കൊച്ചി : കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്ജുന് ആയങ്കിയുമായി ഉള്ളത് പാര്ട്ടിക്കാരന് എന്ന സൗഹൃദം മാത്രമെന്ന് കസ്റ്റംസ് മുമ്പാകെ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍. സ്വര്‍ണ്ണക്കടത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന അര്‍ജുന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആകാശിനെ കസ്റ്റംസ് ചോദ്യം ചെയ്തത്.
സ്വര്‍ണ്ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല. അര്‍ജുനുമായി ഉണ്ടായിരുന്നത് പാര്‍ട്ടി പ്രവര്ത്തകന് എന്ന സൗഹൃദം മാത്രമാണ്. തന്റെ പേര് ഉപയോഗിച്ച് അര്ജുന് ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നതായി വിവരം ലഭിച്ചത് ഇയാള്‍ അറസ്റ്റിലായ ശേഷം മാത്രമാണെന്നും ആകാശ് തില്ലങ്കേരി കസ്റ്റംസിന് നല്കിയ മൊഴിയില്‍ പറയുന്നുണ്ട്.
അര്‍ജുന്റേയും ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ചയാണ് കൊച്ചിയിലെ കസ്റ്റംസ് സംഘം അകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആകാശിന് അറിവുണ്ടായിരുന്നെന്നാണ് ഇരുവരും മൊഴി നല്‍കിയത്. എന്നാല്‍ ആകാശ് ഇതെല്ലാം തള്ളി. 12 മണിക്കൂറോളമാണ് ആകാശിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി 11 മണിവരെ നീണ്ട്നിന്നു. ആകാശിന്റെ മൊഴിയും ഫോണ്‍ കോള്‍ രേഖകളും വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.
അതിനിടെ കൊടുംകുറ്റവാളിയായി തീരാന്‍ സാധ്യതയുള്ളയാളാണ് അര്ജുന് ആയങ്കിയെന്നും, കണ്ണൂര്‍ ആസ്ഥാനമായി അര്‍ജുന്റെ നേതൃത്വത്തില്‍ ഒന്നിലധികം കള്ളക്കടത്ത് സംഘങ്ങളുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. അര്‍ജുന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് ഇക്കാര്യം അറിയിച്ചത്. ഇത് കൂടാതെ അര്ജുന് ആയങ്കിക്ക് കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഭാര്യ അമല സ്ഥിരീകരിച്ചിട്ടുണ്ട്. കള്ളക്കടത്ത് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഇയാളുടെ അടുത്ത സുഹൃത്തും ഡിവൈഎഫ്ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറിയുമായ സജേഷും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: