ന്യൂദല്‍ഹി: ആഭ്യന്തരയുദ്ധം രൂക്ഷമാകുന്ന അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യ നിര്‍മിച്ച അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും ലക്ഷ്യംവയ്ക്കാന്‍ താലിബാനും തങ്ങളുടെ ഭീകരര്‍ക്കും നിര്‍ദേശം നല്കി പാക്കിസ്ഥാന് ചാരസംഘടന ഐഎസ്ഐ. ‘ താലിബാനെ സഹായിക്കാന്‍ സര്‍ക്കാരിനെതിരെ നടത്തുന്ന യുദ്ധത്തില്‍ ധാരാളം പാക്കിസ്ഥാനി ഭീകരര്‍ ഭാഗമായിട്ടുണ്ട്. ഇന്ത്യയുടെ വസ്തുവകകളും കെട്ടിടങ്ങളും ലക്ഷ്യമിടണമെന്ന നിര്‍ദേശത്തോടെയാണ് അവര്‍ സംഘര്‍ഷമേഖലയില്‍ പ്രവേശിച്ചിരിക്കുന്നത്’- താഴേത്തട്ടിലുള്ള സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
താലിബാന് കീഴിലായ പ്രദേശങ്ങളിലെ ഇന്ത്യയുടെ വസ്തുവകകളാണ് ആദ്യലക്ഷ്യമെന്ന് വ്യക്തമാണ്. സുരക്ഷാ വീഴ്ചകളുള്ള അതിര്‍ത്തികള്‍ വഴി പതിനായിരത്തിലധികം പാക്കിസ്ഥാനി ഭീകരര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നിട്ടുണ്ടെന്നാണ് കണക്ക്. ഇവരില്‍ പലരും വര്‍ഷങ്ങളായി അവിടെ താമസിച്ച് യുഎസിന്റെയും സഖ്യങ്ങളുടെ സേനയെയും നേരിടുകയായിരുന്നു.2001-ല്‍ കാബുളില്‍നിന്ന് താലിബാനെ തുരത്തിയതുമുതല് അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ മൂന്ന് ബില്യണ്‍ ഡോളര്‍ മുടക്കിയിട്ടുണ്ട്. ദെലാറം, സാറഞ്ച് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 218 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്, ഇന്ത്യ-അഫ്ഗാനിസ്ഥാന് സൗഹൃദത്തിന്റെ പ്രതീകമായ സല്‍മ അണക്കെട്ട്, 2015-ല്‍ ഉദ്ഘാടനം ചെയ്ത അഫ്ഗാന് പാര്‍ലമെന്റ് മന്ദിരം തുടങ്ങിയവ ഇന്ത്യയുടെ പ്രധാന സംഭാവനകളാണ്.
താലിബാന് തിരിച്ചെത്തിയാല്‍ അഫ്ഗാനിസ്ഥാനില്‍ സാന്നിധ്യം തുടരാന്‍ ഇന്ത്യക്കാകുമോയെന്ന് വ്യക്തമല്ല. താലിബാന് ഇക്കാര്യത്തില്‍ സൂചനയോ, ഉറപ്പോ നല്‍കിയിട്ടില്ല. കാബൂള്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ മറ്റ് രാജ്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങളിലും അറ്റകുറ്റപ്പണികളിലും ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യക്കാരോട് സുരക്ഷിതരമായി പുറത്തുവരാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇന്ത്യയുടെ കാബുളിലെ എംബസിയും മാസര്‍-ഇ-ഷെരീഫിലെ കോണ്‍സുലേറ്റും മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: