മൂന്നാര്‍: ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സ്കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്തി. ഇതോടെ കുട്ടികളുടെ പഠനം മുടങ്ങി. 1 മുതല്‍ 7 വരെയുള്ള ക്ലാസുകളിലായി നിലവില്‍ 124 കുട്ടികളാണ് സ്കൂളില്‍ നേരിട്ടെത്തി ടെലിവിഷനിലൂടെ ക്ലാസുകളില്‍ പങ്കെടുത്തിരുന്നത്. ദൂരെ നിന്നുള്ള കുട്ടികള്‍ നേരത്തെ തന്നെ എത്തിയിരുന്നില്ല.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവിടെ കൊവിഡ് റിപ്പോര്‍ട്ടു ചെയ്തത്. പിന്നാലെ സ്കൂളിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇവിടെയെത്തിയിരുന്ന കുട്ടികളോട് ഇനി മുതല്‍ സ്കൂളിലേക്കു വരേണ്ടെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. സൊസൈറ്റിക്കുടിയിലാണ് ഇടമലക്കുടി ട്രൈബല്‍ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെയുള്ള ഹോസ്റ്റല്‍ തുറക്കാന്‍ അനുമതിയില്ലാത്തതിനാല്‍ ഇത്തരത്തിലും കുട്ടികള്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാനാകില്ല. സ്ഥലത്ത് മൊബൈലിന് റേഞ്ചില്ല. പുറത്ത് നിന്ന് പെന്‍ഡ്രൈവിലാക്കി ക്ലാസിന്റെ വീഡിയോ കൊണ്ടുപോയി കൊടുക്കാനും നിലവില്‍ അനുമതിയില്ല. ദുര്‍ഘടമായ പാതയും മഴയുമെല്ലാം തിരിച്ചടിയാണ്.
മൂന്നാറില്‍ നിന്ന് 35 കിലോ മീറ്റര്‍ അകലെയുള്ള ഇടമലക്കുടിയിലെത്താന്‍ 5 മുതല്‍ 7 മണിക്കൂര്‍ വരെ കൊടുംകാട്ടിലൂടെ അടക്കം സഞ്ചരിക്കണം. ആകെയുള്ള 24 കുടികളില്‍ വൈദ്യുതിയുള്ളത് മൂന്നു കുടികളില്‍ മാത്രമാണ്. ഒരു കുടിയില്‍ നിന്ന് അടുത്ത കുടിയിലെത്താന്‍ 12 മണിക്കൂര്‍ നടക്കണം. ചില കുടികളില്‍ സോളാര്‍ സ്ഥാപിച്ച് ടിവി വച്ചിട്ടുണ്ടെങ്കിലും വെയില് ഇല്ലാത്തിനാല്‍ ഇതും പ്രവര്‍ത്തനക്ഷമമല്ല. ഭാഗികമായി മാത്രമാണ് ഇത്തരം സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
അതേസമയം സര്‍ക്കാര്‍ ഔദ്യോഗികമായി ഇടമലക്കുടിയിലെ സ്കൂള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും കുട്ടികള്‍ താല്‍ക്കാലികമായി വന്ന് പഠിച്ചിരുന്ന സ്ഥലമാണ് ഇതെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. സ്കൂള്‍ അടയ്ക്കാനുള്ള തീരുമാനം പഞ്ചായത്തിന്റേതാണെന്നും ഇവര്‍. അതേസമയം പഞ്ചായത്ത് കമ്മിറ്റി ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
അതേസമയം ഇടുക്കി ജില്ലയിലാകെ 14000 കുട്ടികളാണ് മൊബൈലിന് റേഞ്ചില്ലാത്തതിനാല്‍ നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പുറത്തുള്ളത്. വിഷയം വലിയ വിവാദമായതോടെ ജില്ലാകളക്ടര്‍ ഇടപെട്ട് മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങിയിരുന്നെങ്കിലും ആകെ ഒരെണ്ണം മാത്രമാണ് ഇതുവരെ സ്ഥാപിക്കാനായത്.
ദേവികുളം സബ് കളക്ടര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ മാറി പുതിയ ആളുകളെത്തിയതോടെ ഈ നടപടിയും ഏതാണ്ട് നിലച്ചമട്ടാണ്. നിക്ലാസ് തുടങ്ങി രണ്ടുമാസം എത്തുമ്പോഴും സ്വന്തമായി ഫോണുണ്ടായിട്ടും നെറ്റ് വര്‍ക്കും വൈദ്യുതിയുമില്ലാത്തതാണ് കുട്ടികളെ ക്ലാസുകള്‍ക്കു പുറത്തുനിര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: