അനുദിനം കാണുന്ന വാര്‍ത്തകളും കേള്‍ക്കുന്ന വിവരങ്ങളും ആരെയും അത്ഭുതപ്പെടുത്തുകയാണ്. കരിപ്പൂര്‍ വിമാനത്താവളം വഴി വന്ന സ്വര്‍ണക്കടത്ത് മുഖ്യ ഭരണകക്ഷിയുടെ ജീര്‍ണതയെയാണ് പുറംലോകത്ത് എത്തിച്ചത്. കള്ളസ്വര്‍ണം മൂന്നായി വീതംവയ്ക്കുമ്പോള്‍ ഒരു പങ്ക് പാര്‍ട്ടിക്കെന്ന വെളിപ്പെടുത്തലുണ്ടായി. ആ പങ്കുവയ്പ് വിരുതന്റെ ഉറ്റ സുഹൃത്തും സഹചാരിയുമായ ഒരാള്‍ വാഹനാപകടത്തില്‍ മരിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ റിമാന്റില്‍ കഴിയുന്ന അര്ജുന് ആയങ്കിയുടെ കൂട്ടാളി റിമീസിനെ ചോദ്യം ചെയ്യാനിരിക്കെ അപകടം ആരെങ്കിലും ബോധപൂര്‍വ്വം സൃഷ്ടിച്ചതല്ലെന്ന് ആരുംവിശ്വസിക്കുന്നില്ല.
പി.ബി. മെമ്പറും സംസ്ഥാന സെക്രട്ടറിയുമായ വലിയ നേതാവിന്റെ മകന് ബംഗളുരു ജയിലിലാണ്. വിദ്യാര്‍ഥി-യുവജന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന്റെ പേരിലല്ല ഇത്. കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരില്‍, മയക്കുമരുന്ന് കടത്തിയതിന്റെ പേരില്‍. ഈ കൂലിയും വേലയുമില്ലാത്ത മോന് എവിടെ നിന്ന് കിട്ടി കോടികള്‍ എന്ന് അച്ഛനോ പാര്‍ട്ടിയോ അന്വേഷിച്ചോ? കോടികള്‍ മുടക്കി മകന് വാങ്ങിയ കൊട്ടാര സദൃശ്യമായ വീട്ടില്‍ താമസിക്കുമ്പോഴെങ്കിലും അതന്വേഷിക്കാമായിരുന്നു.
മക്കളോട് തെറ്റായ പോക്ക് തിരുത്താന്‍ പറയാത്ത നേതാക്കള്‍ക്ക് എങ്ങനെ അണികളെ വിലക്കാന്‍ കഴിയും? അതാണ് ഇപ്പോള്‍ കേരളത്തില്‍ കണ്ടുവരുന്നത്. സ്വര്‍ണക്കള്ളക്കടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും. സഹകരണ ബാങ്ക് വെട്ടിപ്പിലും പാര്‍ട്ടി. പീഡനകേസുകളുടെ ചരിത്രം പരിശോധിച്ചാലും പാര്‍ട്ടിക്ക് അഭിമാനം നമ്മുടെ സഖാക്കളാണ് മുന്നിലെന്ന്! തട്ടിക്കൊണ്ട് പോകാനും ക്വട്ടേഷന്‍ പണിക്കും മിടുക്കുള്ളതും പാര്‍ട്ടിക്കാര്‍ക്ക്. ദൈവത്തിന്റെ സ്വന്തം നാടിനെ ചെകുത്താന്റെ കോട്ടയാക്കാന്‍ ശ്രമിക്കുന്ന വിചിത്ര ഭരണമാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു.
തിരുവനന്തപുരത്തെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചുള്ള സംശയം നീങ്ങിയിട്ടില്ല. സ്വര്‍ണക്കടത്തിന് പിന്തുണ നല്കിയ ഓഫീസും മന്ത്രിമാരുടെ പെരുമാറ്റവും സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയതാണ്. രേഖകള്‍ നശിപ്പിക്കാന്‍ സെക്രട്ടറിയേറ്റിനകത്തെ ഫയലുകള്‍ കത്തിച്ചതും കേരളം കണ്ടു. പിന്നെ കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പാര്‍ട്ടി നേതാക്കളും സജീവ പ്രവര്‍ത്തകരും പങ്കാളികളായാല്‍ ആര്‍ക്കാണ് അതിനെ തള്ളിപ്പറയാന്‍ കഴിയുക?
അര്ജുന് ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ലീഡറുടെ ഉപദേശ പ്രകാരം നശിപ്പിച്ചെന്ന് ആദ്യം പറഞ്ഞിരുന്നു. സ്വര്‍ണക്കടത്തും കവര്‍ച്ചയും ആസൂത്രണം ചെയ്യുന്ന സംഘത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ ഉപയോഗിച്ചിരുന്ന ഫോണാണ് അര്ജുന് നശിപ്പിച്ചത്. ഫോണ്‍ പുഴയില്‍ കളഞ്ഞെന്നാണ് അര്ജുന് പറഞ്ഞിരുന്നത്.
വളപട്ടണം പുഴയോരത്തു നടത്തിയ തെളിവെടുപ്പിനു ശേഷമാണ് അര്ജുന് ഫോണ്‍ നശിപ്പിച്ചതായി വ്യക്തമാക്കിയത്. അര്‍ജുന്റെ ‘ലീഡറെ’ കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. ഫോണ്‍ നശിപ്പിച്ചതോടെ ഇതിലൂടെ നടത്തിയ വാട്സാപ് സന്ദേശങ്ങളുടെയും വിളികളുടെയും വിശദാംശങ്ങള്‍ കണ്ടെത്താനുള്ള നീക്കത്തിലാണ് കസ്റ്റംസ്. അതിനിടയിലാണ് റെമീസ് എന്ന ജീവിക്കുന്ന തെളിവിലൊന്നിനെ ഇല്ലാതാക്കിയത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍പ്പെട്ടവര്‍ക്കെതിരെ സംഘടനാതലത്തില്‍ നടപടിയെടുത്തുവെന്ന് സിപിഎം പറയുമ്പോഴും ഇവര്‍ക്ക് പാര്‍ട്ടിയിലെ പ്രമുഖരുമായുള്ള ബന്ധവും സ്വര്‍ണ്ണക്കടത്തിലെ പങ്കും നിഷേധിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ചില നേതാക്കളുടെ ആഢംബര ജീവിതവും കുറഞ്ഞ കാലം കൊണ്ടുള്ള സാമ്പത്തിക വളര്‍ച്ചയും അന്വേഷണ പരിധിയിലുണ്ട്.
അര്ജുന് ആയങ്കി ഉപയോഗിച്ച ചുവന്ന സ്വിഫ്റ്റ് കാര്‍ ഡിവൈഎഫ്ഐ നേതാവിന്റെതാണെന്ന് വ്യക്തമായപ്പോള്‍ ഇയാളെ സംഘടനാ ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നുവെങ്കിലും സിപിഎമ്മിന് സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം വെളിച്ചത്ത് വന്നത് ഈ സംഭവത്തോടെയാണ്. കുറ്റവാളികളെന്ന് കോടതി വിധിച്ചാലും സിപിഎമ്മിന് പ്രിയപ്പെട്ടവരാണെങ്കില്‍ അവര്‍ ജയിലില്‍, പ്രത്യേകിച്ച് കണ്ണൂര്‍ ജയിലില്‍, വിഐപികള്‍. അവര്‍ അവിടെ കിടന്ന് വിദേശത്തു നിന്നുള്ള സ്വര്‍ണക്കടത്തു നിയന്ത്രിക്കും, സ്വര്‍ണം പൊട്ടിക്കും, അവരെ പാര്‍ട്ടി സംരക്ഷിക്കും. എല്ലാം പങ്കു കച്ചവടം.
പാര്‍ട്ടി ഭരണത്തിലില്ലാത്തപ്പോഴും ഉള്ളപ്പോഴും സിപിഎമ്മുകാര്‍ക്ക് ജയിലുകള്‍ സുഖവാസ കേന്ദ്രങ്ങളാണ്. ഉദ്യോഗസ്ഥരെയും പാര്‍ട്ടി നേതാക്കളെയും ഭീഷണിപ്പെടുത്തിയും വിലപേശിയും മാസം തോറും പരോള്‍ നേടും. കള്ളക്കടത്ത് – കൊലപാതക സംഘങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഇവര്‍ ജയിലിലും പുറത്തും നിന്ന് ലക്ഷങ്ങള്‍ സമ്പാദിച്ച് മണിമാളികകള്‍ വരെ പണിയുന്നുണ്ട്.
ഭരണസ്വാധീനം ഉപയോഗിച്ച് സ്വര്‍ണം കടത്താനായി സഹകരണ ബാങ്കുകളെ ഉപയോഗിച്ചോയെന്നതാണ് അന്വേഷിക്കുന്നത്. സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജന്സികളേറ്റെടുക്കുമോയെന്ന ആശങ്കയും സിപിഎമ്മിനുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിവാദം സഹകരണ ബാങ്കുകളിലെത്തിയാല്‍ ബാങ്കുകളുമായി ബന്ധപ്പെട്ട് പാര്ട്ടിക്കാര് നടത്തിക്കൊണ്ടിരിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെല്ലാം കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തുമെന്നതാണ് നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുന്നത്. സഹകരണ വകുപ്പ് കേന്ദ്രം രൂപീകരിച്ചതിലും അമിത്ഷായുടെ ചുമതലയിലാക്കിയതിലും സിപിഎമ്മിന്റെ വെപ്രാളത്തിന് പിന്നില്‍ ഇതൊക്കെ കാരണങ്ങളാണ്.
സ്വര്‍ണക്കടത്തിന്റെ മൂന്നിലൊരു പങ്ക് പാര്‍ട്ടിക്കെന്ന് കള്ളക്കടത്ത് സംഘം ഓഡിയോയിലൂടെ നടത്തിയ വെളിപ്പെടുത്തലിന് മറുപടി പറയാനാവാതെ സിപിഎം നേതൃത്വം കുഴങ്ങുകയാണ്. അതിനിടയിലാണ് സഹകരണബാങ്കുകളില്‍ നിന്നുള്ള നിക്ഷേപ തട്ടിപ്പുകള്‍. തൃശൂരിലെ കരുവന്നൂര്‍ സഹകരണബാങ്ക് 40 വര്‍ഷമായി സിപിഎം ഭരണത്തിലാണ്. അവിടെ നിന്ന് 104 കോടി രൂപ തട്ടി എന്ന് വകുപ്പുമന്ത്രി തന്നെ നിയമസഭയില്‍ സമ്മതിച്ചു. ഇത് ഒരു ഉദാഹരണം മാത്രം. ട്രഷറിയില്‍ പോലും പണം ഭദ്രമല്ലാതായിരിക്കുന്നു. അപ്പോഴാണ് ചോദിച്ചുപോകുന്നത് കേരളം എന്താണിങ്ങിനെ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: