നെടുങ്കണ്ടം: നെടുങ്കണ്ടത്ത് ദിവസങ്ങളായി പെയ്യുന്ന മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടം. പാറത്തോട്, നെടുങ്കണ്ടം, മുണ്ടിയെരുമ, പാമ്പാടുംപാറ തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
പാറത്തോട്ടില്‍ വീട് അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് നാല് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. കാറ്റിലും മഴയിലും വിവിധ സ്ഥലങ്ങളില്‍ കൃഷിനാശവും നേരിട്ടു. മേലേ ചിന്നാര്‍- പെരിഞ്ചാംകുട്ടി റോഡിന്റെ സൈഡ് ഇടിഞ്ഞതിനെത്തുടര്‍ന്ന് റോഡ് അപകടാവസ്ഥയിലായി.
മുണ്ടിയെരുമ മൂന്നുമുക്കില്‍ രണ്ട് വീടുകളുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെത്തുടര്‍ന്ന് വീടുകള്‍ അപകടാവസ്ഥയിലായി. നടുവീടില്‍ ദേവസ്യാ ജോസഫ്, പുളിഞ്ചുവള്ളില്‍ മുരളീധരന് എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലായത്. ഇവരുടെ വീടിന്റെ സംരക്ഷണഭിത്തിയുടെ കല്‍ക്കെട്ടും മറ്റും ഇടിഞ്ഞ് മുണ്ടിയെരുമ- കോമ്പയാര്‍ റോഡില്‍ വീഴുകയായിരുന്നു.
പാറത്തോട് മെട്ടകിലില് പാറയ്ക്കല്‍ രങ്കരാജന്‍, വീരഭാസ്കര്, ആകാശ് ഭവനില്‍ വേല്മുരുകന് എന്നിവരുടെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. ഭിത്തികള്‍ക്ക് വിള്ളല്‍ വീണതിനാല്‍ ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: