തിരുവനന്തപുരം: പൊതുഭരണ വകുപ്പിന് കീഴിലുള്ള നിരവധി സ്ഥാപനങ്ങളില്‍ വഴിവിട്ട രീതിയില്‍ കരാര്‍ നിയമനം നേടിയവര്‍ക്ക് ചട്ടം ലംഘിച്ച് അവധി നല്കാന് ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദം. എന്തു ചെയ്യണമെന്ന് അറിയാതെ വിഷമവൃത്തത്തിലായി ഉന്നത ഉദ്യോഗസ്ഥര്‍.
കരാര്‍ ജീവനക്കാരില്‍ പലരും നേതാക്കളുടെ ഒത്താശയോടെ അവധിയെടുക്കാറുണ്ട്. ഇതില്‍ പലതും രേഖപ്പെടുത്താറുമില്ല. ഏറ്റവുമൊടുവില്‍ അടുത്ത കാലത്ത് നിയമനം നേടിയവരില്‍ ചിലര്‍ പ്രസവാവധിക്ക് അപേക്ഷ നല്‍കിയതോടെയാണ് ഉദ്യോഗസ്ഥര്‍ വെട്ടിലായത്. ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് 80 ദിവസമെങ്കിലും സര്‍വീസുണ്ടെങ്കില്‍ മാത്രമേ പ്രസവാവധിക്ക് അര്‍ഹതയൂള്ളൂയെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഈ ഉത്തരവ് നിലനില്‍ക്കെ കരാര്‍ നിയമനം നേടി ഉടന്‍ തന്നെ ചിലര്‍ പ്രസവാവധിക്ക് അപേക്ഷിക്കുകയായിരുന്നു. പിഎസ്സി മുഖേനയുള്ള നിയമനം നടക്കാത്ത പല സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പാര്‍ട്ടിയുടെ നിര്‍ദേശാനുസരണം പിന്‍വാതിലിലൂടെ നിയമനം ലഭിച്ചവരാണിവര്‍.
അവധി ലഭിച്ചില്ലെങ്കില്‍ ഈ സ്ഥാപനങ്ങളില്‍ നിന്ന് ഇവരെ പുറത്താക്കും. പിഎസ്സി മുഖേനയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ മറ്റ് യോഗ്യരായവരെ കണ്ടെത്തേണ്ടി വരും. അതിനാലാണ് നേതാക്കള്‍ അവധി അനുവദിക്കുന്നതിന് സമ്മര്‍ദം ചെലുത്തുന്നത്. അവധി അനുവദിച്ചാല്‍ നിയമവിരുദ്ധമായി അവധി അനുവദിച്ചതിന് സര്‍ക്കാരില്‍ നിന്ന് വിമര്‍ശനമുണ്ടാകും. അനുവദിച്ചില്ലെങ്കില്‍ രാഷ്ട്രീയ ഇടപെടലിലൂടെ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുമുണ്ടാകും. പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരോ എംപ്ലോയ്മെന്റ് അവസരം കാത്തിരിക്കുന്നവരോ വിവരാകാശം വഴി ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കുകയാണെങ്കില്‍ വകുപ്പ് മേധാവികള്‍ കോടതികള്‍ കയറി ഇറങ്ങേണ്ടതായും വരും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഉന്നത രാഷ്ട്രീയ ഇടപെടല്‍ നിമിത്തം അനര്‍ഹര്‍ക്ക് അവധി അനുവദിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നത്.
ഇടത് യൂണിയന് നേതാക്കള്‍ പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാത്തതിനാലാണ് മരം മുറിയുമായി ബന്ധപ്പെട്ട് ഫയല്‍ പുറത്തു വന്നതിനു പിന്നാലെ റവന്യു വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി തിരിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: