മൂന്നാര്‍: കോടികള്‍ വിലമതിക്കുന്ന ആംബര്‍ ഗ്രിസു(തിമിംഗല ഛര്‍ദി) മായി 5 പേര്‍ പിടിയിലായി. തമിഴ്‌നാട്ടില്‍ നിന്ന് മൂന്നാറിലെത്തിച്ച് കൈമാറ്റം ചെയ്യുന്നതിനിടയിലാണ് ഇവരെ വനപാലകര്‍ പിടികൂടിയത്. 5 കിലോ വരുന്ന ഇതിന് ഏതാണ്ട് 7.5 കോടി രൂപ വിലമതിക്കും.
തമിഴ്‌നാട് ദിണ്ഡുക്കല്‍ ജില്ല വത്തല ഗുണ്ട് സ്വദേശികളായ മുരുകന്‍, രവികുമാര്‍ തേനി ജില്ല വംശനാട് സ്വദേശിയായ വേല്‍മുരുകന്‍, പെരിയകുളം സ്വദേശി സേതു, മൂന്നാര്‍ സെവന്‍മല എസ്റ്റേറ്റ് സ്വദേശിയായ മുനിസ്വാമി എന്നിവരാണ് പിടിയിലായത്. പഴയ മൂന്നാറിലെ ഒരു സ്വകാര്യ റിസോര്‍ട്ടിലെത്തിച്ച് കൈമാറുന്നതിനിടയിലാണ് വനപാലകര്‍ ഇവരെ പിടികൂടിയത്. വനം വകുപ്പിലെ ഇന്റലിജന്‍സ് വിഭാഗത്തിന് കിട്ടിയ രഹസ്യ സന്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്.
മൂന്നാര്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന്റെ കീഴിലുള്ള പെട്ടിമുടി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മൂന്നാര്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ ഹരീന്ദ്രകുമാര്‍ ആണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവൂ എന്ന് റെയിഞ്ച് ഓഫീസര്‍ പറഞ്ഞു.
കേരളത്തില്‍ ഇത് രണ്ടാം തവണയാണ് തിമിംഗല ഛര്‍ദി പിടികൂടുന്നത്. തൃശൂര്‍ ചേറ്റുവയില്‍ 30 കോടി വില വരുന്ന 19 കിലോ വരുന്ന ആംബര്‍ ഗ്രിസുമായി മൂന്ന് പേര്‍ ഈ മാസം 9ന് പിടിയിലായിരുന്നു. സുഗന്ധലേപന വിപണയില്‍ വന്‍ വിലയുള്ള ആംബര്‍ ഗ്രിസ് 1972ലെ വന്യജീവി നിയമ പ്രകാരം രണ്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടതാണ്. സുഗന്ധലേപനത്തിനായി അറബിനാടുകളില്‍ ആണ് ഇവ കൂടുതലും ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: