തൃശൂര്‍: രണ്ടുവര്‍ഷം മുമ്പ് ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നാട്ടുകാരിയായ യുവതിയ്ക്കും കുടുംബത്തിനും നീതി ലഭിക്കാനായി രാജ്യത്തിന്റെ അതിര്‍ത്തിയായ ലഡാക്കിലേക്ക് കാല്‍നടയാത്ര നടത്തുകയാണ് മുല്ലശേരി പറമ്പന്തളി സ്വദേശിയായ അരുണ്‍. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ മരിച്ച മുല്ലശ്ശേരി സ്വദേശിനി ശ്രുതി(26)യുടെ ഫോട്ടോയും ‘ജസ്റ്റിസ് ഫോര്‍ ശ്രുതി’യെന്നും ആലേഖനം ചെയ്തിട്ടുള്ള ജഴ്സി ധരിച്ചാണ് 31-കാരനായ അരുണിന്റെ യാത്ര.
പെരിങ്ങോട്ടുകര സ്വദേശിയായ ഇടതുപക്ഷ പ്രവര്‍ത്തകനുമായി 2019 ഡിസംബര്‍ 22നാണ് മുല്ലശ്ശേരി നരിയംപുള്ളി വീട്ടില്‍ സുകുമാരന്റെ മകള്‍ ശ്രുതി(26)യുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് 14-ാം ദിവസം ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ ശ്രുതിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ശ്രുതിയുടെ ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തില്‍ ശക്തിയായി ഞെരിച്ചതിന്റെ പാടുകള്‍ കണ്ടിരുന്നു. ഇതോടെയാണ് മകളുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ശ്രുതിയുടെ വീട്ടുകാര്‍ രംഗത്തെത്തിയത്.
ശ്രുതി മരിച്ച് രണ്ടു വര്‍ഷമായിട്ടും കേസമ്പേഷണം ഇഴഞ്ഞു നീങ്ങുകയാണ്. മറ്റൊരും സഹോദരിക്കും ശ്രുതിയെ പോലെയുള്ള അവസ്ഥയുണ്ടാകരുത്. യാത്രയില്‍ ജനങ്ങളുമായി ഇത്തരം കാര്യങ്ങളില്‍ സംസാരിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യും.
പറമ്പന്തളി ക്ഷേത്രത്തിനു മുന്നില്‍ നടന്ന ചടങ്ങില്‍ ശ്രുതിയുടെ ഫോട്ടോ പതിച്ച ജഴ്സി മുല്ലശേരി പഞ്ചായത്ത് ഒമ്പതാം വാര്‍ഡംഗം സജിത്ത് കൊച്ചു കൈമാറിയതോടെ അരുണിന്റെ യാത്ര തുടങ്ങി. ലഡാക്കില്‍ നിന്ന് തിരിച്ചുവരുമ്പോഴേക്കും ശ്രുതിയുടെ കേസില്‍ നീതി ലഭിക്കണമെന്നാണ് അരുണിന്റെ ആഗ്രഹം. രാത്രിയില്‍ പെട്രോള്‍ പമ്പുകളിലും വഴിയോരങ്ങളിലും ടെന്റടിച്ചാണ് ഉറക്കം.
നാലു ജോഡി വസ്ത്രങ്ങളും ടോര്‍ച്ചും മൊബൈല്‍ റീചാര്ജറും മാത്രമേ കൈവശമുള്ളൂ. മൂന്നു മാസത്തിനുള്ളില്‍ ലഡാക്കിലെത്തുമെന്നാണ് അരുണിന്റെ പ്രതീക്ഷ. പറമ്പന്തളി വെട്ടത്ത് വീട്ടില്‍ ഹരിദാസിന്റെ മകനാണ് അരുണ്‍. സന്നദ്ധ-സേവന രംഗത്ത് വര്‍ഷങ്ങളായി സജീവമാണ്. കൊവിഡ് കാലത്ത് ആര്ആര്ടിയായും പ്രവര്‍ത്തിച്ചു. വെല്‍ഡറായി ജോലി ചെയ്യുന്ന അരുണ്‍ അവിവാഹിതനാണ്. യൂട്യൂബില്‍ വോക്സ് ട്രാവല്‍ വ്ളോഗ്സിലൂടെ അരുണിന്റെ യാത്രയുടെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: