വയനാട്: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സ്വകാര്യ ബസ് ഉടമ ആത്മഹത്യ ചെയ്തു. അമ്പലവയല്‍ പെരുമ്പാടിക്കുന്ന് സ്വദേശി പാലഞ്ചേരിയില്‍ പി സി രാജാമണിയെയാണ് വീടിനു സമീപത്തെ തോട്ടത്തില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിച്ചു.
കടല്‍മാട് – സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബ്രഹ്മപുത്ര എന്ന ബസിന്റെ ഉടമയായായിരുന്നു രാജാമണി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ബസിന്റെ ഓട്ടം നിലച്ചതോടെ രാജാമണി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
രാജാമണി കടബാധ്യത മൂലം ആത്മഹത്യ ചെയ്യേണ്ടി വന്നത് പൊതുഗതാഗത മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണന കാരണമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡണ്ട് എം.ബി. സത്യന്, ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു, ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു.
ഭീമമായ ഡീസല്‍ വില വര്‍ധനവ് കാരണം ബസ് ഓടിക്കാന്‍ കഴിയാതെ വലിയ സാമ്പത്തിക പ്രയാസമനുഭവിച്ചിരുന്ന രാജാമണി ലോണ്‍ എടുത്ത ധനകാര്യ സ്ഥാപനങ്ങളുടെ സമ്മര്‍ദ്ദം കാരണം വലിയ മനപ്രയാസത്തിലുമായിരുന്നു. ലോക് ഡൗണ്‍ കാരണം സര്‍വീസ് നടത്താതെയും റോഡ് ഉപയോഗിക്കാതെയുമുള്ള ക്വാര്‍ട്ടറിലെ റോഡ് ടാക്സ് പോലും സര്‍ക്കാര്‍ ഇളവ് ചെയ്തിട്ടില്ല.
ഒരു വര്‍ഷം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 31 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായതിനാല്‍ ബസിന് ഒരു ദിവസത്തെ ഡീസല്‍ ചിലവില്‍ മാത്രം 2500 രൂപയാണ് അധികം വേണ്ടിവരുന്നത്. പൊതുഗതാഗത മേഖല സംരക്ഷിക്കുന്നതിന് വേണ്ടി അത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് രാമചന്ദ്രന് കമീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലന്നും ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: