നേതാവിനെ ഉണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും വളരെ എളുപ്പമുള്ള പണിയാണ്. എന്തെങ്കിലും സംശയം ഇക്കാര്യത്തില്‍ ഉണ്ടെങ്കില്‍ വിജയരാഘവന് സഖാവിനോട് ചോദിച്ചാല്‍ മതി. കൃത്യമായിരിക്കും ഉത്തരം. വല്ല സംശയവും തോന്നിയാല്‍ കൈ ഫോണില്‍ ചുരണ്ടി മാഡത്തിനെ വിളിച്ച് കാര്യം ധരിപ്പിക്കും. ഉന്നത നിലയിലായതിനാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഉത്തരം റെഡി. അടുത്തിടെ ഉയര്‍ന്നുവന്ന (അടുത്തിടെ മാത്രമല്ല, നേരത്തെയും) ഒരു ചോദ്യമുണ്ട്. മാണിസ്സാര്‍ ആരാണ്?
കേരളത്തിലെ ബഹുജനങ്ങള്‍ക്ക് ഇത്ര വലിയ സംശയമുണ്ടെന്ന് തോന്നുന്നില്ല. പാലായും മാണിയും തമ്മില്‍ പൊക്കിള്‍ക്കൊടി ബന്ധമാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അതിന്റെ അടുത്ത് വരെ എത്താവുന്ന ബന്ധമാണ്. ആ മാണിസ്സാര്‍ വരവുചെലവ് കണക്കായ ബജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയിലേക്ക് വരുന്നത് തടയാന്‍ സകല അടവുകളും വിദ്യകളും പയറ്റിയ പാര്‍ട്ടിയാണ് നമ്മുടെ വിജയരാഘവന് സഖാവിന്റെ പാര്‍ട്ടി. ഈ പാര്‍ട്ടിയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കില്‍ പ്രശ്നമുണ്ടാവില്ല. ഏത് കാര്യവും സാധാരണ രീതിയില്‍ കൈകാര്യം ചെയ്യലല്ല പാര്‍ട്ടി രീതി. പാര്‍ട്ടിയ്ക്ക് അതിന്റെതായ എയ്സ്തറ്റിക്സ്, വീക്ഷണം, നിലപാട് ഇത്യാദിയൊക്കെയുണ്ട്. ആ രീതി മനസ്സിലാവാത്തതാണ് ഇന്നത്തെ കണ്ഫ്യൂഷന് കാരണം.
നിയമസഭയില്‍ ധനകാര്യമന്ത്രിയെ ബജറ്റവതരിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതിനിടെ കൈയാങ്കളിയും കൈകൊട്ടിക്കളിയും ഉണ്ടായി എന്നത് വാസ്തവം.ടെക്നിക്കലി ബജറ്റവതരിപ്പിച്ചെങ്കിലും വൈകാരികമായി അതുണ്ടായില്ല. വികാരമാണ് പാര്‍ട്ടിയെ നയിക്കുന്നതെന്നറിയാവുന്ന വിദ്വാന്മാര് മാര്‍ക്സിയന്‍ സൗന്ദര്യ ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ അതിനൊക്കെ കിറുകൃത്യമായ വിശദീകരണം നല്‍കുകയും ചെയ്തു.
ഏതായാലും പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധം ക്ലച്ച് പിടിച്ചില്ല എന്നതത്രേ വാസ്തവം.മാണിസ്സാറിന്റെ അഴിമതിക്കെതിരെ നെഞ്ചുവിരിച്ചു നിന്നവര്‍ പോകപ്പോകെ മേപ്പടി സാറിനെ നെഞ്ചേറ്റുന്നതിലെത്തി എന്നിടത്താണ് വൈരുധ്യാത്മക ഭൗതികവാദത്തിന്റെ പ്രസക്തി. കേസും കോടതിയും പണ്ടേ ബൂര്‍ഷ്വകളുടെ പറ്റുപുസ്തകത്തില് പെടുത്തിയതിനാല്‍ അതിനെ ആ നിലയ്ക്കാണ് പാര്‍ട്ടി കൈകാര്യം ചെയ്യാറ്. പക്ഷേ, ആ ബൂര്‍ഷ്വാ സംവിധാനം ബഹുഭൂരിപക്ഷവും അംഗീകരിക്കുന്നതിനാല്‍ പൊടുന്നനെ അതൊന്നും തകര്‍ത്തെറിയാനാവില്ല എന്നത് മറ്റൊരു കാര്യം. അതുകൊണ്ടാണ് സഭയിലെ കസേരയും കംപ്യൂട്ടറും അടിച്ചു തകര്‍ത്തത്. പ്രതീകാത്മകമായി ചെയ്തതാണെങ്കിലും മാനസികമായി ബൂര്‍ഷ്വാ സംവിധാനമാണ് തകര്‍ത്തതെന്ന സമാധാനമായിരുന്നു പാര്‍ട്ടിക്ക്.
പക്ഷേ, കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തകിടംമറിയുമെന്ന് ആരറിഞ്ഞു. മാണിസ്സാറ് പണ്ട് അഴിമതിക്കാരനായിരുന്നെങ്കില്‍ ഇന്നങ്ങനെയല്ല; സ്വന്തം സാറാണ്. മാത്രമോ ആ സാറിനെക്കാള്‍ സ്നേഹത്തോടെയാണ് കുഞ്ഞുമാണിയെ പാര്‍ട്ടി നെഞ്ചേറ്റുന്നത്.
കോടതിയ്ക്കു പിന്നെ ഇമ്മാതിരി കന്നംതിരിവുകളില്‍ താല്പര്യമില്ലാത്തതിനാല് ‘ഉപ്പു തിന്നവരൊക്കെ വെള്ളം കുടിയ്ക്കണ ‘മെന്ന് കല്പിച്ചു. സന്ദിഗ്ദ്ധഘട്ടത്തില്‍ മാണിസ്സാറ് അഴിമതിക്കാരനാണെന്ന് വല്യ കോടതിയില്‍ പറയേണ്ടി വന്നു.
എന്നാല്‍ ആ പറഞ്ഞത് അതേ അര്‍ഥത്തിലല്ല മനസ്സിലാക്കേണ്ടത് എന്നത്രേ വിജയരാഘവ ഉവാച. മാര്‍ക്സിയന്‍ എയ്സ്തറ്റിക്സ് അറിഞ്ഞുകൂടാത്തതിന്റെ പ്രശ്നമാണതെന്ന് ‘എഴുത്താളരോ’ട് സഖാവ് പറഞ്ഞിട്ടുണ്ട്. മാണിസ്സാറ് ഒരു നിമിത്തമാണ്. ആ സാറല്ല വേറെ സാറാണ് അന്ന് ധനകാര്യം ചെയ്തിരുന്നതെങ്കില്‍ അയാള്‍ക്കെതിരെയാവും തിരിയുക. മാണിസ്സാര്‍ എന്ന മനുഷ്യന് നല്ലയാള്; ധനകാര്യം എടുത്താല്‍ പൊട്ട. അപ്പോള്‍ ആ ധനകാര്യ മാണിസ്സാറിനെതിരെ പാര്‍ട്ടി നടത്തിയതൊന്നും കുഞ്ഞുമാണിയുടെ പിതാശ്രീ മാണിസ്സാറിനെ ബാധിക്കയില്ലെന്നു ചുരുക്കം. നമ്മുടെ ഈയെമ്മുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ മനസ്സിലായേനെ. അപ്പൊ പ്രതിഷേധം സംഘടിപ്പിച്ച മാണിസ്സാര്‍ വേ… ഇപ്പോഴത്തെ ആത്മാവായ മാണിസ്സാര്‍ …റെ. അങ്ങനെ മാര്‍ക്സിയന്‍ ഡയലറ്റിക്സിന്റെ അരികുപറ്റി വരാത്തവരാണ് പാര്‍ട്ടിയെക്കുറിച്ച് ഇല്ലാവചനം പറയുന്നത്.
ഏത് കൊടും ക്രിമിനലായാലും അഴിമതിക്കാരനായാലും പാര്‍ട്ടി മൂശയിലൂടെ ഉരുകിയൊലിച്ചു വന്നാല്‍ ഡബ്ള്‍ ഓകെ. ഇനി സംശയമുള്ളവര്‍ വൈരുധ്യാത്മക ഭൗതികവാദത്തിന്റെ വരികളിലൂടെ നടക്കുക. എല്ലാം ശരിയാവും. ശരിയായതേ പാര്‍ട്ടി ചെയ്യൂ. പാര്‍ട്ടി ചെയ്തതേ ശരിയാവൂ. ഗണേശന്റെ പിതാശ്രീയെ നോക്കൂ. വല്ല സംശയം മനസ്സിന്റെ ഏതെങ്കിലും മൂലയിലുണ്ടെങ്കില്‍ അതൊക്കെ പോയിക്കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: