കോഴിക്കോട്: സിപിഐ-സിപിഎം രാഷ്ട്രീയ പോരാട്ടം ഏറ്റവും പ്രകടമാകാറുള്ള കേരള കാര്‍ഷിക സര്‍വകലാശാലയില്‍ സിപിഎം യൂണിയന് നേതാവു കൂടിയായ അസിസ്റ്റന്റ കണ്‍ട്രോളര്‍ക്ക് സസ്പന്ഷന്. സി.വി. ബെന്നിയുടെ സസ്പന്‍ഷനു പിന്നില്‍ സിപിഐ യൂണിയന് നേതാക്കളാണെന്നും അതല്ല, കോണ്‍ഗ്രസ് യൂണിയനാണെന്നും പ്രചാരണമുണ്ട്. സസ്പന്ഷനിലായിരിക്കുന്നത് സിപിഎം അനുകൂല യൂണിയനായ അഗ്രിക്കള്‍ചറല്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.
ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് ഒരു വിഷയത്തില്‍ സിപിഎം പ്രാദേശിക നേതാക്കളുടെ എതിര്‍പ്പിനോട് പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരുന്നു. ഇത് സാമൂഹ്യമാധ്യമത്തില്‍ മോശം ഭാഷയില്‍ സിപിഎം നേതാവ് പ്രചരിപ്പിച്ചിരുന്നു. അതിനേക്കാള്‍ മോശം ഭാഷയില്‍ അസിസ്റ്റന്റ് കണ്ട്രോളര് ബെന്നി പ്രതികരിച്ചു. ഇത് സര്‍വീസ് ചട്ടലംഘനമാണെന്ന് കാണിച്ചുള്ള പരാതിയിലാണ് നടപടി.
സിപിഎം ഭരണത്തില്‍, സിപിഎം നേതാവിനെ സംരക്ഷിക്കാനേ പിണറായി സര്‍ക്കാര്‍ തയാറാകൂ എന്നറിയാവുന്ന പരാതിക്കാര്‍, യൂണിവേഴ്സിറ്റി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കും പരാതി നല്കി. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള എംപി, വനിതാ ജനപ്രതിനിധി തുടങ്ങിയ കാര്യങ്ങളും പരിഗണിക്കണമെന്നാണ് പരാതിയില്‍. ഇതോടെ ഒത്തുതീര്‍പ്പുകള്‍ക്കുള്ള എല്ലാ സാധ്യതകളും അടഞ്ഞതോടെയാണ് സസ്പന്ഷന്.
ജൂണ്‍ 28ന് മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സസ്പന്‍ഡ് ചെയ്തത്. സര്‍വകലാശാല പെന്ഷന് വിഭാഗത്തില്‍ അസി. കണ്‍ട്രോളറാണ്. അസോസിയേഷനും സിപിഐയുടെ സംഘടനയും ചേര്‍ന്ന് ഫെഡറേഷനും മറ്റുമുണ്ടെങ്കിലും ഇടതുഭരണകാലത്തുപോലും ഇരുകൂട്ടരും തമ്മില്‍ കലഹമാണ്. അതുകൊണ്ടുതന്നെ പരാതിക്ക് പിന്നില്‍ സിപിഐ യൂണിയന് നേതാക്കളാണെന്നാണ് സിപിഎം യൂണിയന് കരുതുന്നത്. കോണ്‍ഗ്രസ് സംഘടനയായ യൂണിയന് ഇതൊരു രാഷ്ട്രീയ വിഷയമാക്കാന്‍ പോലും താല്പര്യമില്ലെന്ന് വ്യക്തമാണ്. ഈ വിഷയത്തില്‍ അവരുടെ യൂണിയന് എന്തെങ്കിലും പരാതി നല്‍കിയതായി അറിവില്ല. അവര്‍ നോട്ടീസിലൂടെയെങ്കിലും പ്രചാരണം പോലും നടത്തിയിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: