ഞാന്‍ മനസ്സിലാക്കിയിടത്തോളം ചിരിയെപ്പോലെ മൂല്യവത്തായ മറ്റൊന്നുമില്ല.’ ചിരി നിങ്ങളെ പ്രാര്ത്ഥനയോടടുപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ ചിരി മാത്രമാണ് പൂര്‍ണ്ണാനുഭവം. എല്ലാ കാര്യങ്ങളിലും നിങ്ങള്‍ ഭാഗികമായാണ് പങ്കെടുക്കുന്നത്. കുംഭ കുലുങ്ങുമാറ് പൊട്ടിച്ചിരിച്ചാല്‍ മാനസികവും ആത്മീയവും ശാരീരികവുമായി നിങ്ങള്‍ ഒരേ ഈണത്തില്‍ പ്രകമ്പനം കൊള്ളും. അതിനുശേഷം ചിരി വിശ്രമം നല്കുന്നു. വിശ്രമം ആത്മീയമാണ്. ചിരി നിങ്ങളെ ഭൂമിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നു. നിങ്ങളുടെ വിഡ്ഢിത്തങ്ങള്‍ നിറഞ്ഞ ലോകത്തു നിന്നും നിങ്ങളെ മോചിപ്പിക്കുന്നു. നിങ്ങളെ സത്യമെന്തെന്ന് ബോദ്ധ്യപ്പെടുത്തുന്നു. ഈ ലോകം ദൈവത്തിന്റെ ഒരു ലീലാവിലാസമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നു-ഒരു വിശ്വഫലിതം.
ഇത് ഒരു വിശ്വഫലിതമാണെന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ പോയാല്‍ ജീവിതത്തിന്റെ ആത്യന്തികമായ രഹസ്യം നിങ്ങള്‍ക്കൊരിക്കലും അറിയാന്‍ കഴിയില്ല.
എന്റെ അനുഭവത്തില്‍ ഏറ്റവും ശുദ്ധീകരിക്കുന്നതും ആരോഗ്യപ്രദവും ചൈതന്യപൂര്‍ണ്ണവും ഉന്മേഷ ദായകവുമായ പൂര്‍ണ്ണാനുഭവം ചിരി മാത്രമാണ്. ഫലിതാസ്വാദനത്തിലൂടെ ചിരി നിങ്ങള്‍ക്ക് ആദ്യമായി പൂര്‍ണ്ണാനുഭവം നല്കുന്നു. ഇതിന്റെ സവിശേഷത മാനസികമായ ഒരു അനുഭവം മാത്രമല്ല ഇതെന്നുള്ളതാണ്. തുടക്കം കുറിക്കുന്നത് മനസ്സിലാണെങ്കിലും അത് നിങ്ങളിലാകെ പടരുന്നു. ചിരിക്കുമ്പോള്‍ നിങ്ങളുടെ മനസ്സിന് ചിന്തിക്കാന്‍ കഴിയുന്നില്ല. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ അപ്പോള്‍ ചിന്താരാഹിത്യത്തിന്റെ തലം അനുഭവിക്കാന്‍ സാധിക്കും. ഇത് ഒരു ധ്യാനാനുഭവമാണ്.
ചിരി നിങ്ങളെ നിഷ്കളങ്കനാക്കുകയും, നിങ്ങള്‍ ചുമലിലേറ്റിയിരിക്കുന്ന അനാവശ്യ ഭാരങ്ങളില് നിന്ന് നിങ്ങളെ മോചിപ്പിക്കുകയും ചെയ്യുന്നു. മതങ്ങളെല്ലാം നിങ്ങളെക്കൊണ്ട് അനാവശ്യ ഭാരങ്ങള്‍ ചുമപ്പിക്കുകയാണ്.
ചിരിക്കാത്ത, ചിരിക്കാനനുവദിക്കാത്ത ദൈവത്തെ എനിക്ക് സങ്കല്പ്പിക്കാന് പോലും കഴിയില്ല. ദൈവമുണ്ടെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം ചിരിക്കുന്നുണ്ടാവാം. ഇരുപത്തിനാലു മണിക്കൂറും മാനവസമൂഹത്തെ നോക്കി അദ്ദേഹം ചിരിക്കുന്നുണ്ട്. എന്തൊക്കെ വിഡ്ഢിത്തങ്ങളാണ് നാം കാണിച്ചു കൂട്ടുന്നത്!
ഫലിതാ സ്വാദനം മനസ്സിന്റെ ഒരു ഭാഗമാണെന്നത് സത്യം. പക്ഷേ അത് അവിടെ അവസാനിക്കുന്നില്ല. നിങ്ങളുടെ ശരീരത്തിനും അതിലൊരു പങ്കുണ്ട്. ഫലിതാസ്വാദനത്തിന്റെ മറ്റൊരു വശം നിങ്ങളനുഭവിക്കുന്നത് മനസ്സിന്റെ അതിര് വരമ്പുകള്ക്കപ്പുറത്താണ്. അനുഭവത്തിന്റെ തലത്തില്‍ ഇവയെല്ലാം വ്യത്യസ്തങ്ങളാണ്.
ഫലിതങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അവ ഒരു ലളിതപ്രതിഭാസമല്ല. തികച്ചും നിഗൂഢമാണ് അവയുടെ പ്രവര്‍ത്തനം. ഒരു ഫലിതം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നിങ്ങള്‍ക്കറിയില്ല. അത് എങ്ങനെ നിങ്ങളുടെ അഗാധതയിലെത്തുന്നു? എങ്ങനെ ചിരിപ്പിക്കുന്നു? ഉത്തേജിതരാക്കുന്നു?
ഒരു ഫലിതം ഫലിതമാകുന്നത്, അപ്രതീക്ഷിതമായത് സംഭവിക്കുമ്പോള്‍ മാത്രമാണ്. ഫലിതം നിങ്ങള്‍ ധരിക്കാത്ത ഒരു ദിശയിലേക്ക് പെട്ടെന്ന് തിരിയുന്നു. ചിന്തിക്കാന്‍ നിങ്ങള്‍ക്ക് സമയം തരാതെ നിങ്ങളുടെ യുക്തിക്കതീതമായി അത് തിരിയുന്നു. എന്തെന്നാല്‍ ചിന്തിക്കാന്‍ മനസ്സിന് സമയം ആവശ്യമാണ്. ഫലിതം തെക്കോട്ടു പോകുന്നു. പെട്ടെന്ന് വലത്തോട്ട് വടക്കോട്ട് തിരിയുന്നു. അതിനനുസരിച്ച് നിങ്ങളുടെ മനസ്സും. അങ്ങനെ പ്രതീക്ഷിക്കാത്ത സമയത്തുള്ള ഫലിതത്തിന്റെ തിരിയലില്‍ മനസ്സ് നിശ്ചലമാകുന്നു. നിങ്ങള്‍ ചിന്താരാഹിത്യത്തെ അനുഭവിക്കുന്നു. മൗനവും ധ്യാനവും സംഭവിക്കുന്നു. ഒരു പ്രത്യേക ഊര്‍ജ്ജം നിങ്ങളില്‍ ഉടലെടുക്കുന്നു. അതോടൊപ്പം സംഘര്‍ഷവും തുടങ്ങുന്നു. നിങ്ങള്‍ ഉയര്‍ന്നുയര്‍ന്നു പോകുന്നു. പെട്ടെന്ന് നിങ്ങള്‍ പൊട്ടിച്ചിരിക്കുന്നു. ഒരു നിമിഷാര്‍ദ്ധത്തില്‍ അത് സംഭവിക്കുന്നു. മനസ്സ് നിശ്ചലമാകുന്നു. നിങ്ങള്‍ വിശ്രാന്തിയിലാകുന്നു.
ഫലിതം മനസ്സിലാക്കിയാല്‍ ആ നിമിഷം അതിന്റെ ആസ്വാദ്യത നഷ്ടപ്പെടുന്നു. യുക്തിപൂര്‍വ്വം ഫലിതത്തെ സമീപിച്ചാല്‍ ഫലിതം ഫലിതമല്ലാതാവും. ഫലിതാന്ത്യം പ്രവചനാതീതമായിരിക്കണം. യുക്തി അത് നഷ്ടപ്പെടുത്തുന്നു. പ്രവചനാതീത സ്വഭാവമാണ് ഫലിതത്തിന്റെ സൗന്ദര്യം. അത് നിങ്ങളെ ഞെട്ടിക്കുകയും പിടിച്ചു കുടയുകയും ചെയ്യുന്നു. നിങ്ങളെ ഉണര്‍ത്തുന്നു. രസകരമായ ഒരു ഫലിതം കേട്ടുകൊണ്ട് ഉറക്കം നടിക്കാന്‍ പോലും നിങ്ങള്‍ക്കാവില്ല.
എന്റെ ഫലിതങ്ങള്‍ നിങ്ങളെ ഭയപ്പെടുത്താന്‍ സാദ്ധ്യതയുണ്ട്. നിങ്ങളുടെ വിശ്വാസങ്ങളെ അവ പിടിച്ചുലക്കുന്നു. മതം ഗൗരവമേറിയ സംഗതിയാണെന്ന് നിങ്ങള്‍ കരുതുന്നു. എന്റെ വീക്ഷണത്തില്‍ മതം ഒരിക്കലും ഗൗരവം അര്‍ഹിക്കുന്നില്ല.
എന്റെ മതം ക്രീഢാ പൂര്‍ണ്ണമാണ്. ആത്മാര്‍ത്ഥമായ, ലളിതമായ, ഒട്ടും ഗൗരവമര്‍ഹിക്കാത്ത ഒന്ന്. ചിരി എന്റെ മതഭാവങ്ങളിലൊന്നാണ്.
ദുര്‍മുഖത്തോടെ ഒരു കുട്ടിയും ഭൂമുഖത്ത് പിറന്നു വീഴുന്നില്ല. അതിയായ സന്തോഷത്തോടെ ഈ ലോകത്തിലെത്തുന്ന അവന്റെ സന്തോഷം നശിപ്പിക്കുന്നത് നമ്മളാണ്. നിങ്ങളിലെ സന്തോഷം പുനഃസ്ഥാപിക്കാനാണ് എന്റെ ശ്രമം. നിങ്ങളുടെ ബാല്യകാലം നിങ്ങള്‍ക്ക് ഞാന്‍ തരുന്നു.
ചിരി നിങ്ങളുടെ ഉള്ളില്‍ നിന്നും ഊര്‍ജ്ജത്തെ ഉപരിതലത്തിലെത്തിക്കുന്നു. നിങ്ങളിലൂടെ ഊര്‍ജ്ജം ഒഴുകാന്‍ തുടങ്ങുന്നു. ചിരിക്കുമ്പോള്‍ നിങ്ങള്‍ ധ്യാനാവസ്ഥയെ പ്രാപിക്കുന്നു. ചിന്ത നിലയ്ക്കുന്നു. ചിരിക്കുകയും ചിന്തിക്കുകയും ഒരേ സമയത്ത് സാദ്ധ്യമല്ല. നൃത്തവും ചിരിയും പ്രകൃത്യാ ഉള്ളവയാണ്. നിങ്ങള്‍ നൃത്തം ചെയ്യുമ്പോഴും ചിന്ത അസാദ്ധ്യമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: