തിരുവനന്തപുരം: സംസ്ഥാനത്തെ ദേശസാല്‍കൃത ബാങ്കുകള്‍ മുഖേന കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് സ്വര്‍ണ്ണം വെളുപ്പിച്ചു. പലബാങ്കുകളുടെ ലോക്കറുകളിലും അനധികൃതമായി സ്വര്‍ണ്ണം സൂക്ഷിച്ചിട്ടുമുണ്ട്. ബാങ്ക് മാനേജര്‍ മാരുടെ ഒത്താശയോടെയാണ് ഇത്.
വ്യാജ പേരില്‍ തിരുവന്തപുരത്തെ ബാങ്കുകളില്‍ നിരവധി അക്കൗണ്ടുകള്‍ തുടങ്ങിയതിന്റേ വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിരുന്നു.കണ്ണൂര്‍, കാസര്‍കോട് എറണാകുളം എന്നിവിടങ്ങളിലെ ബാങ്കുകളിലും ഇത്തരം അക്കൗണ്ടുകള്‍ ഉണ്ട്.
ചെന്നെയിലെ ഒരു ട്രാവല്‍ ഏജന്‍സിയുടെ പേരില്‍ സെക്രട്ടറിയേറ്റിനു സമീപമുള്ള ബാങ്കില്‍ എടുത്ത് അക്കൗണ്ടിലൂടെ കോടികളുടെ ഇടപാടുകളാണ് നടന്നത്. കവടിയാര്‍, വലിയവിള, മരുതംകുഴി എന്നിവിടങ്ങളിലെ ദേശസാത്കൃത ബാങ്കുകളിലും അക്കൗണ്ടും ലോക്കറും വ്യാജപേരുകളില്‍ എടുത്തിട്ടുണ്ട്. ബാങ്ക് മാനേജര്‍മാരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.
അടൂര്‍ സ്വദേശിയായ യുവതി, കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ്, ടൂര്‍ ഓപ്പറേറ്റര്‍ എന്നിവര്‍ ബാങ്കുകളില്‍ ലോക്കറുകള്‍ ലഭ്യമാകാന്‍ ഇടനിലക്കാരായി നിന്നതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്
മരുതംകുഴിയിലെ ബാങ്കില്‍ ലക്ഷങ്ങള്‍ നിക്ഷേപിക്കുകയും ലോക്കറില്‍ കിലോകണക്കിന് സ്വര്‍ണ്ണം സൂക്ഷിക്കുകയും ചെയത് ആള് ചെന്നെ വടപഴനി, മാമ്പലം എന്നിവിടങ്ങളിലെ ബാങ്കുകളിലും നിക്ഷേപവും ലോക്കറും ഉണ്ട്. 2011, 12 വര്‍ഷങ്ങളില്‍ വന്‍ തോതില്‍ ഈ അക്കൗണ്ടുകളിലേക്ക് പണം വന്നിരുന്നു.
സ്വര്‍ണ്ണം നിക്ഷേപിക്കാനായി ലോക്കര്‍ സൗകരം ഉപയോഗിച്ചവരുടെ അക്കൗണ്ടുകള്‍ സീറോ ബാലന്‍സ് ആണ്. സാധാരണ നല്ല ഇടപാടുകാര്‍ക്കാണ് ബാങ്കുകള്‍ ലോക്കര്‍ സൗകര്യം നല്‍കുക. കള്ളവിലാസത്തില്‍ സീറോ ബാലന്‍സ് അക്കൗണ്ടുാര്‍ക്ക് ലോക്കര്‍ നല്‍കിയത് ദുരുദ്ദേശത്തോടെയാണ്. സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട അറസ്റ്റിലായ അര്ജ്ജുന് ആയങ്കിയുടെ ഭാര്യയുടെ പേരിലും ലോക്കര്‍ ഉണ്ട്. അവരുടെ അക്കൗണ്ടും സീറോ ബാലന്‍സ് ആണ്.
സംശയമുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ബാങ്കുകള്‍ മുഖേന കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്തു സ്വര്‍ണ്ണം വെളുപ്പിച്ചെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണം പണയം വെച്ച് വന്‍ തുക ബാങ്കില്‍ നിന്ന് വാങ്ങും. പണയം തിരിച്ചെടുക്കില്ല. സ്വര്‍ണ്ണം ബാങ്ക് ലേലത്തില്‍ വെക്കും. പണയം വെച്ചവരുടെ തന്നെ ആളുകള്‍ ലേലം പിടിക്കും. സഹകരണ ബാങ്കുകളിലോ കെ എസ്എഫ്ഐയിലോ ഉള്ള നിക്ഷേപം ഉപയോഗിച്ചാണ് ലേലം പിടിക്കുക. അതോടെ സ്വര്‍ണ്ണം നിയമവിധേയമായതായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: