കോഴിക്കോട്: ഐഎന്‍എല്‍ പാര്‍ട്ടിയില്‍ വീണ്ടും ആഭ്യന്തര പ്രശ്നങ്ങള്‍. സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും തമ്മിലുള്ള ഭിന്നത ഫോണ്‍ സന്ദേശമായി പുറംലോകത്തെത്തി. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിളിക്കുന്നതിനെ ചൊല്ലിയാണ് പുതിയ പ്രശ്നം.
പാര്‍ട്ടിയുടെ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ സിപിഎം നേതാക്കളാണ്. മന്ത്രിക്ക് മുസ്ലിം ലീഗ് നേതാക്കളുമായാണ് സമ്പര്‍ക്കം തുടങ്ങിയ വിഷയങ്ങളാണ് പുതിയ വിഷയം. നേരത്തേ, പാര്‍ട്ടിക്ക് നല്കിയ പിഎസ്സി മെമ്പര്‍ സ്ഥാനം ലേലം വിളിച്ച് 40 ലക്ഷം ചില നേതാക്കള്‍ സമ്പാദിച്ചെന്ന വിവാദം ഉയര്‍ന്നതാണ്. അന്ന് പാര്‍ട്ടി പിളരുമെന്ന സ്ഥിതിവന്നു. സിപിഎം നേതൃത്വം ഇടപെട്ടാണ് ഒഴിവാക്കിയത്.
സ്റ്റാഫ് നിയമനം സംബന്ധിച്ച വിവാദം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ഉടന്‍ ചേരണമെന്നും, യോഗം വിളിക്കാന്‍ അധികാരം തനിക്കുണ്ടെന്നും അറിയിച്ച് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുല്‍ വഹാബ് പാര്‍ട്ടി നേതാക്കള്‍ക്ക് അയച്ച ശബ്ദസന്ദേശം അണികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ജനറല്‍ സെക്രട്ടറിയോട് പാര്‍ട്ടി സെക്രട്ടേറിയറ്റ് വിളിക്കാന്‍ നേരിട്ട് ആവശ്യപ്പെട്ടു. 17നും 20നും രേഖാമൂലവും ആവശ്യപ്പെട്ടു. യോഗം ചേരുന്നില്ലെങ്കില്‍ ഭരണഘടനാപ്രകാരം തനിക്ക് അധികാരമുണ്ടെന്നും, ചെയ്യുമെന്നും എ.പി.അബ്ദുല്‍ വഹാബ് മുന്നറിയിപ്പ് നല്കി.
അതേസമയം, സംസ്ഥാന പ്രസിഡന്റിന്റെ നീക്കം വിഷയം സങ്കീര്ണമാക്കാനാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറയുന്നു. പാര്‍ട്ടി സെക്രട്ടറിയേറ്റ്, പ്രവര്‍ത്തകസമിതി യോഗം ചേരുന്ന 25ന് രാവിലെ ചേരാമെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ഐഎന്‍എല്‍ ആഭ്യന്തരകലഹത്തില്‍ ഇടപെട്ട സിപിഎം നേതൃത്വം മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെയും നേതൃത്വത്തെയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് തര്‍ക്കപരിഹാരത്തിന് ശ്രമിച്ചിരുന്നു. ഇടത് മുന്നണിയിലെയും സിപിഎമ്മിലെയും പ്രവര്‍ത്തകരെ മന്ത്രിയുടെ പരിപാടികള്‍ അറിയിക്കാറില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് തര്‍ക്കപരിഹാരത്തിന് വിളിച്ചത്. ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ സിപിഎം പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: