കോഴിക്കോട്: മിഠായിത്തെരുവിലെ വ്യാപാരികളുടെ പ്രതിഷേധം ഫലംകണ്ടു, കടകള്‍ക്ക് പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ കൂടി നീട്ടി. പക്ഷേ, അതു പോരല്ലോ പ്രശ്‌നം പരിഹരിക്കാനെന്നാണ് ചോദ്യം.
അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ജനത്തെ പൊറുതിമുട്ടിക്കുകയാണ്. കൃത്യമായ ആസൂത്രണമില്ലാതെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതാണ് പ്രശ്‌നം. കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയപ്പോള്‍ വ്യക്തതയും പൊതു രീതികളും നിയന്ത്രണങ്ങള്‍ക്ക് ഉണ്ടായിരുന്നു. അന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നടപടികളെ വിമര്‍ശിച്ചു. ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ചുമതലയായതോടെ കേരളത്തില്‍ ഒന്നും ചൊവ്വേ നേരേ അല്ലാത്ത സ്ഥിതി.
അശാസ്ത്രീയ നിയന്ത്രണങ്ങളും ചില പോലീസുകാരുടെ അമിതാവേശവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സൗഹാര്‍ദ്ദപരമല്ലാത്ത ഇടപാടുകളുമാണ് പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമാകുന്നത്. അടച്ചിടല്‍കൊണ്ട് രോഗവ്യാപനക്കുറവുമില്ല. അതാണ് ഇത്ര പ്രതിഷേധത്തിന് വഴിയാകുന്നത്.
മെയ് എട്ടിനാണ് രണ്ടാം ഘട്ട സമ്പൂര്‍ണ ലോക്ഡൗണ്‍ വന്നത്. രണ്ടുമാസം കഴിഞ്ഞെങ്കിലും ഇളവുകള്‍ കുറവ്. അശാസ്ത്രീയ നിബന്ധനകളാണ് രോഗ നിയന്ത്രണത്തില്‍ സര്‍ക്കാരിനെ പരാജയപ്പെടുത്തുന്നത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കടകള്‍ തുറക്കുന്നത് ചില ദിവസങ്ങളില്‍ മാത്രമാക്കുന്നത് വലിയ തിരക്കിന് കാരണമാകുന്നു. അതിന് പകരം ഓഫീസുകളുടെയും കടകളുടെയും പ്രവര്‍ത്തന സമയം കൂട്ടുകയാണ് വേണ്ടതെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.
രോഗവ്യാപന നിരക്ക് കൂടിയ പ്രദേശങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ ഒരുദിവസം തുറക്കാനാണ് അനുമതി. അന്ന് കടകളിലും റോഡുകളിലും വന്‍തിരക്കാണ്. നിയന്ത്രിക്കാന്‍ പോലീസിനും സാധിക്കുന്നില്ല. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴിന് തുറന്ന് വൈകിട്ട് ഏഴിന് അടയ്‌ക്കണം. തൊഴിലാളികളും മറ്റു ജീവനക്കാരും സാധനം വാങ്ങാനെത്തുന്ന സമയം ഇതാണ്. ഇത് തിരക്ക് കൂട്ടുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച ഒരു മണിക്കൂര്‍ സമയവര്‍ധന പ്രശ്‌നപരിഹാരമല്ല.
വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നെങ്കിലും വാടകയും കറന്റു ചാര്‍ജും വായ്പകള്‍ക്ക് പലിശയും നല്‍കേണ്ടി വരുന്നതിലെ രോഷമാണ് വ്യാപാരികളുടെ പ്രതിഷേധമായത്. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകളില്‍ കൊവിഡ് മാനദണ്ഡം പാലിക്കാതെയുള്ള നീണ്ട ക്യൂവാണ്. നിയന്ത്രണമൊന്നുമില്ല.
രണ്ട് മാസമായിട്ടും ലോക്ഡൗണ്‍ ഇളവുലഭിക്കാത്ത നിരവധി പഞ്ചായത്തുകളുണ്ട്. ഇവിടങ്ങളില്‍ സാധാരണ ജനങ്ങള്‍ വിഷമിക്കുകയാണ്. സ്വകാര്യസ്ഥാപനങ്ങളില്‍ പലര്‍ക്കും തൊഴില്‍നഷ്ടപ്പെട്ടിട്ട് മാസങ്ങളായി. മൂന്നാം ഘട്ടം അടുത്ത മാസങ്ങളില്‍ ഉണ്ടാകുമെന്നതിനാല്‍ ശാസ്ത്രീയ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: