മാനന്തവാടി: അനധികൃത മരംമുറിയിലൂടെ വനംകൊള്ള നടത്തുന്നവരെന്ന് വിവാദത്തില്‍പ്പെട്ടവരുടെ ചായ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്. മരം മുറിച്ചതിന്റെ പേരില്‍ ഏറെ വിവാദങ്ങള്‍ നില നില്ക്കുന്ന എസ്റ്റേറ്റിലൂടെയുള്ള മന്ത്രിയുടെ കാല്‍നട യാത്രയും വിവാദമാവുന്നു.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് പനവല്ലിയില്‍ നിര്‍ദിഷ്ട ടൂറിസം കേന്ദ്രം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം കാണാനാണ് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എസ്റ്റേറ്റിലൂടെ നടന്നു പോയത്. നിര്‍ദിഷ്ട ടൂറിസം സ്ഥലത്തേക്ക് പോകുവാന്‍ കൊല്ലിക്കോളനി, മാപ്പളക്കൊല്ലിക്കോളനി തുടങ്ങിയ നാലോളം വഴികളുള്ളപ്പോഴാണ് മന്ത്രി വിവാദ പ്രദേശത്തെ വഴിയിലൂടെ യാത്ര ചെയ്തത്. എസ്റ്റേറ്റ് നടത്തിപ്പുകാരുടെ ഉടമസ്ഥതയിലുള്ള കാല്‍വരി ആശ്രമം നടത്തിയ ചായ സല്‍ക്കാരത്തിലും മന്ത്രി പങ്കെടുത്തു.
കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ കാല്‍വരി എസ്റ്റേറ്റില്‍ നിന്നും മുറിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് വനംവകുപ്പ് തന്നെ മരംമുറിക്കുന്നതിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ലോക്ഡൗണ്‍ കാലത്തായിരുന്നു മരംമുറി. അഞ്ഞൂറിലധികം വര്‍ഷം പഴക്കമുള്ള വീട്ടിമരങ്ങള്‍, തേക്കുകള്‍, കുന്നി തുടങ്ങിയവയാണ് ഇവിടെ മുറിച്ചത്. നൂറ് ഏക്കര്‍ വരുന്ന എസ്റ്റേറ്റ് മുഴുവന്‍ വെട്ടി വെളുപ്പിക്കാനായിരുന്നു ശ്രമം. ഇതിനെതിരെ പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് അനധികൃത മരംമുറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
ഇത്തരം വിവാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് മന്ത്രി ഉടമസ്ഥരുടെ ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തത്. മന്ത്രിയോടൊപ്പം ഒ.ആര്. കേളു എംഎല്‍എ, ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥരും സിപിഎം നേതാക്കളുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: