ഭോപ്പാല്‍: മകളായി ദത്തെടുത്ത മൂന്ന് പെണ്‍കുട്ടികളുടെ വിവാഹം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. വിദിഷയില്‍ വ്യാഴാഴ്ച ലളിതമായിട്ടായിരുന്നു ചടങ്ങുകള്‍. നഗരത്തിലെ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ ശിവരാജ് ചൗഹാനും ഭാര്യയും കന്യാദാനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നിര്‍വഹിക്കുന്നത് കാണാം. വിദിശയിലെ സുന്ദര്‍ സേവ ആശ്രമത്തില്‍ വളര്‍ന്ന ഏഴു പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയും സംരക്ഷിക്കുമെന്ന് 20 വര്‍ഷം മുന്‍പ് ശിവരാജ് സിംഗ് ചൗഹാനും ഭാര്യയും വാക്കു നല്‍കിയിരുന്നു. അന്നുമുതല്‍ ഇവരുടെ വിദ്യാഭ്യാസം ഉള്‍പ്പെടെ ചെലവുകള്‍ വഹിക്കുന്നത് അദ്ദേഹമാണ്.
ഇതുവരെ നാല് പെണ്‍കുട്ടികളുടെയും ആണ്‍കുട്ടിയുടെയും വിവാഹം ശിവരാജ് സിംഗ് ചൗഹാന് നടത്തി. രാധ, സുമന്, പ്രീതി എന്നിവരുടെ വിവാഹമായിരുന്നു വ്യാഴാഴ്ച നടന്നത്. വിദിഷയിലെ പ്രശസ്തമായ ബധ് വാലെ ഗണേശക്ഷേത്രത്തിലായിരുന്നു ആരാചരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ചുള്ള ചടങ്ങുകള്‍ നടന്നത്. ചടങ്ങുകള്‍ നടന്ന സമയത്ത് ശിവരാജ് സിംഗ് ചൗഹാനും ഭാര്യ സാധനയും വികാരാധീനരായി. പുതുതായി വിവാഹിതരായവര്‍ക്ക് എല്ലാ അനുഗഹ്രങ്ങളും നല്കി. വിവാഹ ചടങ്ങുകളുടെ വീഡിയോ പിന്നീട് മുഖ്യമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു.
‘ഇന്ന് എന്റെ മൂന്നു മക്കള്‍ സന്തുഷ്ടമായ ഭാവി ജീവിതത്തിലേക്ക് കടക്കുന്നു. എല്ലാ അച്ഛന്മാരുടെയും ഏറ്റവും ഭാഗ്യമുള്ള, നല്ല ദിവസം ഇതായിരിക്കും’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വിവാഹത്തോടനുബന്ധിച്ച് മൂന്ന് വൃക്ഷത്തൈകളും മുഖ്യമന്ത്രി നട്ടു. 1998-ല്‍ കുട്ടികളായിരുന്നപ്പോഴാണ് ഇവരെ ദത്തെടുത്തതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. അവര്‍ക്ക് രക്ഷിതാക്കളുണ്ടായിരുന്നില്ല. വലിയ സ്നേഹം നല്‍കിയാണ് സാധന കുട്ടികളെ വളര്‍ത്തിയത്. ഇന്ന് ഞങ്ങള്‍ അവരുടെ വിവാഹം നടത്തി. വളരെ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: