കൊറോണ കാലത്തോ പാര്‍ലമെന്റിന്റെ പുതിയ മന്ദിര (സെന്‍ട്രല്‍ വിസ്ത) നിര്‍മ്മാണം? പ്രതിപക്ഷ കക്ഷികളുടെ ചോദ്യം ഇങ്ങനെയാണ്. അല്ലെങ്കിലും എന്തിനാണ് ഇപ്പോള്‍ വന്‍തുക ചെലവാക്കി ദല്‍ഹിയില്‍ ഇങ്ങനെ ഒരു നിര്‍മ്മിതി? മരങ്ങള്‍ മുറിക്കേണ്ടിവരില്ലേ? പരിസ്ഥിതി ആഘാതമാവില്ലെ? കോണ്‍ഗ്രസ് തുടങ്ങിവച്ച സംശയം ഇടതുപക്ഷവും ഏറ്റുപിടിച്ചു. ഇതുകേട്ട് ചിലര്‍ കോടതികളിലേക്കോടി. സെന്‍ട്രല്‍വിസ്ത നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി ദല്‍ഹി ഹൈക്കോടതി കയ്യോടെ തള്ളി. പിന്നെ ഓടി സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതിയുടെ വിധി സുപ്രീം കോടതിയും ആവര്‍ത്തിച്ചു. അനാവശ്യമായി കോടതിയില്‍ വന്നതിന് ഓരോലക്ഷം രൂപ പിഴയും ചുമത്തി. തടസങ്ങളെല്ലാം നീങ്ങിയതോടെ സെന്‍ട്രല്‍ വിസ്ത പദ്ധതി നടപ്പാകുമെന്നുറപ്പായി.
ഇന്ത്യന്‍ തലസ്ഥാന നഗരിയായ ന്യൂദല്‍ഹിയുടെ പ്രധാന പാതയായ സന്‍സദ് മാര്‍ഗിലാണ് പാര്‍ലമെന്റ് ഭവനം സ്ഥിതി ചെയ്യുന്നത്. 1912-1913 കാലഘട്ടത്തില്‍ പ്രശസ്ത വാസ്തുശില്പികളായ സര് എഡ്വിന് ല്യുട്ടെന്‍സ്, സര് ഹെബേര്‍ട്ട് ബേക്കര്‍ എന്നിവര്‍ രൂപകല്പന ചെയ്ത വൃത്താകൃതിയിലുള്ള ഒരു മന്ദിരമാണ് പാര്‍ലമെന്റ് ഭവനം. 1921 ഫെബ്രുവരി 12ന് തറക്കല്ലിട്ടു. 83ലക്ഷം രൂപയ്ക്ക് പണി പൂര്‍ത്തിയായ മന്ദിരം 1927 ജനുവരി 18ന് അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്ന ഇര്വിന് പ്രഭു ഉദ്ഘാടനം ചെയ്തു. ആറ് ഏക്കറിലായി മന്ദിരം വ്യാപിച്ചുകിടക്കുന്നു. വൃത്താകൃതിയിലുള്ള ഈ മന്ദിരത്തിന്റെ വ്യാസം 560 അടിയാണ്. മന്ദിരത്തിന് ചുറ്റുമായി 144 വന്‍തൂണുകള്‍ ഉണ്ട്. ഇവ ഓരോന്നിന്റെയും ഉയരം 270 അടിയാണ്. 12 കവാടങ്ങള്‍ മന്ദിരത്തിനുണ്ട്. ഇതില്‍ സന്‍സദ് മാര്‍ഗിലുള്ള ഒന്നാമത്തേതാണ് പ്രധാനകവാടം.
ലോകസഭയുടെ പരമാവധി അംഗസംഖ്യ 552വരെയാകാം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 530ല്‍ കവിയാതെയും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്ന് 20ല്‍ കവിയാതെയും അംഗങ്ങള്‍ ഉണ്ടാകാം.
ലോക സഭയുടെ കാലവധി സാധാരണ അഞ്ചു വര്‍ഷമാണ്. പക്ഷേ, ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയില്‍ ലോകസഭയെ പിരിച്ചു വിടാനും വീണ്ടും ഒരു ലോകസഭ തെരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം രാഷ്ട്രപതിയില്‍ നിക്ഷിപ്തമാണ്. ലോകസഭയിലേക്ക് ഇന്ത്യയിലെ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട് ഒരു അംഗമാകണമെങ്കില്‍ ഇന്ത്യന്‍ പൗരത്വവും 25ല്‍ കുറയാതെ വയസ്സും ഉണ്ടായിരിക്കണം.
ഇപ്പോള്‍ ലോകസഭയില്‍ 545 അംഗങ്ങള്‍ ഉണ്ട്. ഇതില്‍ 530 അംഗങ്ങള്‍ സംസ്ഥാനങ്ങളില്‍ നിന്നും 13 അംഗങ്ങള്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും രണ്ടുപേര്‍ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തെ പ്രധിനിധീകരിച്ച് രാഷ്ട്രപതി നിര്‍ദ്ദേശിക്കുന്നതുമാണ്.
രാജ്യസഭയില്‍ നിലവില്‍ 245 അംഗങ്ങളുണ്ട്. ഒരംഗത്തിന്റെ കാലാവധി 6 വര്‍ഷമാണ്. മാറിയ കാലത്തിനനുസരിച്ചുള്ള സംവിധാനങ്ങളും സൗകര്യങ്ങളും നൂറ്റാണ്ട് പിന്നിട്ട മന്ദിരത്തിനില്ലാത്ത സാഹചര്യത്തിലാണ് സെന്‍ട്രല്‍വിസ്തയെന്ന സങ്കല്‍പ്പം ലക്ഷ്യത്തിലെത്തിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനിച്ചത്.
ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന തത്വത്തില്‍ അധിഷ്ഠിതമായി 64,500 സ്ക്വയര്‍മീറ്ററിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം. 4 നിലയുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ ചെലവ് 971കോടി രൂപയാണ്. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ പുതിയ പാര്‍ലമെന്റ് മന്ദിരം യാഥാര്‍ത്ഥ്യമായിരിക്കും. അതായത് 21 മാസത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും.
നമ്മുടെ സംസ്കാരത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ത്രികോണാകൃതിയിലുള്ള രൂപകല്‍പ്പനയാണ് ചെയ്തിരിക്കുന്നത്. പ്രാദേശിക കല, കരകൗശലം, വാസ്തുവിദ്യ എന്നിവയ്ക്കൊപ്പം ഭാരത സംസ്കാരത്തിന്റെയും അദ്വിതീയ ഉദാഹരണമായിരിക്കും അകത്തളങ്ങളുടെ അലങ്കാരങ്ങള്‍. ഭൂമി കുലുക്കത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ശക്തമായ സുരക്ഷാസംവിധാനവും ഉണ്ട്.
ഓരോ പാര്‍ലമെന്റ് അംഗത്തിനും പ്രത്യേകം ഓഫീസ്മുറികള്‍ ഉണ്ടാകും. ശ്രം ശക്തിഭവന്‍ സമീപത്തായാണ് ഇവ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യയും ഈ ഓഫീസിലുണ്ടാവും. ഭാരതത്തിന്റെ മഹത്തായ പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന കമ്മിറ്റി മുറികള്‍, ലൈബ്രറി, കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍, ഭക്ഷണം കഴിക്കാനുള്ള മുറികള്‍ എന്നിവ ഇതിലുണ്ടാവും.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തിനുശേഷം പഴയകെട്ടിടം അതേപടി നിലനിര്‍ത്തി ഉപയോഗിക്കും. രണ്ട് കെട്ടിടങ്ങളും യഥാക്രമം ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും. പഴയ കെട്ടിടത്തിന്റെ ചരിത്രപരമായ പ്രാധാന്യം പ്രത്യേകം ശ്രദ്ധനല്‍കി സംരക്ഷിക്കും.
കോളനിവാഴ്ച കാലത്ത് നിര്‍മ്മിക്കപ്പെട്ട രക്തസാക്ഷി സ്മാരകത്തിന് മുന്നില്‍ ദേശീയ യുദ്ധസ്മാരകം നിര്‍മ്മിച്ചതിന് സമാനമായാണ് പഴയ കെട്ടിടത്തിന് മുന്നില്‍ സ്വയംപര്യാപ്ത ഭാരതത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉയരുന്നത്.
രാഷ്ട്രപതി ഭവന് മുതല്‍ രാജ്പഥിന് ഇരുവശത്തുമുള്ള 3 കിലോമീറ്റര്‍ മേഖലയില്‍ ഇരുവശത്തുമായാണ് സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണം പുരോഗമിക്കുന്നത്. ഈ കെട്ടിടങ്ങളില്‍ ഭൂരിഭാഗവും 1931നുമുമ്പു പണികഴിപ്പിച്ചവയാണ്.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാകണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള സഹകരണവും ആശയവിനിമയവും നല്ല രീതിയില്‍ നടക്കണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചല്ല നിലവിലെ സെന്‍ട്രല്‍ സെക്രട്ടേറിയറ്റിന്റെ ഘടന. അതുകൊണ്ടുതന്നെ സെന്‍ട്രല്‍ വിസ്ത അനിവാര്യമായ ഒന്നാണ്.
4 പ്ലോട്ടുകളിലായി ഇരുവശത്തും 10 ഓഫീസ് കെട്ടിടങ്ങളുണ്ടാകും. ഇതോടെ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള മുഴുവന്‍ മന്ത്രാലയങ്ങളും ഓഫീസുകളും ഒരു സ്ഥലത്താവും. ഈ കെട്ടിടങ്ങളിലേക്കുള്ള പ്രവേശനത്തിനായി മെട്രോ സ്റ്റേഷനില്‍ നിന്നും തുരങ്കമുണ്ടാകും. പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് ഉപരാഷ്ട്രപതിയുടെ വസതി, ഓഫീസ് എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കേരള നിയമസഭാമന്ദിരം നിര്‍മ്മിച്ചത് നമുക്കറിയാം. നൂറുകോടിയിലധികം ചെലവിട്ട് തീപ്പെട്ടി മാതൃകയില്‍ ഒരു രാവണന്‍കോട്ട. ലോകത്തിന് തന്നെ മാതൃകയായ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന് സാങ്കേതിക വിദ്യയില്‍ ഊന്നിയുള്ള പരിവര്‍ത്തനം അനിവാര്യമല്ലെ ? അതല്ലെ സെന്‍ട്രല്‍ വിസ്ത. നരേന്ദ്രമോദിയെ അന്ധമായി എതിര്‍ക്കാം. പക്ഷേ രാജ്യപുരോഗതിക്ക് തടയിടാന്‍ നോക്കണോ എന്നതാണ് പ്രസക്തമായ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: