മുംബൈ: കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ ചുമതല അമിത് ഷായ്ക്ക് നല്കിയ നടപടിയില്‍ മഹാവികാസ് അഘാദിയില്‍ അഭിപ്രായഭിന്നത. മഹാരാഷ്ട്രയിലെ സഹകരണമേഖലയില്‍ ഇടപെടാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍ പറഞ്ഞു. ‘കേന്ദ്ര സഹകരണമന്ത്രാലയം മഹാരാഷ്ട്രയില്‍ പ്രശ്നമുണ്ടാക്കുമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. കാരണം ഭരണാഘടനാപരമായി സഹകരണം എന്നത് സംസ്ഥാന സര്‍ക്കാരിന്റെ വിഷയമാണ്. അതേ സമയം പല സംസ്ഥാനങ്ങളില്‍ തുറക്കുന്ന സഹകരണസ്ഥാപനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാം,’ ശരത് പവാര്‍ പറഞ്ഞു.
അതേ സമയം സഹകരണവകുപ്പ് രൂപീകരിച്ചതിലും അമിത് ഷായെ അതിന്റെ തലപ്പത്ത് കൊണ്ടുവന്നതിനെയും ശിവസേന സ്വാഗതം ചെയ്തു. ഗുജറാത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന അമിത് ഷാ മന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുമെന്നും ശിവസേന വ്യക്തമാക്കി. ശിവസേന മുഖപത്രമായ സാമ്നയില്‍ എഴുതിയ ലേഖനത്തിലാണ് നയം വ്യക്തമാക്കിയിരിക്കുന്നത്. സഹകരണമേഖലയും രാഷ്ട്രീയവും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലെന്നും രണ്ടിടത്തും സൗകര്യങ്ങള്‍ക്കനുസരിച്ചാണ് എല്ലാം സംഭവിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.
അതേ സമയം മഹാരാഷ്ട്രയിലെ പഞ്ചസാരഫാക്ടറികളും സഹകരണപ്രസ്ഥാനവും തമ്മില്‍ അവിശുദ്ധകൂട്ടുകെട്ടുള്ളതായി ആരോപണമുണ്ട്. അമിത് ഷായുടെ വരവ് ശരത്പവാറിനെയും പവാര്‍ കുടുംബത്തെയും ആശങ്കാകുലരാക്കുന്നുണ്ട്. കാരണം.പഞ്ചസാരഫാക്ടറികളുടെ മറവില്‍ സഹകരണബാങ്കുകള്‍ വഴി വലിയ സാമ്പത്തിക അഴിമതി ഇവര്‍ നടത്തുന്നതായി പറയപ്പെടുന്നു. സേനയുടെയും എന്‍സിപി നേതാവ് ശരത്പവാറിന്റെയും രണ്ട് നിലപാടുകള്‍ മഹാവികാസ് അഘാദി സര്‍ക്കാരിലുള്ള അഭിപ്രായഭിന്നതകളുടെ മറ്റൊരു ഉദാഹരണം മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: