തിരുവനന്തപുരം: കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ കാറ്ററിംഗ് മേഖലയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഓള് കേരള കാറ്ററേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ കാറ്ററിംഗ് മേഖലയിലുള്ളവര്‍ സമരത്തിനിറങ്ങുന്നു. ചൊവ്വാഴ്ച ഓള് കേരള കാറ്ററേഴ്സ് അസോസിയേഷന് (എകെസിഎ) സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടേറിയേറ്റിനു മുമ്പില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ധര്‍ണ നടത്തും. അതേ ദിവസം സംസ്ഥാനത്തെ 14 ജില്ലകളിലേയും പ്രധാന ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ എകെസിഎ പ്രവര്‍ത്തകര്‍ നില്‍പ്പ് സമരവും നടത്തും.
സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ ലൈസന്‍സ് മാനദണ്ഡങ്ങളും പാലിക്കുന്ന 2400 ല്‍ അധികം അംഗങ്ങള്‍ ഉള്ള സംഘടനയാണ് കേരള കാറ്ററേഴ്സ് അസോസിയേഷന്. കാറ്ററിംഗ് വ്യവസായമായി ചെയ്യുന്ന അംഗങ്ങള്‍ കൂടാതെ ഒന്നരലക്ഷം ആളുകള്‍ക്ക് ഉപജീവന മാര്‍ഗം നല്കുന്ന മേഖലയാണ് കാറ്ററിംഗ്. വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മേഖലയിലുള്ളവരുടെ ഉപജീവനത്തിനുവേണ്ടിയുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ പല തവണ അറിയിച്ചിരുന്നു. ജൂണ്‍ 29,30 തീയതികളില്‍ സംസ്ഥാനത്തെ 140 എംഎല്‍എമാര്‍ക്കും ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ നല്‍കിയിരുന്നു. സര്‍ക്കാരില്‍ നിന്ന് യാതൊരുവിധ പരിഗണയും ലഭിക്കാത്തതിനാലാണ് പ്രത്യക്ഷ സമരപരിപാടിയിലേക്ക് നീങ്ങേണ്ട സാഹചര്യം ഉണ്ടായതെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി വി. സുനുകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ 100 പേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കല്യാണങ്ങള്‍ക്ക് അനുമതി നല്കാമെങ്കില് കേരളത്തില്‍ എന്തുകൊണ്ട് ആയിക്കൂടാ. നൂറുകണക്കിന് ആളുകള്‍ പോലീസ് സാന്നിധ്യത്തില്‍ പോലും കൊവിഡ് മാനദണ്ഡങ്ങള്അവഗണിച്ച് മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ വരിനില്‍ക്കുമ്പോള്‍ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഭക്ഷണവിതരണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നതിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരം മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നടത്താന്‍ തീരുമാനിച്ചതെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: