അതിര്‍ത്തി കാക്കുന്ന സൈനികന്റെ ജാഗ്രതയോടെ മൈതാനത്തിന് ഓരത്തെ പോസ്റ്റില്‍ അയാള്‍ കാവല്‍ നിന്നു. തനിക്കു നേരെ മൂളിപ്പാഞ്ഞു വരുന്ന പന്തുകള്‍ ശരീരം കൊണ്ടും കൈകള്‍ കൊണ്ടും കാലുകൊണ്ടുമെല്ലാം അയാള്‍ തടുത്തിട്ടു. ആ ജാഗ്രത 1972ലെ മ്യൂണിക്ക് ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് സമ്മാനിച്ചത് വെങ്കലം. ഗോള്‍പോസ്റ്റിനു മുന്നിലെ ജാഗ്രതയുടെ പേരാണ് മാനുവല്‍ ഫ്രെഡറിക്. കേരളത്തിന്റെ ഒരേയൊരു ഒളിമ്പിക് മെഡല്‍ ജേതാവ്. ഇന്ത്യന്‍ ഹോക്കി കണ്ട ഇതിഹാസ ഗോള്‍കീപ്പര്‍. മ്യൂണിക്കിലെ ഒരു സായാഹ്നം ഇസ്രയേലി അത്ലറ്റുകള്‍ക്കു നേരെയള്ള പാലസ്തീന് ഭീകരരുടെ അഴിഞ്ഞാട്ടത്തിനു വേദിയായിരുന്നില്ലെങ്കില്‍ ഒരുപക്ഷെ, ഈ വെങ്കലപ്രഭ തങ്കത്തിളക്കമായേനെയെന്ന് ഒരു നെടുവീര്‍പ്പോടെ ഇപ്പോഴും ഓര്‍ക്കുന്നു കേരളം ജന്മം നല്കിയ ഈ മഹാനായ താരം.
കണ്ണൂരിലെ സെന്റ് മൈക്കിള്‍സ് മൈതാനത്തു തുടങ്ങി മ്യൂണിക്കനപ്പുറവും വളര്‍ന്ന മാനുവലിന്റെ ഒളിമ്പിക്സ് മെഡല്‍ ഓര്‍മകള്‍ക്ക് ഇപ്പോഴും പച്ചപ്പുല്‍മെതാനത്തിന്റെ പകിട്ട്. പ്രാഥമിക ഘട്ടത്തില്‍ ഗ്രൂപ്പ് ബിയില്‍ പന്തു തട്ടാനിറങ്ങിയ ഇന്ത്യ, ഒരു കളി പോലും തോല്‍ക്കാതെ ഒന്നാമന്മാരായാണ് സെമിയിലേക്ക് മുന്നേറിയത്. നെതര്‍ലന്‍ഡ്സും ഓസ്ട്രേലിയയും ബ്രിട്ടനുമെല്ലാമായിരുന്നു എതിരാളികള്‍. നെതര്‍ലന്‍ഡ്സിനോട് സമനില (1-1) പിടിച്ച് തുടങ്ങിയ ഇന്ത്യ, ബ്രിട്ടനെയും (5-0), ഓസ്ട്രേലിയയെയും (3-1) തകര്‍ത്തു. പോളണ്ടിനോട് (2-2) സമനിലയില്‍ കുരുങ്ങിയെങ്കിലും കെനിയയെയും (3-2), മെക്സിക്കോയെയും (8-0), ന്യൂസിലന്‍ഡിനെയും (3-2) മറികടന്ന് അനായാസം മുന്നേറി.
ഈ മുന്നേറ്റത്തില്‍ മാനുവലിന്റെ പങ്ക് നിര്‍ണായകം. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ അന്നത്തെ ഹോക്കിയിലെ മികച്ച ടീമുകളെ തോല്‍പ്പിച്ചും മികച്ച താരങ്ങളെ പിടിച്ചുനിര്‍ത്തിയുമാണ് മുന്നേറിയത്. നെതര്‍ലന്‍ഡ്സിന്റെ ടൈസ് ക്രൂസ്, ഓസ്ട്രേലിയയുടെ റിക് ചാള്‍സ്വര്‍ത്ത് തുടങ്ങിയവരടക്കമുള്ളവരായിരുന്നു എതിരാളികളെന്ന് മാനുവല്‍ ഓര്‍ക്കുന്നു. പെനല്‍റ്റി കോര്‍ണറുകള്‍ തടഞ്ഞിട്ടതിലുള്ള അഭിമാനവും അദ്ദേഹം പങ്കുവയ്ക്കുന്നു. പോസ്റ്റിനു മുന്നിലെ മാനുവലിന്റെ മികവാണ് മുന്‍നിര ടീമുകള്‍ക്കെതിരെയുള്ള പല മത്സരങ്ങളിലും ഇന്ത്യയെ തുണച്ചത്.
ഭയം കൊഴിച്ച സ്വര്‍ണം
പാക്കിസ്ഥാനെതിരെയായിരുന്നു സെമിഫൈനല്‍ പോരാട്ടം. ഏവരും ജയമുറപ്പിച്ച മത്സരം. പക്ഷെ, ഇസ്രയേലി അത്ലറ്റുകള്‍ക്കു നേരെയുള്ള ഭീകരാക്രമണം കാര്യങ്ങള്‍ മാറ്റിമറിച്ചു. ഇസ്രയേല്‍ ടീം താമസിച്ചിരുന്ന സ്ഥലത്തു നിന്ന് 50 മീറ്റര്‍ അകലെ മാത്രമായിരുന്നു ഇന്ത്യന്‍ ഹോക്കി ടീം താമസിച്ചിരുന്നത്. ആ ആക്രമണം ടീമിന്റെ മനോനില തകര്‍ത്തു.
മാനുവലിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഭീകരാക്രമണത്തില്‍ നിന്നുടലെടുത്ത ഭയമാണ് മ്യൂണിച്ചില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം നഷ്ടമാക്കിയത്. ടീമാകെ സമ്മര്‍ദത്തിലായി. സെമിക്ക് മൂന്നു ദിവസം മുന്‍പായിരുന്നു ആക്രമണം. അതുകൊണ്ട് മത്സരത്തിന് തലേദിവസമടക്കം ടീം പരിശീലനത്തിനിറങ്ങിയില്ല. പലരും എങ്ങനെയെങ്കിലും കളി കഴിഞ്ഞാല്‍ മതിയെന്ന അവസ്ഥയിലുമായി, മാനുവല്‍ ഓര്‍ക്കുന്നു. സെമിയില്‍ പാക്കിസ്ഥാനോട് 2-0ന് തോറ്റ് പുറത്തായി. കളിയില്‍ ഒരു പെനല്‍റ്റി കോര്‍ണര്‍ തടുത്തിട്ടെങ്കിലും ബാറില്‍ തട്ടി പോസറ്റില്‍ കയറിയത് നിരാശയായി. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ ഹോളണ്ടിനെ 2-1ന് തോല്‍പ്പിച്ച് വെങ്കലം കഴുത്തിലണിഞ്ഞപ്പോള്‍ മാനുവല്‍ മലയാളിയായ ഒരേയൊരു ഒളിമ്പിക് മെഡലിസ്റ്റായി.
മുന്‍നിരക്കാരുടെ ടീം
ധ്യാന്‍ചന്റിന്റെ മകന് അശോക് കുമാര്‍ അടക്കം രാജ്യത്തെ മുന്‍നിര താരങ്ങളാല്‍ സമ്പന്നമായിരുന്നു അന്നത്തെ ടീം. ബി.പി. ഗോവിന്ദ, വി.ജെ. ഫിലിപ്സ്, അജിത് പാല് സിങ്, ഹര്‍ചരണ്‍ സിങ്, ഹര്ബീന്ദര് സിങ്, ഹാര്‍മിക് സിങ്, കുല്‍വന്ത് സിങ് അടക്കം ടീമിന്റെ ഭാഗമായിരുന്നു. കെ.ഡി.സി. ബാബുവായിരുന്നു ടീം മാനേജര്‍. അടുത്തിടെ അന്തരിച്ച ഒളിമ്പ്യന്‍ കേശവ് ദത്ത് ആയിരുന്നു ടീം മാനേജര്‍.
ടോക്കിയോയില്‍ സാധ്യത
ഇത്തവണ ടോക്കിയോയില്‍ ഇന്ത്യക്ക് മെഡല്‍ സാധ്യതയുണ്ടെന്ന് മാനുവല്‍ വിലയിരുത്തുന്നു. താരതമ്യേന മികച്ച ടീമിനെയാണ് അണിനിരത്തുന്നത്. എന്നാല്‍, ചില ഒഴിവാക്കലുകള്‍ ഞെട്ടിച്ചു. മുന്നേറ്റനിരക്കാരായ എസ്.വി. സുനില്‍, ആകാശ്ദീപ് സിങ്, രമണ്‍ദീപ് സിങ് ത്രയത്തെ ഒഴിവാക്കിയ തീരുമാനം അംഗീകരിക്കാനാകില്ല. രാജ്യത്തെ മികച്ച മുന്നേറ്റനിരക്കാരാണിവര്‍. ഗോളടിക്കാന്‍ മിടുക്കനാണ് സുനില്‍. ബുദ്ധികൊണ്ട് കളിക്കുന്നയാളാണ് ആകാശ്. രമണ്‍ദീപ് ആകട്ടെ അപകടകാരിയായ മുന്നേറ്റനിരക്കാരനെന്ന വിശേഷണത്തിന് അര്‍ഹന്‍.
യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കാനാണ് ഇവരെ ഒഴിവാക്കിയതെന്നാണ് വാദം. എന്നാല്‍, ഒളിമ്പിക്സ് പോലുള്ള വേദിയില്‍ ഇവരെ പോലെ പരിചയസമ്പന്നര്‍ കൂടി വേണമായിരുന്നു. എങ്കില്‍ ടീമിന്റെ സാധ്യതകള്‍ കൂടുതല്‍ മികച്ചതായേനെ.
ശ്രീജേഷ് മികച്ചവന്‍
രാജ്യത്തെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ് പി.ആര്. ശ്രീജേഷ്. ഒന്നാം നമ്പര്‍ ഗോളിയായ ശ്രീജേഷിന് ടീമിനെ മുന്നോട്ടു നയിക്കാനുള്ള കഴിവുണ്ടെന്നും മാനുവല്‍ വിലയിരുത്തുന്നു. ഗോള്‍കീപ്പര്‍മാരാണ് ഹോക്കിയിലെ വിധി നിര്‍ണയിക്കുന്നത്. നല്ല ഗോള്‍കീപ്പറുള്ള ടീമുകള്‍ക്ക് മുന്നേറാം. വളരെ നാളത്തെ മത്സരപരിചയം ശ്രീജേഷിനെ മികച്ച ഗോള്‍കീപ്പറാക്കി. അദ്ദേഹത്തിന്റെ മികവു കൂടിയാണ് ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിര്‍ണയാകമാകുക.
സി.എസ്. അനില്‍ കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: