ചെന്നൈ: ഡിഎംകെ സഖ്യകക്ഷിയായ കൊംഗുനാട് മക്കള്‍ ദേശീയ കച്ചി(കെഎംഡികെ) നേതാവ് ഇ.ആര്. ഈശ്വരന് തമിഴ്നാട് നിയമസഭയില്‍ ജയ് ഹിന്ദ് ഉപയോഗത്തെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം രേഖകളില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എ ഐഎഡിഎംകെ നേതാവ് ഒ. പനീര്‍ശെല്‍വം.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഈ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്നും ഒഴിവാക്കാന്‍ മുന്‍കയ്യെടുക്കണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു.
ഭരണ ഘടന കേന്ദ്ര സര്‍ക്കാരിനെ ഗവണ്മെന്റ് ഓഫ് ഇന്ത്യ എന്ന് വിശേഷിപ്പിക്കുന്നതിനാല്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാരിനെ ഇന്ത്യാ സര്‍ക്കാര്‍ എന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു. ഗവര്‍ണറുടെ അഭിസംബോധനയില്‍ നിന്നും ജയ് ഹിന്ദ് ഒഴിവാക്കിയതിനാല്‍ തമിഴ്നാട്ടുകാര്‍ക്ക് തല ഉയര്‍ത്തിപ്പിടിക്കാമെന്ന കെഎംഡികെ എംഎല്‍എ ഈശ്വരന്റെ പ്രസ്താവനയെയും പനീര്‍ശെല്‍വം വിമര്‍ശിച്ചു. ‘ഇത് ഉചിതമാണോ? ഇത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ചേരുന്നതാണോ? എന്നിവയാണ് തമിഴ്നാട്ടിലെ ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍’.
പത്ത് ദിവസം മുമ്പാണ് ഇ.ആര്. ഈശ്വരന് തമിഴ്നാട് നിയമസഭയില്‍ ജയ് ഹിന്ദുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയത്. ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ഗവര്‍ണര്‍ നടത്തിയ പ്രസംഗത്തില്‍ “ജയ് ഹിന്ദ്” എന്ന അഭിസംബോധന ഒഴിവാക്കിയതിനെ അഭിനന്ദിച്ചുള്ളതായിരുന്നു ഇ.ആര്. ഈശ്വരന് നിയമസഭയില്‍ നടത്തിയ വിവാദപ്രസംഗം. ‘എഐഎഡിഎംകെ ഭരിയ്ക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ഡിഎംകെ അധികാരത്തില്‍ വന്ന ശേഷം ഗവര്‍ണറുടെ പ്രസംഗത്തില്‍ നിന്നും “ജയ് ഹിന്ദ്” നീക്കം ചെയ്യുകയുണ്ടായി. ഇതില്‍ തമിഴ്നാട്ടുകാര്‍ക്ക് തല ഉയര്‍ത്തിപ്പിടിക്കാം’- ഇതാണ് ഈശ്വരന് നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: