ട് അപ്പിനൊപ്പം ചേര്‍ന്ന് അവരുടെ പ്രോഡക്റ്റ് മാനജ്മെന്റ് മേധാവിയായി. അപ്പോഴും സ്വന്തം സ്റ്റാര്‍ട് അപ് എന്ന മോഹം കൈവിട്ടില്ല.
അതിനിടയില്‍ സ്വന്തം ജീവിതത്തിലെ തന്നെ ബുദ്ധിമുട്ടാണ് സ്റ്റാര്‍ട്ട് അപ്പായി പിറവിയെടുത്തത്. എല്ലാ ദിവസവും രാവിലെ എഴുന്നേല്ക്കുമ്പോള് മുതല്‍ വൈകിട്ട് വരെ ഭക്ഷണമെന്താണെന്ന് ചിന്തിക്കുന്നവരാണ് ഇന്ത്യയിലുള്ളവര്‍ ഏറെയും. ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്നവരാണെങ്കില്‍ ഇത് ഏറെ തലവേദനയാണ്. ഇവിടെയാണ് സെലിഷ് എന്ന അടുക്കളസഹായി എന്ന ആലോചന തന്നെ വന്നത്. സെലിഷിനെ ടൈനി ഷെഫ് ഏറ്റെടുത്തതോടെ ടൈനി ഷെഫിന്റെ ചീഫ് പ്രോഡക്റ്റ് ഓഫീസറാണ് രാകേഷ് ഇപ്പോള്‍. ഭാര്യ അര്‍ച്ചന ചിദംബരനാഥനും മകള്‍ നിഹാരികക്കുമൊപ്പം നിലവില്‍ ബെംഗളൂരുവിലാണ് രാകേഷ്.
അടുക്കളയെ സ്മാര്‍ട്ട് ആക്കിയ സെലിഷ്
അടുക്കളയില്‍ പണിയെടുക്കുന്ന ഒരു ആന്‍ഡ്രോയിഡ് കുഞ്ഞന്‍ ആപ്പാണ് സെലിഷ്. ഇന്ത്യയിലെ നാല്‍പ്പത് ലക്ഷം മിഡില്ക്ലാസുകാരില് ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്നവരാണ്. ഈ ചിന്തയ്ക്ക് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരുന്നത് ഇവര്‍ക്കാണ് എന്ന ആശയമാണ് സെലിഷിലേക്ക് നയിച്ചത്. എന്ത് ഭക്ഷണമുണ്ടാക്കും വീട്ടുസാധനങ്ങള്‍ എപ്പോള്‍ തീരും എപ്പോള്‍ വീണ്ടും വാങ്ങിക്കണം ഇതിലൊക്കെ സെലിഷ് ഉപദേശം നല്‍കും. അതായത് ഒന്നും പറയേണ്ട എല്ലാം കണ്ടറിഞ്ഞ് സെലിഷ് ചെയ്തോളും. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സെലിഷ് ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയുക. അങ്ങനെ ഇതിനെ കസ്റ്റമൈസ് ചെയ്യാനാകും.
പാചക റെസിപ്പികളും സെലിഷില് ഉണ്ട്. ഇതിന്റെ കു്ക്കിങ് വീഡിയോകളുമുണ്ട്. ഇതിന് പുറമേ സെലിഷ് വഴി പലചരക്ക് അടക്കമുള്ള വീട്ടു സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും സാധിക്കും. വീട്ടിലെ ഓരോരുത്തരുടേയും ഡയറ്റ് പ്ലാനും ഭക്ഷണശീലങ്ങളും മനസിലാക്കി ഓരോ ദിവസവും എന്ത് ഭക്ഷണമുണ്ടാക്കണമെന്ന് റെസിപ്പിയടക്കം സെലിഷ് പറയും. അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഏതെന്ന് പറഞ്ഞാല്‍ അതൊഴിവാക്കിയുള്ള റെസിപ്പിയാകും സെലിഷ് തരിക. രാജ്യത്തെ 5 പ്രധാന നഗരങ്ങളില്‍ സെലിഷിന് ഹോം ഡെലിവറിയുമുണ്ട്.
ഇനി ടൈനി ഷെഫും ടെക്നോളജിയിലേക്ക്
പത്തുലക്ഷത്തിലധികം പേരുപയോഗിക്കുന്നതാണ് ടൈനി ഷെഫ് എന്ന റെസിപ്പി ആപ്ലിക്കേഷന്‍. ദിവസവും ഒരുലക്ഷത്തിലധികം പേര് ഇത് ഉപയോഗിക്കുന്നത്. നോര്‍ത്ത് അമേരിക്കയിലും കാനഡയിലും വേരുറപ്പിക്കാനാണ് ടൈനി ഷെഫിന്റെ ശ്രമം. സെലിഷിനെ ഏറ്റെടുക്കുന്നതോടെ റെസിപ്പി ആപ്ലിക്കേഷനില്‍ നിന്ന് മെനു പ്ലാനിങും ഗ്രോസറി വാങ്ങലും കൂടി ഉള്‍പ്പെടുത്തി ടൈനി ഷെഫ് കൂടുതല്‍ ടെക് ആകും. കാനഡയിലും നോര്‍ത്ത് അമേരിക്കയിലും ഈ സാങ്കേതിക വിദ്യയോടെ ചുവടുറപ്പിക്കാനാണ് ടൈനി ഷെഫിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: