തിരുവനന്തപുരം:സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ടുപോയാല്‍ കൊല്ലമെന്ന് ഒളിമ്പ്യന്‍ മയൂഖ ജോണിയ്ക്ക് ഭീഷണി. ഊമക്കത്തായാണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണിക്കത്തില്‍ ഭയമുണ്ടെങ്കിലും കേസില്‍നിന്നും പിറകോട്ട് പോകില്ലെന്ന് മയൂഖ ജോണി മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
സുഹൃത്തിന്റെ ലൈംഗിക പീഡനക്കേസുമായി മുന്നോട്ടുപോയാല്‍ മയൂഖയെ മാത്രമല്ല, കുടുംബത്തേയും വധിക്കുമെന്നാണ് ഭീഷണി. തന്റെ സുഹൃത്തിനെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കി എന്ന ആരോപണം ചുങ്കത്ത് ജോണ്‍സണെതിരെയാണ് മയൂഖ ജോണി ഉന്നയിച്ചിരുന്നത്. ഇതിന് പിറകെയാണ് ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്.
ഇനി ചാടിയാല്‍ നിന്റെ കാല് ഞങ്ങള്‍ വെട്ടുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നും കത്തിലുണ്ട്. സുഹൃത്ത് ബലാത്സംഗത്തിനിരയായ കേസില്‍ പോലീസില്‍ നിന്നും നീതി ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മയൂഖ ജോണി ആദ്യ വാര്‍ത്താ സമ്മേളനം നടത്തിയത്.
2016 ജൂലായിലാണ് ചാലക്കുടി സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തിനിരയായതെന്ന് മയൂഖ ജോണി ആരോപിച്ചത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അയല്പക്കത്തെ വില്ലയില്‍ താമസിക്കുന്നയാള്‍ വീട്ടില്‍ കയറി കൂട്ടുകാരിയെ ലൈംഗിക പീഢനത്തിനിരയാക്കുകയും അതിന്റെ നഗ്ന വീഡിയോ ചിത്രീകരിച്ച ശേഷം പുറത്തറിയിച്ചാല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവിവാഹിതയായ പെണ്‍കുട്ടി അന്ന് പൊലീസില്‍ പരാതിപ്പെടാന്‍ ഭയന്നിരുന്നു. എന്നാല്‍ പിന്നീട് ഇതേ വ്യക്തി നഗ്ന വീഡിയോ കാണിച്ച് സുഹൃത്തിനെ ഭീഷണി്പ്പെടുത്തുകയും ഫോണിലൂടെ ശല്യപ്പെടുത്തുകയും ചെയ്തുവെന്ന് മയൂഖ ജോണി ആരോപിക്കുന്നു.
2018ല്‍ പെണ്‍കുട്ടി വിവാഹം കഴിച്ച ശേഷവും ഇതേ വ്യക്തി അവളെ ഭീഷണിപ്പെടുത്തത് തുടര്‍ന്നതായി പറയുന്നു. ഇതോടെ പൊലീസീല് പരാതിപ്പെട്ടു. എന്നാല്‍ തുടക്കത്തില്‍ ആവേശം കാട്ടിയ പൊലീസ് പിന്നീട് കൂട്ടുകാരിയെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. പ്രതിയെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: