കോട്ടയം: സ്ഥാപക നേതാവും മാര്‍ഗ ദര്‍ശിയുമായ, അന്തരിച്ച കെ.എം. മാണി അഴിമതിക്കാരനാണെന്ന് സുപ്രീം കോടതിയില്‍ വിളിച്ചു പറഞ്ഞ സിപിഎമ്മിനും പിണറായി സര്‍ക്കാരിനും അടിയറവ് പറഞ്ഞ് കേരള കോണ്‍ഗ്രസും ജോസ് കെ. മാണിയും. ഈ വിഷയത്തില്‍ പ്രതികരണമേ വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. രാഷ്‌ട്രീയ പരിജ്ഞാനമില്ലാത്ത അഭിഭാഷകന് സംഭവിച്ച നാക്കുപിഴവെന്ന നിലയില്‍ വിഷയത്തെ ലഘൂകരിക്കാനാണ് സിപിഎം കേരള കോണ്‍ഗ്രസിനോട് നിര്‍ദേശിച്ചത്.
തന്നെ തോല്‍പ്പിച്ച, പിതാവിനെ അപമാനിച്ച സിപിഎമ്മിനെതിരെ ജോസ് കെ. മാണിക്കും പ്രതിഷേധമുണ്ടെങ്കിലും നാണക്കേട് സഹിക്കാനാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയില്‍ ചില വൈകാരിക പ്രതിഷേധങ്ങള്‍ ജോസ് കെ. മാണിക്കെതിരെ ഉയര്‍ന്നെങ്കിലും സിപിഎമ്മിന് വേദനയുണ്ടാക്കുന്ന തീരുമാനം വേണ്ടെന്നായിരുന്നു മറുപടി.
കടുത്ത നിലപാട് കൈക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണ് ജോസ് കെ. മാണിയും കൂട്ടരും. പരസ്യമായി പ്രതികരിച്ചാല്‍ സിപിഎമ്മിന്റെ അതൃപ്തിക്കിടയാക്കുമെന്ന നിസ്സഹായത ജോസിന്റെ വാക്കുകളിലുണ്ട്.
ഒരു മന്ത്രിപദവും ചീഫ്‌വിപ്പ് പദവിയും കാത്തു രക്ഷിച്ചാല്‍ മതിയെന്നാണ് പല നേതാക്കളുടെയും ചിന്താഗതിയെന്നും യോഗത്തില്‍ വ്യക്തമായി. സര്‍ക്കാര്‍ അഭിഭാഷകനിലൂടെ സിപിഎം നേതൃത്വം സുപ്രീം കോടതിയില്‍ സ്ഥാപിച്ചെടുത്ത കാര്യങ്ങള്‍ വിവാദമാക്കേണ്ടെന്നും പാര്‍ട്ടി പറയുന്നു. സുപ്രീം കോടതിയില്‍ കെ.എം. മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നാണ് നേതാക്കളുടെ പ്രതികരണം.
കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി പാര്‍ട്ടി നിലപാട് പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ടെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം. ഇത് ആവര്‍ത്തിക്കുകയും ഒപ്പം മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്തു.
ബാര്‍ക്കോഴ കേസില്‍ മാണിയെ കുടുക്കിയത് യുഡിഎഫ് കേന്ദ്രങ്ങളാണെന്ന രീതിയില്‍ പുതിയ വിവാദങ്ങളെ പ്രതിരോധിക്കാനും കേരള കോണ്‍ഗ്രസ് തീരുമാനിച്ചു. രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കോണ്‍ഗ്രസ് തീര്‍ത്ത കുരുക്ക് അന്നത്തെ പ്രതിപക്ഷം ഉപയോഗിച്ചു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാണിക്കെതിരെ രണ്ട് അന്വേഷണങ്ങള്‍ നടത്തിയെങ്കിലും ക്ലീന്‍ ചിറ്റ് ആണ് നല്‍കിയത്. അധികാരത്തില്‍ വന്ന ശേഷം ഇടതുമുന്നണി കെ.എം. മാണിയെ ദ്രോഹിച്ചിട്ടില്ല. പാലായില്‍ പൂര്‍ണകായ പ്രതിമ സ്ഥാപിച്ച് ആദരിക്കുകയാണ് ചെയ്തതെന്ന നിലപാടാണ് കേരള കോണ്‍ഗ്രസിന് ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: