നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചികിത്സാ പദ്ധതിയായ ആയുര്‍വേദം കോവിഡ് മഹാമാരിക്കെതിരെ ബലവത്തായ പ്രതിരോധക്കോട്ട കെട്ടുകയാണ്. ആയുഷ് 64 എന്ന മരുന്നാണ് കോവിഡിന് പ്രതിവിധിയായി കണ്ടെത്തിയിരിക്കുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ആയുര്‍വേദ ഗവേഷണ സ്ഥാപനമായ സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് (സിസിആര്‍എഎസ്) ആണ് ആയുഷ് 64 ഗുളികകള്‍ വികസിപ്പിച്ചത്.
ആദ്യ ഘട്ടത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള മരുന്നെന്ന നിലയില്‍ ഉപയോഗിക്കപ്പെട്ട ആയുഷ് 64, കോവിഡ് രോഗത്തെ തന്നെ തടയാന്‍ പ്രാപ്തമാണെന്ന് പിന്നീട് ഗവേഷണത്തിലൂടെ കണ്ടെത്തുകയായിരുന്നു. രാജ്യത്ത് ആറ് സ്ഥലങ്ങളില്‍ നടത്തിയ ഗവേഷണ നിരീക്ഷണങ്ങളിലൂടെയാണ് ആയുഷ് 64, കോവിഡ് 19 നെ ചെറുക്കാന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയത്. ലക്ഷണങ്ങളില്ലാത്തതും നേരിയ തോതിലുള്ളതും ശരാശരിയുമായ കോവിഡ് രോഗബാധകളില്‍ മരുന്ന് മികച്ച ഗുണം നല്‍കുന്നെന്നാണ് ഗവേഷണ ഫലം. ഇതെത്തുടര്‍ന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം ഈ മരുന്ന് എല്ലാവരിലും എത്തിക്കാനുള്ള ശ്രമമാരംഭിച്ചു. ദേശീയ തലത്തില്‍ സന്നദ്ധ സംഘടനയായ സേവാഭാരതിക്കാണ് മരുന്നിന്റെ വിതരണച്ചുമതല. ഗുരുതരമായി രോഗം ബാധിക്കാത്തവര്‍ക്ക് രാജ്യമെങ്ങും മരുന്ന് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.
മലേറിയ രോഗത്തിനുള്ള മരുന്നെന്ന നിലയിലാണ് സിസിആര്‍എഎസ്, ആയുഷ് 64 കണ്ടെത്തിയത്. കിരിയാത്ത്, ഏഴിലംപാല, കഴഞ്ചിക്കുരു, കടുകുരോഹിണി എന്നിവ നിശ്ചിത അനുപാതത്തില്‍ സംയോജിപ്പിച്ച മരുന്ന് മലേറിയയ്ക്ക് ഗുണം ചെയ്തിരുന്നു. കോവിഡ് രോഗത്തെ ചെറുക്കാന്‍ ഈ മരുന്ന് ഉപയോഗിക്കാനാവുമോയെന്ന ആയുര്‍വേദ ഗവേഷകരുടെ ചിന്തയാണ് ക്ലിനിക്കല്‍ ട്രയലിലേക്കെത്തിയത്. നേരിയ തോതിലുള്ളതും ലക്ഷണങ്ങളില്ലാത്തതുമായ കോവിഡിനെ ചെറുക്കാന്‍ മരുന്ന് മതിയാകുമെന്ന കണ്ടെത്തല്‍ നിര്‍ണായകമായി. പൊതുവെയുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ക്ഷീണം, ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ എന്നിവയ്ക്ക് മരുന്ന് ഗുണകരമാണെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കുന്നു. കോവിഡ് ചികിത്സാ പ്രോട്ടോക്കോളിന്റെ ഭാഗമായി ആയുഷ് 64 നെ പ്രഖ്യാപിച്ചത് ഇത്തരത്തില്‍ വ്യാപകമായി നടത്തിയ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ്.
കോവിഡ് പ്രതിരോധത്തിനുപയോഗിക്കുന്ന ആയുര്‍വേദ മരുന്നുകള്‍ക്ക് വിദേശത്തും വിപണി കണ്ടെത്താനുള്ള ശ്രമം കേന്ദ്രആയുഷ് മന്ത്രാലയം നടത്തുന്നുണ്ട്. പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്ന ആയുഷ് ക്വാഥ് കാഢ 100 ല്‍ ഏറെ രാജ്യങ്ങളിലേക്കാണ് ഇന്ത്യ കയറ്റിയയച്ചത്. ആയുഷ് 64 കയറ്റുമതി ചെയ്യാനുള്ള സാധ്യതകളും പരിശോധിച്ചു വരികയാണ്.
ആയുഷ് 64 സ്വകാര്യ ചികില്‍സകരിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി അംഗീകൃത ആയുര്‍വേദ മരുന്ന് നിര്‍മാതാക്കള്‍ക്ക് ലൈസന്‍സ് കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയുണ്ടായി. ആയുഷ് സര്‍ട്ടിഫിക്കേഷനുള്ള ധാത്രി ആയുര്‍വേദയാണ് ഈ ലൈസന്‍സ് ലഭിച്ച കേരളത്തിലെ ആദ്യ സ്ഥാപനം. വരും നാളുകളില്‍ കേരളത്തിലെ എല്ലാ സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരിലൂടെയും ആയുഷ് 64 ജനങ്ങളിലേക്കെത്തിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനിയെന്ന് ധാത്രി ആയുര്‍വേദ മാനേജിംഗ് ഡയറക്റ്റര്‍ ഡോ. സജികുമാര്‍ വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ മരുന്ന് വിപണിയില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം ബിസിനസ് വോയ്സിനോട് പറഞ്ഞു. ഡോ. സജികുമാറുമായി നടത്തിയ സംഭാഷണത്തിലേക്ക്…
കോവിഡിനെതിരെയുള്ള ആയുര്‍വേദത്തിന്റെ പോരാട്ടത്തെ നയിക്കാനുള്ള അവസരമാണല്ലോ ധാത്രിക്ക് കൈവന്നിരിക്കുന്നത്?
തീര്‍ച്ചയായും ആയുഷ് 64 ഉല്‍പ്പാദിപ്പിക്കാന്‍ ലൈസന്‍സ് ലഭിച്ച കേരളത്തിലെ ആദ്യ സ്ഥാപനമായി ധാത്രി മാറിയിരിക്കുന്നു. ആയുഷ് പ്രീമിയം സര്‍ട്ടിഫിക്കേഷനുള്ള, എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന ഫാക്റ്ററിയുള്ളതാണ് ഗുണകരമായത്. ആയുഷ് മന്ത്രാലയവുമായി ചേര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഉപകാരം ചെയ്യാനുള്ള വലിയ അവസരമായാണ് ഞാന്‍ ഇതിനെ കാണുന്നത്. അതില്‍ വളരെയധികം സന്തോഷമുണ്ട്. ധാത്രിയെ സംബന്ധിച്ച് ഇത് ഒരു അഭിമാനം തന്നെയാണ്.
ആയുഷ് 64 മരുന്ന്, കോവിഡിനെ പ്രതിരോധിക്കാന്‍ എത്രമാത്രം ഫലപ്രദമാണ്?
രോഗ പ്രതിരോധത്തിന് ഗുണകരമായ മരുന്നെന്ന വിലയിരുത്തലാണ് ആദ്യ ഘട്ടത്തിലുണ്ടായിരുന്നത്. കോവിഡ് രോഗത്തെ തന്നെ മാറ്റാന്‍ കഴിവുണ്ടെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്കും മൈല്‍ഡ്, മോഡറേറ്റ് സ്ഥിതിയിലുള്ളവര്‍ക്കുമാണ് ഇത് ഫലപ്രദമാകുന്നത്. കോവിഡ് അനുബന്ധമായ സങ്കീര്‍ണതകള്‍ രോഗിക്ക് ഉണ്ടാവാതിരിക്കാനും മരുന്ന് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് മരുന്നുകളുടേത് പോലെ പാര്‍ശ്വഫലങ്ങളില്ല. ഇത് കഴിക്കുമ്പോള്‍ പ്രത്യേകം പഥ്യം നോക്കേണ്ടതില്ല. മറ്റ് അസുഖങ്ങള്‍ക്ക് മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് അതിനൊപ്പം തന്നെ ആയുഷ് 64 ഉം കഴിക്കാം.
മരുന്ന് എപ്പോഴാണ് കഴിക്കേണ്ടത്?
കോവിഡ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത് കൃത്യമായി തിരിച്ചറിയുകയെന്നതിന് വളരെ പ്രാധാന്യമുണ്ട്. കോവിഡ് ബാധിച്ച് ഏഴു ദിവസത്തിനകം ആയുഷ് 64 കഴിച്ചു തുടങ്ങിയാല്‍ രോഗം രൂക്ഷമാവില്ല. മരുന്ന് കഴിക്കാന്‍ വൈകിയാല്‍ പ്രശ്നങ്ങളുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. രക്തം കട്ടയാകുന്നത് പോലെയുള്ള അവസ്ഥയെത്തിയാല്‍ മരുന്ന് പിടിക്കില്ല. കോവിഡിന് മറ്റ് ചികിത്സകള്‍ ചെയ്തവര്‍ക്കുണ്ടാകുന്ന കോവിഡാനന്തര ബുദ്ധിമുട്ടുകള്‍ക്കും പ്രതിവിധിയായി ആയുഷ് 64 കഴിക്കാവുന്നതാണ്.
മരുന്ന് എത്ര ദിവസമാണ് കഴിക്കേണ്ടത്? എത്ര ദിവസത്തിനകം രോഗമുക്തി ലഭിക്കും?
20 ദിവസമാണ് ആയുഷ് 64 കഴിക്കേണ്ടത്. കോവിഡ് ലക്ഷണമില്ലാത്ത രോഗികള്‍ രാവിലെയും വൈകിട്ടും രണ്ട് ഗുളികകള്‍ കഴിക്കണം. മൈല്‍ഡ്, മോഡറേറ്റ് കേസുകളില്‍ രാവിലെയും ഉച്ചക്കും വൈകിട്ടും രണ്ട് ഗുളികകള്‍ വീതം രോഗിക്ക് കൊടുക്കണം. സാധാരണ ഗതിയില്‍ 7-8 ദിവസമാകുമ്പോഴേക്കും രോഗവിമുക്തി സംഭവിക്കുന്നതായാണ് കണ്ടു വരുന്നത്. കോവിഡ് അനുബന്ധ രോഗങ്ങളും ബുദ്ധിമുട്ടുകളും ആയുഷ് 64 കഴിച്ചവരില്‍ കാണുന്നില്ലെന്നതും ആശാവഹമാണ്.
ധാത്രി ഉല്‍പ്പാദിപ്പിച്ച ആയുഷ് 64 ന്റെ വിപണനോല്‍ഘാടനം ജസ്റ്റിസ് കെ ടി തോമസിന് നല്‍കിക്കൊണ്ട് ധാത്രി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. രാജേഷ് കുമാര്‍ നിര്‍വഹിക്കുന്നു. ധാത്രി ആയുര്‍വേദ മാനേജിംഗ് ഡയറക്റ്റര്‍ ഡോ. സജികുമാര്‍, ബിസിനസ് സ്ട്രാറ്റജി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബിപിന്‍ ചെറിയാന് എന്നിവര്‍ സമീപം.
ആയുഷ് 64 ലെ ചേരുവകള്‍ എന്തൊക്കെയാണ്?
കിരിയാത്ത്, ഏഴിലംപാല, കഴഞ്ചിക്കുരു, കടുകുരോഹിണി എന്നിവയാണ് ആയുഷ് 64 ലെ പ്രധാന ചേരുവകള്‍. കിരിയാത്ത് എല്ലാവിധ പനികളെയും മാറ്റുന്ന മരുന്നാണ്.
കോവിഡ് ചികിത്സയുടെ ചെലവ് വളരെ അധികരിച്ചാണ് നില്‍ക്കുന്നത്. ആയുഷ് 64 ഇതിന് ഒരു ആശ്വാസമാകുമോ?
തീര്‍ച്ചയായും. സാധാരണക്കാര്‍ക്കും താങ്ങാവുന്ന വിലയിലാവും മരുന്ന് വിപണിയില്‍ ലഭ്യമാക്കുക. 40 ഗുളികയ്ക്ക് 200 രൂപയാണ് വിലയിട്ടിരിക്കുന്നത്. ധാത്രിയുടെ മൂവാറ്റുപുഴയിലെ പ്ലാന്റിലാവും പ്രധാനമായും ആയുഷ് 64 ഉല്‍പ്പാദിപ്പിക്കുക. ഡോക്ടര്‍മാര്‍ മുഖേന ജനങ്ങള്‍ക്ക് മരുന്ന് ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: