ന്യൂദല്‍ഹി: ഇസ്രയേല്‍ കമ്പനിയായ എൻഎസ്‌ഒ വികസിപ്പിച്ച ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ വ്യക്തികളുടെ വിവരങ്ങള്‍ അവരുടെ ഫോണ്‍വഴി ചോര്‍ത്തിയെന്ന ആരോപണം കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ നിഷേധിച്ചു.
പെഗാസസ് ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് വയര്‍ മാസിക ഉള്‍പ്പെടെയുള്ളവ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളെ മന്ത്രി വൈഷ്ണവ് സഭയില്‍ പൊളിച്ചടുക്കി. “ചില വ്യക്തികളുടെ ഫോണിലെ വിവരങ്ങൾ ചോർത്താൻ പെഗാസസ് സ്‌പൈവെയർ ഉപയോഗിച്ചതായി റിപ്പോർട്ടുചെയ്യുന്നു. വളരെ വികാരാധീനമായ ഒരു കഥ ഇന്നലെ രാത്രി ഒരു വെബ് പോർട്ടൽ പ്രസിദ്ധീകരിച്ചു. ഈ കഥയെ ചുറ്റിപ്പറ്റിയുള്ള നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പാർലമെന്‍റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഒരു ദിവസം മുമ്പാണ് പത്ര റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടത് എന്നത് യാദൃശ്ചികമായി കാണാനാവില്ല,” ഓൺലൈൻ പോർട്ടലായ ദ വയർ പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടിനെ തള്ളി മന്ത്രി പറഞ്ഞു.
‘മുമ്പ് ഇന്ത്യയില്‍ വാട്സാപില്‍ പെഗാസസ് ഉപയോഗിച്ചതായി പരാതി ഉയര്‍ന്നിരുന്നു. വ്യക്തിളുടെ പോലും ഡേറ്റ ചോര്‍ത്തുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍ ആ റിപ്പോർട്ടുകൾക്ക് വസ്തുതാപരമായ അടിസ്ഥാനമില്ലെന്ന് പിന്നീട് തെളിഞ്ഞു. സുപ്രീം കോടതി ഉൾപ്പെടെ എല്ലാ കക്ഷികളും ഇത് നിഷേധിച്ചിരുന്നു. വാട്സാപ് പോലും പിന്നീട് സുപ്രീംകോടതിയില്‍ ഈ ആരോപണം നിഷേധിച്ചു.’- വൈഷ്ണവ് പറഞ്ഞു.
‘പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം സംബന്ധിച്ച വാർത്തകൾ സെൻസേഷലൈസേഷന്റെ ഭാഗം ആണെന്നും ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.2021 ജൂലൈ 18 ലെ പത്ര റിപ്പോർട്ടുകൾ ഇന്ത്യൻ ജനാധിപത്യത്തെയും അതിന്റെ സ്ഥാപിതമായ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് തോന്നുന്നു. പാർലമെന്‍റിന്റെ വർഷകാല സമ്മേളനത്തിന് ഒരു ദിവസം മുമ്പാണ് പെഗാസസ് ഫോണുകള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നത് യാദൃശ്ചികമായി കാണാനാവില്ല, ‘ മന്ത്രി പറഞ്ഞു.
‘ദ വയർ’ മാസിക ഉള്‍പ്പെടെ ആഗോള തലത്തിൽ 17 മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്പൈവെയർ നിരീക്ഷണം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്. ലോക്സഭയിൽ ഈ വിഷയം ചർച്ചയാവുകയും പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.
പെഗാസസ് പ്രൊജക്ട് എന്ന റിപ്പോര്‍ട്ട് വയര്‍ ഉള്‍പ്പെടെ നിരവധി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. വാഷിംഗ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍, ലെ മോണ്ടെ എന്നീ വിദേശമാധ്യമങ്ങളും ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. പത്രപ്രവര്‍ത്തകര്‍, ബിസിനസുകാര്‍, ജുഡീഷ്യറിയിലെ ഉന്നതര്‍ തുടങ്ങി 300 മൊബൈല്‍ നമ്പറുകളിലെ വിവരങ്ങള്‍ പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഇതേപ്പറ്റി കേന്ദ്രസര്‍ക്കാരിന് അറിയാമായിരുന്നോ എന്ന പരോക്ഷമായ ചോദ്യവും ഈ മാധ്യമറിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ വയര്‍ ഉള്‍പ്പെടെയുള്ള 17 മാധ്യമങ്ങള്‍ നടത്തിയ പെഗാസസ് പ്രൊജക്ടും അതിനെച്ചൊല്ലിയുള്ള ബഹളങ്ങളും വെറും സെന്‍സേഷണലിസം മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.
“പെഗാസസ് ഡാറ്റാബേസില്‍ 50,000 ഫോണ്‍ നമ്പര്‍ ചോര്‍ന്നിട്ടുണ്ടായിരുന്നുവെന്നാണ് മാധ്യമഗ്രൂപ്പ് ആരോപിക്കുന്നത്. ഈ ഫോണ്‍ നമ്പറുകളുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ചോര്‍ത്തിക്കൊണ്ടിരിക്കുന്നു എന്നാണ് ആരോപണം. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു ഡേറ്റ ബേസില്‍ ഫോണ്‍നമ്പറുകള്‍ ഉള്ളതുകൊണ്ട് മാത്രം ആ ഫോണ്‍ നമ്പറുകളെ പെഗാസസ് ബാധിച്ചുവെന്ന് പറയാനാവില്ലെന്നു. ഈ ഫോണുകള്‍ സാങ്കേതിക വിശകലനത്തിന് വിധേയമാക്കിയാല്‍ മാത്രമേ ഇതിലെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ. അതുകൊണ്ട് ഫോണ്‍നമ്പറുകളുടെ സാന്നിധ്യം ഒന്ന് കൊണ്ട് സ്‌നൂപ്പിംഗ് (രഹസ്യമായ നിരീക്ഷണത്തിലൂടെ വിവരം ചോര്‍ത്തല്‍) നടന്നുവെന്ന് അവകാശപ്പെടാനാവില്ല,” –അദ്ദേഹം പറഞ്ഞു.
‘പെഗാസസ് ഉപയോഗിക്കുന്നതായി കഴിഞ്ഞ ദിവസം 17 മാധ്യമങ്ങള്‍ സംയുക്തമായി പുറത്തുവിട്ട രാജ്യങ്ങളുടെ പട്ടിക തെറ്റാണെന്ന് പെഗാസസ് വികസിപ്പിച്ച കമ്പനിയായ എന്‍എസ്ഒ പറഞ്ഞിട്ടുണ്ട്. അതേ സമയം ഏതൊക്കെ രാജ്യങ്ങളാണ് തെറ്റായി പട്ടികയില്‍ ഉള്‍പ്പെട്ടതെന്ന് എന്‍എസ്ഒ വ്യക്തമാക്കുന്നില്ല. തുര്‍ക്കിയില്‍ കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കുടുംബാംഗങ്ങല്‍ പെഗാസസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് എന്‍എസ്ഒ തന്നെ കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.പെഗാസസ് നിർമിച്ച കമ്പനിയായ എൻഎസ്ഒ ഉന്നയിച്ച ചില വാദങ്ങളും മന്ത്രി പാർലമെന്‍റില്‍ മന്ത്രി നിരത്തി. “17 മാധ്യമങ്ങള്‍ സംയുക്തമായി പുറത്തുവിട്ട രാജ്യങ്ങളുടെ പട്ടികയിലെ പല രാജ്യങ്ങളും ഞങ്ങളുടെ ക്ലയന്‍റുകള്‍ പോലുമല്ല എന്നും തങ്ങളുടെ ക്ലയന്‍റുകളിൽ ഭൂരിഭാഗവും പാശ്ചാത്യ രാജ്യങ്ങളാണെന്നും എന്‍എസ്ഒ അവരുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. അതായത് എൻഎസ്‌ഒയും റിപ്പോർട്ടിലെ അവകാശവാദങ്ങളെ വ്യക്തമായി തള്ളിക്കളഞ്ഞിട്ടുണ്ടെന്ന് വ്യക്തമാണ്,“ അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ തന്നെ ജാഗ്രതയോടെ നിരീക്ഷണം നടത്തുന്നതിന് വ്യവസ്ഥാപിതമായ ഒട്ടേറെ സംവിധാനങ്ങളുണ്ട്. സര്‍ക്കാരില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച പ്രതിപക്ഷത്തിരിക്കുന്ന എന്റെ സഹപ്രവര്‍ത്തകര്‍ തന്നെ രാജ്യത്ത് നിലനില്‍ക്കുന്ന ഇത്തരം വ്യവസ്ഥാപിത രീതികളെക്കുറിച്ച് നല്ല അവബോധമുള്ളവരാണ്. നമ്മുടെ ശക്തമായ സ്ഥാപനങ്ങളും പിഴവുകള്‍ അപ്പപ്പോള്‍ ചൂണ്ടിക്കാണിക്കുന്ന നിയമസംവിധാനങ്ങളും നില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ രഹസ്യനിരീക്ഷണം നടത്താന്‍ ഈ രാജ്യത്ത് യാതൊരു നിര്‍വ്വാഹവുമില്ലെന്ന് അവര്‍ക്കറിയാം. ദേശീയസുരക്ഷയുടെ പേരിലോ, പൊതു അടിയന്തരാവസ്ഥാഘട്ടത്തിലോ, അതല്ലെങ്കില്‍ പൊതുജനസുരക്ഷയുടെ താല്‍പര്യാര്‍ത്ഥമോ ഇലക്ട്രോണിക് വഴിയുള്ള വ്യക്തികളുടെ ആശയവിനിമയങ്ങള്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ വഴി നിയമപരമായി ചോര്‍ത്താന്‍ ഇന്ത്യയിലും അംഗീകൃതമായ ഒരു നടപടിക്രമമുണ്ട്.,’ മന്ത്രി വ്യക്തമാക്കി. പക്ഷെ ഇന്ത്യന്‍ ടെലഗ്രാഫ് നിയമം 1885ഉം ഐടി നിയമം 2000 എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ വഴി മാത്രമേ നിയമപരമായി വിവരങ്ങള്‍ ചോര്‍ത്താനുള്ള അപേക്ഷ നല്‍കാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച ഞായറാഴ്ച രാത്രി തന്നെ ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയം ആരോപണം നിഷേധിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇന്ത്യ സ്വതന്ത്രസംഭാഷണത്തിന്റെ (ഫ്രീ സ്പീച്ച്) രാജ്യമാണ്. പെഗാസസിന്റെ ഉപയോഗം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട വിവരാകാശനിയമപ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തില്‍ തന്നെ എല്ലാം വിശദീകരിക്കുന്നുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: