1972… ലാഹോറില്‍ ഇന്ത്യ-പാക് ഹോക്കി ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരം. മുഴുവന്‍ സമയവും കഴിഞ്ഞപ്പോള്‍ ഫലം (2-2). കടുത്ത പോരാട്ടത്തിനൊടുവില്‍ പാക് ആക്രമണത്തെ ചെറുത്ത് ഇന്ത്യ സമനില പിടിച്ചെടുത്തു. പാക് ആക്രമണങ്ങളുടെ മുനയൊടിക്കുന്നതില്‍ നിര്‍ണായകമായത് മാനുവല്‍ ഫ്രെഡറിക് എന്ന കണ്ണൂര്‍ക്കാരന്റെ ചങ്കുറപ്പ്. ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് മനുവല്‍ തട്ടിയകറ്റിയത്. മത്സരശേഷം അന്നത്തെ പാക് പട്ടാള ഭരണാധികാരി ജനറല്‍ സിയ ഉള് ഹഖ് മാനുവലിന് അടുത്തെത്തി കൈ നല്കി. പുരസ്കാരം പോലെ ഒപ്പം ഈ വാക്കുകളും… ”ഇന്ത്യ പത്ത് ഗോളിന് തോല്ക്കാത്തതിനു കാരണം മാനുവലാണ്.”
കളിക്കളത്തില്‍ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ഇന്ത്യ-പാക് പോരാട്ടങ്ങളില്‍ തോല്‍വി പോലും ആരാധാകരെ ഭ്രാന്ത് പിടിപ്പിക്കുന്ന അവസരത്തിലാണ് പാക്കിസ്ഥാനില്‍ നടന്ന മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാനിലെ അന്നത്തെ ഏകാധിപതിയുടെ വാക്കുകള്‍ മാനുവലിനെ തേടിയത്തിയത്. സിയയുടെ ആ വാക്കുകളിലുണ്ട് മാനുവലിന്റെ പ്രതിഭയുടെ അടയാളപ്പെടുത്തല്‍.
മാനുവല്‍ ഗോള്‍വല കാക്കുന്ന ടീം, കരുത്തര്‍ക്കെതിരെ കളിക്കുമ്പോള്‍ സമനിലയ്ക്കായി ശ്രമിക്കുന്നുവെന്നൊരു പല്ലവി തന്നെയുണ്ട്. പെനല്‍റ്റിയിലേക്ക് മത്സരമെത്തിക്കുന്നതിനായാണ് ഇത്. പെനല്‍റ്റികള്‍ രക്ഷിച്ചെടുക്കുന്നതില്‍ ഇദ്ദേഹത്തിനുള്ള മികവില്‍ ടീമുകള്‍ക്കുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ ബാക്കിപത്രം.
പക്ഷെ, രാജ്യവും കേരളവും ഈ മഹാപ്രതിഭയെ വേണ്ട രീതിയില്‍ ആദരിച്ചോയെന്നതില്‍ സംശയമുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരാണ് മാനുവലിലെ പ്രതിഭയ്ക്ക് ആദ്യം അര്‍ഹമായ ആദരം നല്‍കിയത്. കായികരംഗത്തെ മികവിന് 2019ല്‍ ധ്യാന്‍ചന്ദ് പുരസ്കാരം നല്കി.
അഗ്രസീവ് ഗോള്‍കീപ്പര്‍
കണ്ണൂരിലെ സെന്റ് മൈക്കിള്‍സ് മൈതാനത്ത് നിന്ന് ലോകത്തോളം വളര്‍ന്ന മാനുവല്‍, അഗ്രസീവ് ഗോള്‍കീപ്പര്‍ എന്നാണ് അറിയപ്പെടുന്നത്. ടൈഗര്‍ എന്ന വിളിപ്പേരും ഇദ്ദേഹത്തിന് സ്വന്തം. സര്‍വീസസിനായി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചാണ് മാനുവല്‍ ദേശീയ ശ്രദ്ധയിലെത്തുന്നത്. 1971ലാണിത്. ആ പ്രകടന മികവിന്റെ അടിസ്ഥാനത്തില്‍ ജലന്ധറിലും ചണ്ഡീഗഡിലും നടന്ന ട്രയല്‍സിലൂടെ മ്യൂണിക്ക് ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമില്‍ ഒന്നാം ഗോള്‍കീപ്പറായി ഇടം നേടി.
ദേശീയ തലത്തില്‍ ഒട്ടേറെ ചാമ്പ്യന്‍ഷിപ്പുകളില്‍ അദ്ദേഹം തിളങ്ങി. ആര്‍മി സ്പോര്‍ട്സ് കണ്ട്രോള് ബോര്‍ഡ് ടീമിനായി 21 ടൂര്‍ണമെന്റില്‍ സ്റ്റിക്കെടുത്തു. 1973ല്‍ അവരെ ദേശീയ ചാമ്പ്യന്മാരാക്കി. പിന്നീട് വിവിധ ടീമുകള്‍ക്കായി ആകെ 21 കിരീടങ്ങള്‍ സ്വന്തമാക്കി. ആര്‍മി സ്പോര്‍ട്സ് കണ്ട്രോള് ബോര്‍ഡ് ടീമിന്റെ ഭാഗമായതോടെ ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കി. വിരമിച്ച ശേഷം അവിടെ പുതിയ പ്രതിഭകളെ കണ്ടെത്തുന്ന തിരക്കിലായിരുന്നു അദ്ദേഹം. പുരുഷ-വനിതാ വിഭാഗങ്ങളിലായി ഒട്ടേറെ ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ കൂടി പുറത്തിറങ്ങി.
കേരളത്തിന് കളിക്കണമെന്ന ആഗ്രഹം എന്നും മനസില്‍ സൂക്ഷിച്ചിരുന്നു മാനുവല്‍. അതിനു കഴിയാത്തതില്‍ ഏറെ നിരാശനുമായിരുന്നു അദ്ദേഹം. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിനെ സെമിയിലെങ്കിലുമെത്തിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് അദ്ദേഹം മറയില്ലാതെ പറയുന്നു. ഇനി അതിനൊന്നും കഴിയില്ലെന്ന നൊമ്പരവും ഈ ഇതിഹാസത്തെ അലോസരപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: